എം-സോണ് റിലീസ് – 1121
ക്ലാസ്സിക് ജൂൺ 2019 – 01
ഭാഷ | ചെക്ക് |
സംവിധാനം | Miloš Forman |
പരിഭാഷ | വെന്നൂർ ശശിധരൻ |
ജോണർ | കോമഡി, ഡ്രാമ |
Info | EEB7DFED58126F5F611DDBA9B05FF8FC1B0F2546 |
ചെക്കോസ്ലോവാക്യയിലെ ഒരു ചെറിയ നഗരത്തിലെ അഗ്നിശമന സേനാംഗങ്ങൾ തങ്ങളുടെ വിരമിച്ച സേനാ തലവൻ ലോസിക്കൂസിന്റെ 86-ാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് ഒരു സൗന്ദര്യ മത്സരം കൂടി സംഘടിപ്പിക്കുവാൻ തിരുമാനിക്കുന്നു. ചടങ്ങിൽ പങ്കെടുക്കാനെത്തിയവരിൽ നിന്ന് തന്നെ മത്സരാർത്ഥികളായ പെൺകുട്ടികളെ കണ്ടെത്തി ചടങ്ങ് കൊഴുപ്പിക്കാനാണ് സംഘാടക സമിതി ശ്രമിക്കുന്നത്. എന്നാൽ ഇതിനിടെ കൂപ്പൺ നറുക്കെടുപ്പിൽ നൽകാനായി ഒരുക്കി വച്ചിരുന്ന സമ്മാനങ്ങൾ ഓരോന്നായി അപ്രത്യക്ഷമാവുന്നത് സംഘാടകസമിതിയെ പ്രതിസന്ധിയിലാക്കുന്നു. സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ട പെൺകുട്ടികളിൽ ചിലർ പിൻമാറുക കൂടി ചെയ്യുന്നതോടെ അവരുടെ പ്രതിസന്ധി അതിരൂക്ഷമാവുന്നു. സൃഷ്ടിക്കപ്പെടുന്ന ഓരോ പ്രതിസന്ധികളെയും മറികടക്കാൻ ശ്രമിക്കുന്തോറും പുതിയ പ്രതിസസികൾ ഉടലെടുത്തുകൊണ്ടേ ഇരിക്കുകയാണ്. സംഘാടക സമിതിക്ക് ഇതെല്ലാം മറികടന്ന് തങ്ങളുടെ മുൻ സേനാതലവന്റെ പിറന്നാളാഘോഷം ഭംഗിയായി പൂർത്തിയാക്കാനാവുമോ?
ഒരു രാത്രി നടക്കുന്ന പിറന്നാളാഘോഷത്തിന്റെ ആഖ്യാനമാണ് ചിത്രം. ആഘോഷം നടക്കുന്ന ഹാളിന്റെ പുറത്തേയ്ക്ക് ക്യാമറ സഞ്ചരിക്കുന്നത് ഏതാനം മിനിറ്റുകൾ മാത്രം. ഭാക്കി സമയമത്രയും കഥാപാത്രങ്ങളെ പിൻപറ്റി അത് ആഘോഹാളിൽ ചുറ്റിയടിക്കുന്നു.
ജീവിതത്തിന്റെ വിരുദ്ധാവസ്ഥകളിൽ നിന്നാണ് നർമ്മം ഉരുവം കൊള്ളുന്നത് എന്നാണ്, അതിനെ സംബന്ധിച്ചുള്ള അടിസ്ഥാന തത്വം. ഇത്തരം അനവധി വൈരുദ്ധ്യാവസ്ഥകളുടെ മുഹൂർത്തങ്ങൾ ചിത്രത്തിലുടനീളം സന്നിവേശിപ്പിച്ച് ഫോർമാൻ സൃഷ്ടിക്കുന്ന സംശുദ്ധനർമ്മത്തിന്റെ അലകൾ പ്രേക്ഷകരെ ഏറെ രസിപ്പിക്കും എന്നത് നിസ്തർക്കമാണ്. നൈമിഷികമായ പൊട്ടിച്ചിരിയല്ല, നീണ്ടു നിൽക്കുന്ന കുലുക്കിച്ചിരിയാണ് മിലോസ് ഫോർമാൻ ഈ ചിത്രത്തിലൂടെ പ്രേക്ഷകരിൽ സൃഷ്ടിച്ചെടുക്കുന്നത്. അക്കാലത്തെ ചെക്കോസ്ലോവാക്യയുടെ രാഷ്ട്രീയ കാലാവസ്ഥയുമായി ബന്ധിപ്പിച്ച് ചിത്രത്തെ വ്യാഖ്യാനിക്കാനുള്ള സാധ്യതയും ഫോർമാൻ തുറന്നിടുന്നുണ്ട്.