A Hidden Life
എ ഹിഡൻ ലൈഫ് (2019)

എംസോൺ റിലീസ് – 2597

Download

2425 Downloads

IMDb

7.4/10

രണ്ടാംലോക മഹായുദ്ധക്കാലത്ത് ഓസ്ട്രിയയിലെ യുവാക്കൾ ജർമനിക്ക് വേണ്ടി യുദ്ധത്തിൽ പങ്കെടുത്തിരുന്നു. ഭാര്യയും, മക്കളും കുടുംബവുമായി സ്വസ്ഥ ജീവിതം നയിച്ചിരുന്ന കർഷകനായ ഫ്രാൻസും സൈന്യത്തിൽ ചേരാൻ നിർബന്ധിക്കപ്പെട്ടു. നിരപരാധികളെ കൊന്നൊടുക്കാൻ ഫ്രാൻസിന് താല്പര്യമില്ല. എങ്കിൽ ആശുപത്രിയിൽ ജോലി ചെയ്യാമല്ലോ എന്ന് എല്ലാവരും പറഞ്ഞു. പക്ഷേ അപ്പോഴും ഹിറ്റ്‌ലറോട് കൂറ് പ്രഖ്യാപിച്ചു മാത്രമേ അത് നടക്കൂ. ഫ്രാൻസിന് അത് കഴിയില്ല.

ഫ്രാൻസിന്റെ തീരുമാനം അയാളെയും, അയാളുടെ കുടുംബത്തെയും ബാധിക്കും. അയാളും കുടുംബവും ഗ്രാമത്തിൽ വെറുക്കപ്പെട്ടവരായി, ഫ്രാൻസ് രാജ്യദ്രോഹിയായ് മുദ്രകുത്തപ്പെട്ടു. “നിന്റെ പ്രവർത്തികൊണ്ട് ലോകം മാറാൻ പോകുന്നില്ല”, “നിന്നെ ആരും അറിയുകയോ ഓർക്കുകയോ ഇല്ല”. ഉപദേശിക്കാനും വഴക്ക് പറയാനും ധാരാളം പേര് ഉണ്ടായി. പക്ഷേ ഫ്രാൻസിന്റെ തീരുമാനം അംഗീകരിച്ചു കൂടെ നിൽക്കാൻ അയാളുടെ ഭാര്യ ഫാനി ഉണ്ടായിരുന്നു.

ടെറെൻസ് മാലിക്കിന്റെ ശൈലി പരിചയമുള്ളവർക്ക് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് അറിയാം. ശാന്തവും മനോഹരവുമായ ഒരു ഗ്രാമത്തിലൂടെ, മഞ്ഞുള്ള ഒരു വെളുപ്പാൻകാലത്ത്, പ്രിയപ്പെട്ടവരുടെ കൈ പിടിച്ച് നടക്കുമ്പോ കേൾക്കുന്ന ഒരു കഥ പോലെയാണ് ഈ സിനിമ. പക്ഷേ കഥ കഴിയുമ്പോൾ നിങ്ങളുടെ മനസ്സിൽ ഒരു സങ്കടമാണ് ബാക്കിയുണ്ടാവുക.