എംസോൺ റിലീസ് – 2828
ഭാഷ | ഹിന്ദി |
സംവിധാനം | Anubhav Chopra & Leena Yadav |
പരിഭാഷ | ഫ്രെഡി ഫ്രാന്‍സിസ് |
ജോണർ | ക്രൈം, ഡോക്യുമെന്ററി, ഹിസ്റ്ററി |
ഒരു കുടുംബത്തിലെ 11 അംഗങ്ങളും വീട്ടിലെ മേൽക്കൂരയിലെ ഇരുമ്പു ഗ്രില്ലിൽ തൂങ്ങി ആത്മഹത്യ ചെയ്ത നിലയിൽ കിടക്കുന്ന കാഴ്ച കണ്ടാണ് അന്നത്തെ ദിവസം പുലർന്നത്. അയൽക്കാരുമായി നല്ല സഹകരണമുള്ള, തികച്ചും സാധാരണക്കാരായ 11 പേർ. വെറുമൊരു ആത്മഹത്യയല്ല. കൈകാലുകൾ ബന്ധിച്ചിരിക്കുന്നു, കണ്ണുകൾ തുണികൊണ്ടു കെട്ടിയിരിക്കുന്നു, വായില്‍ തുണി തിരുകിയിരിക്കുന്നു! ആരെങ്കിലും ഇത്തരത്തിൽ ആത്മഹത്യ ചെയ്യുമോ? അതും ലക്ഷങ്ങൾ മുടക്കി കുടുംബത്തിലെ മകളുടെ വിവാഹ നിശ്ചയം നടത്തി പത്തുദിവസങ്ങൾക്കു ശേഷം! ഇത് കൊലപാതകമോ അതോ ആത്മഹത്യയോ? കൊലപാതകമെങ്കിൽ 11 പേരിൽ ഒരാളെങ്കിലും എതിർക്കാൻ ശ്രമിച്ചിട്ടുണ്ടാകില്ലേ? എന്നിട്ടും അതിന്റെ ലക്ഷണങ്ങളൊന്നും കാണാത്തതെന്തേ?
2018 ജൂലൈ ഒന്നാം തീയതി, ഡൽഹിയിലെ ബുരാരിയിൽ നടന്ന ഈ സംഭവം ലോകത്തിനുതന്നെ ഞെട്ടലായിരുന്നു. “എന്തുകൊണ്ട്?” എന്ന ചോദ്യം അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം പത്രക്കാരും, അയൽക്കാരും, എന്തിനേറെ, അവരെ അറിയാത്തവർ പോലും ചോദിച്ച ദിവസം.
ആ കൂട്ട ആത്മഹത്യയുടെ ചുരുളുകൾ അഴിക്കുകയാണ് “ഹൗസ് ഓഫ് സീക്രട്ട്സ്, ദ ബുരാരി ഡെത്ത്‌സ്” എന്ന മൂന്ന് എപ്പിസോഡുകളുള്ള ഈ ഡോക്യുമെന്ററി. നിർവചിക്കാനാവാത്ത ഒരു ദൃശ്യാനുഭവമാകും ഇത് നിങ്ങൾക്ക് തരിക. മരിച്ചവരുടെ ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും, പത്രക്കാരുടെയും, അന്വേഷണ ഉദ്യോഗസ്ഥരുടെയും അനുഭവങ്ങളിലൂടെ മുന്നോട്ടുപോകുന്ന ഈ ഡോക്യുമെന്ററിയിൽ അവിശ്വസനീയമായ പലതും നിങ്ങൾ കണ്ടേക്കാം. നിങ്ങളുടെ ശരീരത്തിൽ നിങ്ങളറിയാതെ തന്നെ ഒരു വിറയൽ പടർന്നേക്കാം. ഏറ്റവും മികച്ച ദൃശ്യാനുഭവത്തിനായി മറ്റ് ശല്യങ്ങളൊന്നുമില്ലാത്ത അന്തരീക്ഷത്തിലിരുന്ന് മൂന്ന് എപ്പിസോഡുകളും തുടർച്ചയായി കാണാൻ ശ്രദ്ധിക്കുക.