എം-സോണ്‍ റിലീസ് – 2629
ഭാഷ | ജാപ്പനീസ് |
സംവിധാനം | Keishi Ohtomo |
പരിഭാഷ | രാഹുൽ രാജ് |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ |
റുറോണി കെൻഷിൻ സീരീസിലെ നാലാമത്തെ ചിത്രമാണ് റുറോണി കെൻഷിൻ: ദി ഫൈനൽ. 1879-ലാണ് കഥ നടക്കുന്നത്.ജപ്പാനും ചൈനയും തമ്മിൽ വലിയ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന കാലം. ടോക്ക്യോയിൽ അങ്ങിങ്ങായി നടക്കുന്ന രഹസ്യ ആക്രമണങ്ങൾക്ക് ഒരറുതി വരുത്താൻ പോലീസ് കെൻഷിനെ സമീപിക്കുന്നു. തന്റെ ഭൂതകാലത്തിൽ നിന്നും കണക്കുചോദിക്കാനെത്തിയിരിക്കുന്ന ഒരു ശത്രുവാണ് ആക്രമണങ്ങൾക്ക് പുറകിലെന്ന് കെൻഷിൻ തിരിച്ചറിയുന്നതോടെ തന്റെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ അവൻ നിർബന്ധിതനാകുന്നു.
സീരീസിലെ അവസാനചിത്രത്തിന്റെ ആദ്യഭാഗമാണിത്. ആദ്യത്തെ മൂന്ന് ചിത്രങ്ങളിലെപ്പോലെ (റുറോണി കെൻഷിൻ പാർട്ട് 1: ഒറിജിൻസ് (2012), റുറോണി കെൻഷിൻ പാർട്ട് 2: ക്യേട്ടോ ഇൻഫേണോ (2014), റുറോണി കെൻഷിൻ പാർട്ട് 3: ദി ലെജൻഡ് എൻഡ്സ് (2014)) ചടുലമായ ആക്ഷൻ കൊറിയോഗ്രഫി തന്നെയാണ് ‘ദി ഫൈനലിന്റെയും’ മുഖമുദ്ര. പ്രീക്വൽ ആയി വരുന്ന അഞ്ചാം ഭാഗത്തോട് കഥ ബന്ധിപ്പിക്കുന്ന രീതിയും പ്രശംസനീയമാണ്.
കോവിഡ് പ്രതിസന്ധികൾക്കിടയിലാണ് റിലീസായതെങ്കിലും ചിത്രത്തിന് വൻ ബോക്സോഫീസ് വിജയം നേടാനായി. ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘Franchise Section’ലേക്ക് പ്രദർശനത്തിനായി ക്ഷണിക്കുന്ന ആദ്യത്തെ ജാപ്പനീസ് ലൈവ് ആക്ഷൻ സീരീസ് എന്ന ബഹുമതിയും റുറോണി കെൻഷിനെ തേടിയെത്തി.