എംസോൺ റിലീസ് – 2786
ഭാഷ | ഹിന്ദി |
സംവിധാനം | Sharat Katariya |
പരിഭാഷ | സജിൻ എം.എസ് & ഹബീബ് ഏന്തയാർ |
ജോണർ | കോമഡി, ഡ്രാമ |
നാട്ടിലും വീട്ടിലും ഒരു ചാവാലിപ്പട്ടിയുടെ വില പോലും ഇല്ലാത്ത വിവാഹിതനായ തൊഴിൽ രഹിതനായ ഒരു ചെറുപ്പക്കാരനാണ് മൗജി. എവിടെ പരിപാടി അവതരിപ്പിച്ചാലും അത് പൊളിഞ്ഞ് കൈയിൽ കിട്ടും. പാരമ്പര്യമായി കൈത്തറി വ്യവസായം നടത്തിയിരുന്ന കുടുംബത്തിലെ മകനായ മൗജിക്ക്, തന്റെ പാരമ്പര്യ വ്യവസായം വീണ്ടും പൊടിതട്ടിയെടുക്കണം എന്ന ആഗ്രഹമുണ്ടെങ്കിലും, വീട്ടുകാരും നാട്ടുകാരും അതിനെല്ലാം എതിർപ്പാണ്. കാരണം, ആ കൈത്തറി വ്യവസായമാണ് അവരെ ദാരിദ്രത്തിലേക്ക് തള്ളിവിട്ടത്. അങ്ങനെ ഇരിക്കെ, ഉണ്ടായിരുന്ന ഒരു ജോലി കളഞ്ഞ കൃത്യ സമയത്ത് തന്നെ അച്ഛൻ ജോലി വിരമിക്കുകയും, അമ്മയ്ക്ക് ഹൃദയത്തിന് രണ്ട് ബ്ലോക്ക് കൂടി വന്നതോടെ മൗജി ഭായിയുടെ ജീവിതം ഡിം. ഒരു നിക്കക്കള്ളിയുമില്ലാത്ത മൗജിക്ക് എന്തെങ്കിലും ഒന്ന് കണ്ടെത്തി രക്ഷപ്പെട്ടാൽ മതിയേ എന്ന് മാത്രമായി അവസാനം. അങ്ങനെയിരിക്കെയാണ് ആ അവസരം അവനെ തേടിയെത്തുന്നത്. അതോടെ മൗജിയുടെ ജീവിതം തന്നെ മാറി മറിയുകയാണ്.
തോറ്റു കൊണ്ട് തന്നെയാണ് വിജയം നേടാൻ കഴിയുക. തോൽവിയാണ് മനുഷ്യന്റെ വിജയത്തിലേക്കുള്ള ചവിട്ടുപടികൾ. എത്രയൊക്കെ എതിർപ്പുണ്ടെങ്കിലും തന്റെ ലക്ഷത്തിനും ആത്മവിശ്വാസത്തിനും ഒരു കോട്ടവും തട്ടിയിട്ടില്ലെങ്കിൽ, വിജയം അവനെ തേടിയെത്തുമെന്നും, കൂക്കിയവനെക്കൊണ്ട് കാലം കൈയടിപ്പിക്കുകയും ചെയ്യുമെന്ന വലിയൊരു സന്ദേശമാണ് ഈ സിനിമയിലൂടെ പറഞ്ഞു നിർത്തുന്നത്. ഫീൽ ഗുഡ് സിനിമകളുടെ താളിൽ തുന്നിച്ചേർക്കാവുന്ന സുന്ദരമായ ഒരു “മേഡ് ഇൻ ഇന്ത്യ” സിനിമ.