എംസോൺ റിലീസ് – 2703
ഭാഷ | കൊറിയൻ |
സംവിധാനം | Jong-kwan Kim |
പരിഭാഷ | ഗോകുൽ എസ് എൻ ചെറുവല്ലൂർ |
ജോണർ | ഡ്രാമ |
എഴുത്തുകളൊന്നും കെട്ടുകഥകളല്ല. ഓരോ എഴുത്തും എഴുത്തുകാരന്റെ അനുഭവങ്ങളുടേയും കാഴ്ചപ്പാടുകളുടേയും ഏടുകളിൽ നിന്നും ചീന്തിയെടുത്തതായിരിക്കും. എങ്കിലും പലപ്പോഴും കെട്ടുകഥകളായിരിക്കും യാഥാർത്ഥ്യത്തേക്കാൾ സത്യസന്ധമായത്. അനുഭവങ്ങളുടെ ഒർമ്മകളിലേക്ക് ഫിക്ഷൻ കൂടി ചേരുമ്പോൾ അതൊരു കഥയായി, നോവലായി മാറുന്നു. ഒരുപക്ഷേ അതിലെ നായകൻ മരിച്ചാലും എഴുത്തുകാരൻ ജീവിക്കുന്നു. കെട്ടുകഥകളും യാഥാർത്ഥ്യവും തമ്മിലുള്ള ബന്ധമാണ് ഈ സിനിമ പറയുന്നത്.
പ്രതീക്ഷ, ഭയം, സൗഹൃദം, മാതൃത്വം, ബഹുമാനം, ലഹരി, സ്നേഹം, പ്രണയം തുടങ്ങിയ വ്യത്യസ്തമായ അനുഭവങ്ങൾ നാല് വ്യത്യസ്ത ആളുകളുടെ ജീവിതാനുഭവങ്ങളിലൂടെ പറഞ്ഞു പോവുകയാണ് ഈ കുഞ്ഞു ചിത്രം.
പരാജയപ്പെട്ട തന്റെ വിവാഹ ജീവിതത്തിന്റെ ഇരുണ്ട അനുഭവങ്ങൾ മറക്കാനാണ് എഴുത്തുകാരനായ അയാൾ ഭാര്യയെ ഉപേക്ഷിച്ച് ഇംഗ്ലണ്ടിൽ നിന്നും ഏഴുവർഷത്തിനുശേഷം ജന്മനാടായ സോളിലേക്ക് എത്തിയത്.
സോളിൽ എത്തിയ എഴുത്തുകാരൻ നാലു വ്യത്യസ്തരായ ആളുകളുടെ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോവുകയാണ്.
ഉറങ്ങുമ്പോഴും സൗന്ദര്യത്തിന്റെ ഏഴഴകും മാഞ്ഞുപോകാത്ത “മി യോങ്”. ഓരോ വായനയിലൂടെയും എഴുത്തുകാരന്റെ ജീവിതാനുഭവങ്ങളെ കുറിച്ച് പഠിക്കുന്ന “യൂ ജിൻ”. അവസാനനിമിഷം വരെയും പ്രതീക്ഷ കൈവിട്ടുകളയാൻ താല്പര്യപ്പെടാത്ത “സുങ് ഹാ”. സ്വന്തമെന്ന് പറയാൻ ഓർമകളൊന്നുമില്ലാത്തതിനാൽ മറ്റുള്ളവരുടെ ഓർമ്മകൾ വാങ്ങി കുറിച്ചിടുന്ന “ജൂ ഉൻ”
നാല് കഥകളും അല്പം ലാളിത്യത്തിന്റെയും സങ്കീർണ്ണതയുടെയും ഒരു മിശ്രിതമാണ്. വ്യത്യസ്തമായ ജീവിതാനുഭവത്തിലൂടെ കടന്നു പോകുന്നതോടുകൂടി താൻ നെയ്തെടുക്കുന്ന കഥയിൽ നിന്നും മാറ്റി തുന്നാൻ ഒടുവിൽ നായകൻ തയ്യാറാകുന്നതോടെ കഥയ്ക്ക് വിരാമം കുറിയ്ക്കുന്നു.
(കടപ്പാട് : ഹബീബ് ഏന്തയാർ)