എംസോൺ റിലീസ് – 2784
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Steven Spielberg |
പരിഭാഷ | സാബിറ്റോ മാഗ്മഡ് |
ജോണർ | ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി |
1972 മ്യൂണിക് ഒളിമ്പിക്‌സ് ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത് 7 സ്വർണ്ണങ്ങൾ നേടി ഏറ്റവും കൂടുതൽ സ്വർണ്ണങ്ങൾ എന്ന റെക്കോർഡിട്ട ബ്രൂസിന്റെ പേരിലല്ല. മറിച്ച് ഇസ്രായേലികൾ ആയിപ്പോയി എന്ന ഒറ്റ കാരണത്താൽ ഒളിമ്പിക്‌സ് വില്ലേജിനുള്ളിലും, എയർപോർട്ടിലുമായി ഫലസ്തീനിയൻ തീവ്രവാദികളുടെ വെടിയേറ്റു വീണ 11 കായിക താരങ്ങളുടെ സുവർണ്ണ സ്വപ്നങ്ങളുടെ പേരിലാണ്. തലേ രാത്രി വരെ സമാധാനത്തിന്റെ ഒളിമ്പിക്‌സ് എന്ന വിളിപ്പേരിൽ അറിയപ്പെട്ട മ്യൂണിക് ഒളിമ്പിക്‌സ് ഒന്ന് ഇരുട്ടി വെളുക്കുമ്പോഴേക്കും അശാന്തിയുടെ വിളനിലമായി മാറുകയായിരുന്നു.
സംഭവശേഷം കൂട്ടക്കൊലയ്ക്ക് പിന്നിലുള്ള തീവ്രവാദികളെ ഓരോരുത്തരേയും 5 പേരടങ്ങുന്ന അന്വേഷണ സംഘം അവരുടെ മടയിൽ പോയി വേട്ടയാടി. “ദൈവത്തിന്റെ പ്രതികാരം” എന്ന നിഗൂഢ ദൗത്യത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്.
മൊസാദ് എന്ന, പേര് കേട്ട ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസി ഏറ്റെടുത്തു നടത്തിയ ഓപ്പറേഷൻ ആവേശം ഒട്ടും ചോരാതെ വെള്ളിത്തിരയിലേക്ക് പകർത്തുകയായിരുന്നു വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ്. ഓസ്‌ട്രേലിയൻ നടൻ എറിക് ബാനയാണ് ഇതിലെ കേന്ദ്രകഥാപാത്രം. 2005ൽ ഇറങ്ങിയ ഈ ചിത്രം 5 ഓസ്കാർ നോമിനേഷനുകളും നേടി.
2017ൽ ന്യൂയോർക്ക് ടൈംസ് മ്യൂണിക്കിനെ 21 ആം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 16 ആമത്തെ ചിത്രമായി തിരഞ്ഞെടുക്കുകയും ചെയ്തു. സിനിമാ പ്രേമികൾ നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ചിത്രം.