എം-സോണ് റിലീസ് – 2518
ഭാഷ | കൊറിയൻ |
സംവിധാനം | Park Shin Woo |
പരിഭാഷ | ജീ ചാങ്ങ് വൂക്ക്, ശ്രുതി രഞ്ജിത്ത്, |
ജോണർ | ഡ്രാമ, റൊമാൻസ് |
എന്താണ് പ്രണയം?
ചിലർക്ക് അത് സ്വയം കണ്ടെത്തലിലേക്കുള്ള യാത്രയാണ്. ചിലർക്ക്, അത് ഹൃദയ വികാരങ്ങൾ പരസ്പരം പങ്ക് വെക്കുന്നതാണ്. ഇനിയും ചിലർക്ക്, പണ്ടെന്നോ മറന്ന, വീണ്ടെടുക്കാനാവാത്ത ഒരോർമ്മ മാത്രവും.
പ്രണയാനുഭവങ്ങളുടെ നേര് തേടിയുള്ള ഒരു യാത്രയാണ് Lovestruck in the City. ഒരു നഗരത്തിലെ 6 പേർ പ്രേക്ഷകരോട് അവരുടെ സ്വപ്നങ്ങളെപ്പറ്റിയും, പ്രണയസാക്ഷാത്ക്കാരത്തെപ്പറ്റിയും മോഹഭംഗങ്ങളെപ്പറ്റിയുമൊക്കെ നേരിട്ടു വിവരിക്കുന്ന മോക്യൂമെന്ററി രീതിയിലാണ് സീരീസ് ആരംഭിക്കുന്നത്.
അവധിക്കാലം ആസ്വദിക്കാൻ യാങ് യാങ് ബീച്ചിൽ എത്തിയപ്പോഴാണ് പാർക്ക് ജേ വോൺ, യൂൻ സോ-നായെ കണ്ടു മുട്ടിയതും പ്രണയത്തിലാവുന്നതും. സ്വപ്നതുല്യമായ പ്രണയദിനങ്ങൾക്ക് ശേഷം, സോളിൽ വെച്ചു വീണ്ടും കാണാം എന്ന് പറഞ്ഞ് അവർ പിരിയുന്നു. എന്നാൽ സോളിൽ എത്തിയ പാർക്ക് ജേ വോണിനെ കാത്തിരുന്നത്, ഇനിയൊരിക്കലും തമ്മിൽ കാണില്ല എന്ന അപൂർണ്ണമായ ഒരു ഫോൺ സന്ദേശം മാത്രം. യൂൻ സോ നായെ തേടിയുള്ള തന്റെ അന്വേഷണത്തിന് ഒടുവിൽ പാർക്ക് വീണ്ടും അവളെ കണ്ടുമുട്ടുന്നു, മറ്റൊരു പേരിലും ഭാവത്തിലും. വീണ്ടും കണ്ടപ്പോൾ പൂർണമായും അവൾ മറ്റൊരാളായിരുന്നു. താനൊരുപാട് ഇഷ്ടപ്പെട്ടിരുന്ന എപ്പോഴും ചിരിച്ചുകൊണ്ടിരുന്ന യൂൻ സോ നാ യഥാർഥത്തിൽ ആരായിരുന്നു? എന്തിനാണ് ഒരു അപരവ്യക്തിത്വത്തെ സൃഷ്ടിച്ച് പ്രണയം നടിച്ച്, തന്റെ ഹൃദയം തകർത്ത്, അവൾ കടന്നുകളഞ്ഞത് എന്നറിയാനുള്ള പാർക്ക് ജേ വോന്റെ അന്വേഷണമാണ് തുടർന്നുള്ള കഥ.
ബ്രേക്കപ്പ് എന്ന അവസ്ഥയെ വളരെ യാഥാർത്ഥ്യ ബോധത്തോടെ, പക്വതയോടെ ചിത്രീകരിച്ചിരിക്കുന്നതിലാണ് സീരീസിന്റെ മികവ്. പ്രണയത്തിന്റെ എല്ലാ അവസ്ഥകളിലൂടെയും കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകരും സഞ്ചരിക്കുന്നു.
ആധുനിക ചലച്ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്ന ഒരു കൺസെപ്റ്റാണ് ഫോർത്ത് വാൾ ബ്രേക്കിംഗ്. എന്നാൽ പലയിടത്തും അത് പരാജയപ്പെട്ടു പോകാറാണ് പതിവ്. പ്രേക്ഷകനോട് കഥാപാത്രങ്ങൾ സംവദിക്കുമ്പോൾ വെല്ലുവിളിയാകുന്നത് സംഭാഷണങ്ങളാണ്. എന്നാൽ വളരെ റിയലിസ്റ്റിക്കായി തന്നെ കഥാപാത്രങ്ങളുടെ ബന്ധിതമായ സംഭാഷണങ്ങളിലൂടെ ആ വെല്ലുവിളി നേരിടാൻ ഈ നെറ്റ്ഫ്ലിക്സ് ഒറിജിനൽ സീരീസിന് സാധിച്ചിട്ടുണ്ട് എന്നു പറയാം.