എം-സോണ് റിലീസ് – 2504
ഭാഷ | ടർക്കിഷ് |
സംവിധാനം | Atalay Tasdiken |
പരിഭാഷ | ഡോ. ജമാൽ |
ജോണർ | ഡ്രാമ, ഫാമിലി |
ഫീൽ ഗുഡ് സിനിമകളെ പോലെ ഫീൽ ബാഡ് സിനിമകളും ആസ്വദിക്കാൻ കഴിയുന്നവർക്ക് ധൈര്യമായി കാണാവുന്ന ഒരു കൊച്ചു ടർക്കിഷ് സിനിമയാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള മൊമ്മോ. തീരെ ചെറു പ്രായത്തിൽ സ്വന്തം ഉമ്മയെ നഷ്ടപ്പെടുകയും പിതാവ് ഉപേക്ഷിച്ചു പോവുകയും ചെയ്ത രണ്ട് കുട്ടികളുടെ കഷ്ടപ്പാടുകളുടെയും മാനസിക പിരിമുറുക്കങ്ങളുടെയും കഥയാണ് മൊമ്മോ.
ഉമ്മയുടെ മരണ ശേഷം ഉപ്പ വേറെ കല്യാണം കഴിക്കുകയും രണ്ടാം ഭാര്യ ഈ കുട്ടികളെ സ്വീകരിക്കാൻ തയ്യാറാവാതിരിക്കുകയും ചെയ്തതോടെ അഹ്‌മെദ് എന്ന ബാലനും അവന്റെ കുഞ്ഞു സഹോദരി അയ്‌ഷെയും അവരുടെ ഉപ്പാപ്പയുടെ സംരക്ഷണയിൽ കഴിയേണ്ടി വന്നു. ഉപ്പാപ്പയാണെങ്കിൽ അസുഖം മൂലം അവശനാണ് . കുട്ടികളുടെ ഉപ്പ അങ്ങേയറ്റം അലസനും മക്കളോട് യാതൊരുവിധ സ്നേഹമോ ഉത്തരവാദിത്തമോ ഇല്ലാത്തയാളുമാണ്. പെൺകുട്ടിയെ അയാൾ ഒരു ധനിക കുടുംബത്തിനു ദത്ത് പുത്രിയെ പോലെ കൈമാറാൻ ഒരുങ്ങുകയാണ്. തന്റെ ശവത്തിൽ ചവിട്ടി മാത്രമേ ആ കുട്ടികളെ അവിടെ നിന്നു കൊണ്ട് പോകാൻ പറ്റൂ എന്ന് ഉപ്പാപ്പ അയാളോട് കയർക്കുന്നു.
കുട്ടികളുടെ ഉമ്മയുടെ സഹോദരിയും കുടുംബവും ജർമ്മനിയിലാണ്. അവർ കുട്ടികളെ അങ്ങോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ടെങ്കിലും നിയമങ്ങളുടെ കുരുക്കിൽ പെട്ടു അത് നീണ്ടു പോകുന്നു. ജർമ്മനിയിലേക്ക് രക്ഷപ്പെടാം എന്ന സന്തോഷത്തിലാണ് അഹ്‌മെദും അയ്‌ഷെയും. നിയമക്കുരുക്കുകൾ ഉടൻ നീങ്ങും എന്ന പ്രതീക്ഷയിൽ ഉപ്പാപ്പയും ദിവസങ്ങൾ തള്ളി നീക്കുന്നു. ജർമ്മനിയിലെ അമ്മായിയുടെ അടുക്കലേക്കു കുട്ടികളെ പണം തരാതെ വിട്ട് നൽകാൻ ഉപ്പ തയ്യാറല്ല. കുട്ടിയെ ദത്ത് നൽകാനുള്ള തീരുമാനവുമായി അയാൾ മുന്നോട്ടു പോകുന്നു. ആരുടെ തീരുമാനം നടപ്പിലാവും എന്നത് സിനിമ കണ്ടു തന്നെ മനസിലാക്കുക.
ക്ലൈമാക്സ് എന്ത് തന്നെ ആയാലും എടുത്തു പറയത്തക്ക പലതും ഈ ചിത്രത്തിലുണ്ട്. കുഞ്ഞനിയത്തിയുടെ രക്ഷിതാവായി സ്വയം ഉയർന്ന അഹ്‌മെദും അനിയത്തിയും തമ്മിലുള്ള ആത്മബന്ധം തന്നെ അതിൽ പ്രധാനം. അഹ്‌മെദ് ആയി അഭിനയിച്ച ബാല നടനാണ് ഈ സിനിമയുടെ നട്ടെല്ല്. അവന് നഷ്ടപ്പെട്ടത് ഉമ്മ മാത്രമല്ല, ഉപ്പയും, തന്റെ ബാല്യവും കൂടിയാണ്. ദാരിദ്ര്യം, വിശപ്പ്, ഉപ്പയുടെ അവഗണന എന്നിവ തളർത്തിയ അവന്റെ ഭാവം മാത്രമല്ല, ശരീര ഭാഷ വരെ നമ്മെ വേദനിപ്പിക്കും. അതാണ് അഭിനയം. ആ കഥാപാത്രമായി അവൻ ജീവിച്ചു. പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള ജ്യേഷ്ഠനായി അവൻ മാറുന്നു. അനിയത്തിയുടെ എല്ലാ കാര്യങ്ങളിലും അവൻ അതീവ ശ്രദ്ധ പുലർത്തുന്നു. ഇടം വലം അവൾക്കു കാവലാകുന്നു. കാര്യങ്ങളുടെ ഗൗരവം മനസിലാക്കാൻ പ്രായമായിട്ടില്ലാത്ത അനിയത്തിയായി അഭിനയിച്ച ബാലനടിയും വളരെ മികവ് പുലർത്തി.
കുട്ടികൾ തമ്മിലുള്ള സംഭാഷണങ്ങൾ ആരെയും നൊമ്പരപ്പെടുത്തും. അവരുടെ മാത്രമായ ചെറിയ ലോകത്ത് അവരോടൊപ്പം നമ്മളും സഞ്ചരിക്കുമ്പോൾ, ആദ്യ സീൻ മുതൽ അവസാനം വരെ ഒരു പിരിമുറുക്കം നമുക്ക് അനുഭവപ്പെടും. നമ്മുടെ തന്നെ പഴയ ഓർമ്മകൾ ചികഞ്ഞാൽ മിക്കവർക്കും സ്വന്തം നാട്ടിലോ കുടുംബത്തിലോ ഇതുപോലെയുള്ള ജീവിതങ്ങൾ കാണാൻ കഴിയും എന്നുറപ്പാണ്. തുർക്കിയുടെ ഒരു ഒറ്റപ്പെട്ട ഗ്രാമമാണ് കഥാ പശ്ചാത്തലം. കഥയുടെ മൂഡുമായി ഇഴുകി ചേർന്ന് പോകുന്ന തരത്തിലുള്ള ലൊക്കേഷനുകളും ക്യാമറ വർക്കും back ground മ്യൂസിക്കുമെല്ലാം സിനിമയെ കൂടുതൽ മികവുറ്റതാക്കുന്നു. അലസനായ പിതാവായും ശരീരികവും മാനസികവുമായി തളർന്ന ഉപ്പാപ്പയായും അഭിനയിച്ച നടന്മാരും ഗംഭീര പ്രകടനം തന്നെ കാഴ്ചവച്ചിരിക്കുന്നു. International Children’s Film Festival ലിൽ മികച്ച ചിത്രം, മികച്ച സംവിധാനം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഈ ചിത്രം നേടിയിട്ടുണ്ട്.