എം-സോണ്‍ റിലീസ് – 2565
ഭാഷ | ടർക്കിഷ് |
സംവിധാനം | Yavuz Turgul |
പരിഭാഷ | അരുണ വിമലൻ |
ജോണർ | ക്രൈം, ഡ്രാമ, മിസ്റ്ററി |
ഇസ്താൻബുൾ പോലീസ് ഹോമിസൈഡ് ഡിപ്പാർട്മെന്റിലേക്ക് കാടിനരികെ വെള്ളക്കെട്ടിൽ ഒരു കൈ കാണപ്പെട്ടു എന്ന വിവരം ലഭിക്കുന്നു. പ്രാഥമിക അന്വേഷണത്തിൽ നാലോ അഞ്ചോ ദിവസം മുൻപ് കൊല്ലപ്പെട്ട, 15-16 വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്കുട്ടിയുടേതാണ് കൈ എന്നും, വിശദമായ പരിശോധനയിൽ പാമുക് സെയ്‌ഹാൻ എന്ന പെണ്കുട്ടിയുടേതാണെന്നും കണ്ടെത്തപ്പെടുന്നു.
16 വയസ്സിൽ ബത്താൾ ചോലാക്ക്സാദേ എന്ന പ്രബലനായ ധനികന്റെ രണ്ടാംഭാര്യയാകേണ്ടി വന്ന പാമുക് കാമുകനായ ഒമറിന്റെയൊപ്പം ഒളിച്ചോടി. ഇത്രേയുമാണ് അന്വേഷണ ഉദ്യോഗസ്ഥർക്കും കുടുംബത്തിനും അറിയാവുന്നത്.
ഭർത്താവിനെ വിട്ട് ഓടിപ്പോയ മകൾ കാരണം അഭിമാനം നശിച്ച കുടുംബം, അക്രമ സ്വഭാവമുള്ള കാമുകൻ, ഇരയെ നഷ്ടപ്പെട്ട വേട്ടക്കാരനെപ്പോലെ നിൽക്കുന്ന ബത്താൾ ചോലാക്ക്സാദേ, ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ചതുകൊണ്ട് തഴയപ്പെട്ട ബത്താളിന്റെ ആദ്യ ഭാര്യ: സംശയിക്കപ്പെടാൻ എല്ലാവര്ക്കും ഒരേ പോലെ സാദ്ധ്യതകൾ.
അനുഭവസമ്പത്തുള്ള സീനിയർ ഉദ്യോഗസ്ഥനായ ഫെർമൻ, എടുത്തുചാട്ടക്കാരനായ ഇദ്രിസ്, പുതുതായി ജോയിൻ ചെയ്ത ഹസൻ എന്നിവരടങ്ങുന്ന ടീമിനാണ് അന്വേഷണ ചുമതല. മൂന്നുപേരുടെയും വ്യക്തിജീവിതങ്ങളും, കേസന്വേഷണവും ഒപ്പത്തിനൊപ്പം കൊണ്ടുപോകുന്ന ആകർഷകമായ അവതരണ രീതിയാണ്. സംഗീതവും നിറങ്ങളും ചേർന്നൊരുക്കുന്ന നിഗൂഢമായ അന്തരീക്ഷവുമായി, ഏറ്റവും മികച്ച ഓപ്പണിങ് സീനുകളിൽ ഒന്നാണ് ഈ സിനിമയുടേത്.