എംസോൺ റിലീസ് – 2836
ഭാഷ | കൊറിയൻ |
സംവിധാനം | Sung-Mo Kwon & Chang-Won Lee |
പരിഭാഷ | ഗോകുൽ എസ് എൻ ചെറുവല്ലൂർ |
ജോണർ | ഡ്രാമ |
കൊറിയൻ കുട്ടി താരങ്ങൾ എന്നും ഒരു വിസ്മയമാണ്. മിറാക്കിള്‍ ഇന്‍ സെല്‍ നം. 7 (2013), വെഡ്ഡിംഗ് ഡ്രസ്സ് (2010), പോൺ (2020), പോലുള്ള സിനിമകളിലൂടെ കൊറിയൻ കുട്ടി കഥാപാത്രങ്ങളുടെ അഭിനയം ഇന്നും മനസ്സിൽ സൂക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ.
ഇതാ… അതുപോലെ പോലെ എന്നെന്നും മനസ്സിൽ സൂക്ഷിക്കാനായി നിങ്ങൾക്ക് മറ്റൊരാൾ കൂടി.
ഒരു ചെറിയ ഏജൻസി നടത്തുന്നയാളാണ് ജേ സിക്ക്. തന്റെ ജീവനക്കാരിയായ ജി യങിന്റെ
പെട്ടെന്നുള്ള മരണത്തിൽ അയാളാകെ പരിവെട്ടത്തിലാകുന്നു. അയാൾ അവൾക്ക് കടം
കൊടുത്ത പണം തിരികെ ലഭിക്കില്ലെന്ന് മനസ്സിലായതോടെ നേരിട്ട് അവളുടെ വീട്ടിൽ
ചെന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച് മറിച്ച് വിൽക്കാൻ തീരുമാനിക്കുന്നു.
പക്ഷേ, പഴയതും വൃത്തികെട്ടതുമായ ആ വീട്ടിൽ നിന്ന് അയാൾക്ക് അവളുടെ മകളെ മാത്രമേ കാണാനായുള്ളൂ. അപരിചതന്റെ വരവിൽ പേടിച്ച് പോയ ആ കുട്ടി ദിവസം മുഴുവൻ മേശയ്ക്കടിയിൽ ഒളിച്ചിരുന്നു.
ഇനി പണം കിട്ടാൻ ഈ കുട്ടി തന്റെ മകളാണെന്ന് പറഞ്ഞു മരിച്ചുപോയ ഏജന്റിന്റെ ഇൻഷുറൻസ് തുക കൈക്കലാക്കുകയല്ലാതെ മറ്റൊരു മാർഗ്ഗമില്ല എന്ന് മനസ്സിലാക്കിയ അയാൾ, അവളുടെ അച്ഛനായി അഭിനയിക്കുന്നു. പക്ഷേ, എത്രയായിട്ടും ആ കുട്ടി അയാളോടങ്ങോട്ട് അടുക്കുന്നില്ലെന്ന് മനസ്സിലായപ്പോഴാണ് ആ സത്യം അയാൾ അറിയുന്നത്.
ഈ മനോഹരമായ ലോകത്തെ കാണാനോ കേൾക്കാനോ കഴിയാതെ വിരൽത്തുമ്പിൽ ലോകം അനുഭവിച്ചറിയുകയാണ് ആ കുട്ടി. പിന്നീടങ്ങോട്ടുള്ള, കാഴ്ചയും കേൾവിയും സംസാരശേഷിയുമില്ലാത്ത ആ കുട്ടിയും, പക്വതയില്ലാത്ത ആ മുതിർന്നയാളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണിത്. ഹൃദയമുള്ളവന് കണ്ണീർ പൊഴിക്കാതെ
കാണാനാവില്ല ഈ ചിത്രം. കാഴ്ചയും കേൾവിയും സംസാരശേഷിയുമില്ലാത്ത ആ കഥാപാത്രത്തെ അഭിനയിച്ച ആ കുട്ടി ശരിക്കും പ്രേക്ഷക മനസ്സിനെ കീഴടക്കിയിരിക്കും. മനസ്സ് നിറഞ്ഞ്… കണ്ണ് നിറഞ്ഞ്… അവസാനം വരെ ഒരു ചെറു പുഞ്ചിരിയുമായി കണ്ട്… നമ്മുടെയെല്ലാം മനസ്സിൽ ഒരു വിങ്ങലായി അവശേഷിക്കുന്ന ഒരു കൊറിയൻ ആൾ ടൈം ഫീൽ ഗുഡ് സിനിമയാണിത്.
“നീയെനിക്ക് അത്രമേൽ വിലപ്പെട്ടതാണ്” എന്ന സിനിമയുടെ പേര് പോലെ തന്നെ ഈ
സിനിമയും നിങ്ങൾക്ക് അത്രമേൽ വിലപ്പെട്ടതാകും എന്നതിൽ യാതൊരു സംശയവുമില്ല.
(കടപ്പാട് :- ഹബീബ് ഏന്തയാർ)