എംസോൺ റിലീസ് – 2797
ഭാഷ | മാൻഡറിൻ |
സംവിധാനം | Xu Jizhou |
പരിഭാഷ | തൗഫീക്ക് എ |
ജോണർ | ക്രൈം |
“ഈവിൾ മൈൻഡ്സ്: സിറ്റി ലൈറ്റ്” എന്ന ലീ മീയുടെ സൂപ്പർഹിറ്റ് ക്രൈം തില്ലർ നോവലിനെ ആസ്പദമാക്കി 2017 ൽ പുറത്തിറങ്ങിയ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ദി ലിക്വിഡേറ്റർ. 125 കോടി ചിലവിൽ നിർമിച്ച ചിത്രം ബോക്സ് ഓഫീസിൽ മുന്നൂറ് കോടിയിലധികം നേടി വൻ വിജയം ആയതിനൊപ്പം മികച്ച VFX, ആക്ഷൻ കൊറിയോഗ്രഫി എന്നിവക്കുള്ള അവാർഡുകളും കരസ്ഥമാക്കി.
ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റ അദ്ദേഹം കണ്ടത് തന്റെ ശരീരം ഒരു മേശയുമായി ചങ്ങലകളാൽ ബന്ധപ്പെടുത്തിയിരിക്കുന്നതാണ്. ഒറ്റനോട്ടത്തിൽ അദ്ദേഹത്തിന് മനസ്സിലായി അത് താൻ പഠിപ്പിക്കുന്ന ക്ലാസ്മുറിയാണെന്ന്. പൊട്ടിയ കണ്ണടയിലൂടെ നോക്കുമ്പോഴാണ് തനിക്ക് മുന്നിലേക്ക് ഒരാൾ നടന്നുവരുന്നതായി അദ്ദേഹം ശ്രദ്ധിച്ചത്. അങ്ങനെ അദ്ദേഹം ഒരു സീരിയൽ കില്ലറിന്റെ ആദ്യ ഇരയായി മാറി. തുടർന്ന് നഗരത്തിൽ കൊലപാതകങ്ങൾ പതിവായപ്പോൾ അവർ പ്രതീക്ഷിച്ചിരുന്നില്ല ഇതൊരു സീരീസ് ആണെന്ന്. എന്നാൽ ഇടയ്ക്കിടെ ചില സൂചനകൾ ക്രിമിനൽ സൈക്കോളജിസ്റ്റായ ഫാങ് മൂവിന് മാത്രം മനസ്സിലായി. പിന്നീടുള്ള അന്വേഷണം ഫാങ് മൂവും ഫോറൻസിക് എക്സ്പെർട്ട് ആയ മി നാനും ചേർന്ന് മുന്നോട്ട് കൊണ്ടുപോയി. പക്ഷേ അതൊരു കുരുക്കായിരുന്നു എന്നറിയാൻ അവർ ലേശം വൈകിപ്പോയി.
അമാനുഷികനായ ഒരു നായകനല്ല, മറിച്ച് ബുദ്ധിയും വിവേകവും ആയുധമാക്കിയ ഒരുവനാണ് ഇതിൽ. വില്ലനും അതുപോലെ തന്നെ. ആദ്യപകുതിയിൽ അന്വേഷണവും ആക്ഷനും ട്വിസ്റ്റുകളും കൊണ്ട് നിറഞ്ഞതാണെങ്കിൽ, രണ്ടാം പകുതി വില്ലനും നായകനും തമ്മിലുള്ള മൈൻഡ് ഗെയിമാണ് കാണാൻ കഴിയുന്നത്.
അവരുടെ പല കളികളും ആവേശം വിതക്കും. കൂടെ കയ്യടക്കത്തോടെ കൈകാര്യം ചെയ്ത ഇമോഷണൽ രംഗങ്ങളും. സിനിമയുടെ ആദ്യ നിമിഷം മുതൽ അവസാന നിമിഷം വളരെ വേഗത്തിൽ പോകുന്ന കഥയും, ഓരോ ഇടവേളകളിലും അപ്രതീക്ഷിത ട്വിസ്റ്റുകളും കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും പ്രേക്ഷകനെ 2 മണിക്കൂർ കണ്ണെടുക്കാൻ തോന്നാത്ത വിധത്തിൽ പിടിച്ചിരുത്തും.