എംസോൺ റിലീസ് – 2736
ഭാഷ | ഹീബ്രു |
സംവിധാനം | Ari Folman |
പരിഭാഷ | മുബാറക്ക് റ്റി എൻ |
ജോണർ | അഡ്വഞ്ചർ, അനിമേഷന്, ഡ്രാമ |
“ടെൽ അവീവിന്റെ തെരുവുകളെ വിറപ്പിച്ച്, കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ച് കൊണ്ട് പാഞ്ഞു വരുന്ന 26 നായ്ക്കൾ. അവ എന്റെ മേധാവിയോട് പറയുന്നു, ബോസ് റെയിനിനെ തന്നില്ലെങ്കിൽ ഇവിടുള്ളവരെയെല്ലാം ഞങ്ങൾ അകത്താക്കും.”
ഇരുപത് വർഷം മുന്നേ തൻ്റെ കൂടെ സൈന്യത്തിലുണ്ടായിരുന്ന ബോസ് റെയിൻ, തന്നെ കുറച്ച് ദിവസങ്ങളായി അലട്ടുന്ന ഈ സ്വപ്നത്തെ പറ്റി വിവരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ആരി ഫോൽമാന് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. എല്ലാം വെറും സ്വപ്നം മാത്രമാണെന്ന് തന്റെ സുഹൃത്തിനെ ആശ്വസിപ്പിച്ച് അവിടെ നിന്നുമിറങ്ങുന്ന ഫോൽമാൻ, അന്ന് രാത്രി മുതൽ വിചിത്രമായ ചില സ്വപ്നങ്ങൾ കാണാൻ തുടങ്ങുന്നു!
സ്വപ്നത്തിൽ കാണുന്ന കാഴ്ചകൾ ജീവിതത്തിൽ താൻ അന്നേവരെ അനുഭവിച്ചിട്ടില്ല എന്നയാൾക്ക് ഉറപ്പാണ്. പക്ഷേ സ്വപ്നങ്ങൾ കള്ളം പറയുമോ? ഓർമകൾ നമ്മെ വേട്ടയാടുമോ?…. ഫോൽമാന് ഉത്തരമില്ല. തൻ്റെ സ്വപ്നത്തിന്റെ ഉത്തരവും തേടി, പഴയ സുഹൃത്തുക്കളെ സന്ദർശിക്കുന്ന അയാൾ അവസാനം ഞെട്ടലോടെ ആ സത്യം മനസ്സിലാക്കുന്നു. അവിടെ ഫോൽമാനോടോപ്പം പ്രേക്ഷകരും ഒരുനിമിഷത്തേക്ക് സ്തബ്ധരാകുന്നു!
ഇസ്രായേലി സംവിധായകനായ ആരി ഫോൽമാൻ, തൻ്റെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങളെ അടിസ്ഥാനമാക്കി 2008 ൽ, ഹിബ്രൂ ഭാഷയിൽ പുറത്തിറക്കിയ ചിത്രമാണ് “വാൾട്സ് വിത്ത് ബാഷിർ”. മികച്ച വിദേശ ചിത്രത്തിനുള്ള ഗോൾഡൺ ഗ്ലോബ് , സീസർ അവാർഡ് എന്നീ പുരസ്കാരങ്ങൾ നേടിയ ഈ ചിത്രം, മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാർ നോമിനേഷൻ നേടുന്ന ആദ്യ അനിമേഷൻ ചിത്രവുമാണ്. ഇവ കൂടാതെ നാല്പ്പതിൽ പരം പുരസ്കാരങ്ങളും അറുപതിൽ പരം നോമിനേഷനുകളും ചിത്രം കരസ്ഥമാക്കി. നിരൂപക, പ്രേക്ഷക പ്രശംസയ്ക്ക് പുറമേ ബോക്സോഫീസിൽ 11 മില്ല്യൻ ഡോളറും ചിത്രം നേടുകയുണ്ടായി.
R റേറ്റഡ് ചിത്രമായതിനാൽ കുട്ടികളോടൊത്ത് കാണാതിരിക്കുക