എം-സോണ്‍ റിലീസ് – 2488
എലി റോത്തിന്റെ സംവിധാനത്തിൽ 2013 ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് അഡ്വഞ്ചർ ഹൊറർ ചിത്രമാണ് “ദി ഗ്രീൻ ഇൻഫെർണോ.” ന്യൂയോർക്ക് കോളേജിൽ പുതുമുഖമായ നായിക ജസ്റ്റിന് അതേ കോളേജിൽ പഠിക്കുന്ന അലഹാൻഡ്രോയുടേയും, കാമുകി കാരയുടേയും നേതൃത്വത്തിലുള്ള ഒരു സോഷ്യൽ ആക്ടിവിസം ഗ്രൂപ്പിൽ പ്രവർത്തിക്കാനൊരു താല്പര്യം തോന്നുന്നു.
പെറുവിന്റെ ഭാഗമായ ആമസോൺ വനാന്തരങ്ങളിലെ വൻ പ്രകൃതിവാതക നിക്ഷേപം ലക്ഷ്യമാക്കിക്കൊണ്ട് പെറുവിലെ ഒരു പ്രൈവറ്റ് കോർപ്പറേഷൻ അവിടുത്തെ തദ്ദേശീയ ഗോത്രങ്ങളെ കൊല്ലാനും അവരെ കുടിയൊഴിപ്പിക്കാനും ആസൂത്രണം ചെയ്യുന്നു. ഇതിനെതിരെ പ്രതിഷേധിക്കാനാണ് അലഹാൻഡ്രോയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അടുത്ത ലക്ഷ്യം. ഇത്തവണത്തെ ധൗത്യത്തിൽ അവരോടൊപ്പം ജസ്റ്റിനും ഉണ്ട്.
അങ്ങനെ അവർ പെറുവിലെ പ്രശ്‌നബാധിത മേഖലയിൽ എത്തുകയും അവിടുന്ന് പ്രതിഷേധിക്കാൻ തുടങ്ങുകയും ചെയ്യുന്നു. തുടർന്ന് അവരുടെ പ്രതിഷേധ പ്രകടനങ്ങൾ ലോകശ്രദ്ധ നേടുകയും, പ്രവർത്തകർ നിരവധി പ്രശംസകൾ ഏറ്റുവാങ്ങുകയും ചെയ്യുന്നു. അങ്ങനെ അവർ അവരുടെ ലക്ഷ്യം പൂർത്തീകരിച്ച് മടങ്ങുമ്പോൾ അവരുടെ വിമാനം തകരുകയും അവർ അവിടെയുള്ള ഒരു കാട്ടിൽ അകപ്പെടുകയും ചെയ്യുന്നു.
യാഥാർത്ഥത്തിൽ അത് രക്തദാഹിയായ നരഭോജികൾ പാർക്കുന്ന ഇടമായിരുന്നു. അത് മനസ്സിലാക്കാൻ അവർക്കധികം സമയമൊന്നും വേണ്ടിവന്നില്ല. നരഭോജികളുടെ ഇടയിൽ അകപ്പെട്ടുപോയ ഒരു കൂട്ടം പ്രവർത്തകർ നേരിടുന്ന ദുരിതങ്ങളും, അവിടുന്ന് രക്ഷപ്പെടാൻ അവർ നടത്തുന്ന ശ്രമങ്ങളുമൊക്കെയാണ് ഈ സിനിമയിലുള്ളത്. ഹൊറർ, അഡ്‌വെഞ്ചർ സിനിമകൾ ഇഷ്ടപ്പെടുന്നവരെ ഒട്ടും നിരാശപ്പെടുത്താത്ത സിനിമയാണ്
“ദി ഗ്രീൻ ഇൻഫെർണോ.”