എംസോൺ റിലീസ് – 2835
ഭാഷ | കൊറിയൻ |
സംവിധാനം | Jin-min Kim |
പരിഭാഷ | ഗോകുൽ എസ് എൻ ചെറുവല്ലൂർ |
ജോണർ | ആക്ഷൻ, ക്രൈം, ഡ്രാമ |
“സ്ക്വിഡ് ഗെയിം” എന്ന വേൾഡ് വൈഡ് ഹിറ്റ് സീരീസിന് ശേഷം, 2021 ൽ കൊറിയയിൽ നിന്നും പുറത്ത് വന്ന നെറ്റ്ഫ്ലിക്സ് ഒറിജിനൽ സീരീസാണ് “മൈ നെയിം” a.k.a “അണ്ടർകവർ”. ആക്ഷൻ, ത്രില്ലർ ജോണറിൽ വന്ന സീരീസ് ഇറങ്ങിയ ആഴ്ച തന്നെ ടോപ്പ് സീരിസുകളുടെ ലിസ്റ്റിൽ ഇടംപിടിക്കുകയും അഭിനേതാക്കളുടെ മികച്ച പ്രകടനവും ആക്ഷൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.
“ദോങ്ചോൺ” എന്ന കൊറിയയിലെ പേരുകേട്ട മയക്കുമരുന്ന് കടത്ത് സംഘത്തിൻ്റെ നേതാക്കളിൽ ഒരാളായ ദോങ് ഹൂണിൻ്റെ മകളാണ് ജി വൂ. തൻ്റെ അപ്പൻ്റെ പ്രവൃത്തികൾ കാരണം സ്കൂളിലും നിരത്തിലും അപമാനം നേരിടേണ്ടി വരുന്ന അവൾ, അപ്പനെ കുറ്റപ്പെടുത്തുകയും ഇനി ഒരിക്കലും കാണേണ്ട എന്ന് പറയുകയും ചെയ്യുന്നു. തൻ്റെ മകളെ മറ്റെന്തെനിക്കാളും സ്നേഹിക്കുന്ന ദോങ്ഹൂൺ പോലീസ് നിരീക്ഷിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും, വീട്ടിലെത്തുന്നു. എന്നാൽ മകളെ കാണും മുമ്പ് തന്നെ, അവളുടെ മുന്നിൽ വെച്ച് അയാളെ ആരോ കൊല്ലുന്നു. ഇതിന് സാക്ഷിയാവുന്ന ജീ വൂ, തൻ്റെ അപ്പനെ കൊന്നതാരാണെന്ന് കണ്ടെത്താൻ വേണ്ടി ഇറങ്ങിത്തിരിക്കുന്നു. പക്ഷേ, അതിനായി അവൾക്ക് നൽകേണ്ടി വന്നത് സ്വന്തം ജീവിതവും വ്യക്തിത്വവുമായിരുന്നു.
ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ഓരോ എപ്പിസോഡിലും മറ നീങ്ങി പുറത്തുവരുന്ന ട്വിസ്റ്റുകളും അവസാനം വരെ നില നിർത്തുന്ന സസ്പെൻസുകളും അതിനൊപ്പം അഭിനേതാക്കളുടെ മികച്ച പ്രകടനവും പ്രേക്ഷകനെ അവസാന എപ്പിസോഡ് വരെ പിടിച്ചിരുത്തും. ജി വൂ ആയി വന്ന ഹാൻ സോ ഹീ, ചോയ് മു ജിൻ ആയി വന്ന പാർക്ക് ഹീ സൂൻ എന്നിവരുടെ തകർപ്പൻ പ്രകടനം ഒരു മുഴുനീള ആക്ഷൻ ത്രില്ലർ പരിവേഷം സീരീസിന് നൽകുന്നു. ആക്ഷൻ പ്രേമികൾ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത സീരിസിൽ 50 മിനുട്ട് ദൈർഘ്യമുള്ള 8 എപ്പിസോഡുകളാണുള്ളത്.
(കടപ്പാട് :- തൗഫീക്ക് എ)