എംസോൺ റിലീസ് – 2879
ഭാഷ | ടർക്കിഷ് |
സംവിധാനം | Ahmet Katiksiz |
പരിഭാഷ | റിയാസ് പുളിക്കൽ |
ജോണർ | ബയോഗ്രഫി, ഡ്രാമ, റൊമാൻസ് |
തുർക്കിയുടെ കുതിരയോട്ട മത്സരങ്ങളുടെ ചരിത്രത്താളുകളിൽ തങ്കലിപികളാൽ എഴുതപ്പെട്ട രണ്ടുപേരുകളാണ് ഹാലിസ് കരതാഷിന്റെതും ബോൾഡ് പൈലറ്റിന്റേതും. ഒരാൾ കുതിരയോട്ട മത്സരപ്രേമികൾ “മാന്ത്രികൻ” എന്ന ഓമനപ്പേരിട്ട് വിളിച്ച തുർക്കിയുടെ ഇതിഹാസ ജോക്കിയും മറ്റൊരാൾ ഗാസി റേസിലെ ഏറ്റവും വേഗതയേറിയ കുതിര എന്ന റിക്കോർഡിന് ഉടമയായ ഒരു കുതിരയും. തുർക്കിയുടെ കുതിരയോട്ട ചരിത്രത്തിൽ ഇത്രയധികം ആരാധിക്കപ്പെട്ട ഒരു കുതിരയോ ജോക്കിയോ വേറെ ഉണ്ടായിട്ടില്ല. ഒരു കുതിരയ്ക്ക് ഒരു റേസിങ് കോഴ്‌സിനെ മുഴുവൻ നിശബ്ദമാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ആ കുതിരയുടെ പേര് ബോൾഡ് പൈലറ്റ് എന്നായിരിക്കണം.
തുർക്കിയുടെ കുതിരയോട്ട മത്സര ചരിത്രത്തിൽ ഏറ്റവുമധികം വിജയം നേടിയ ജോക്കികളിൽ ഒരാളാണ് ഹാലിസ് കരതാഷ്. ഹാലിസും ബോൾഡ് പൈലറ്റും തമ്മിലുള്ള ഗാഢമായ ആത്മബന്ധത്തിന്റെ കഥയാണ് ‘ബിസിം ഇച്ചിൻ സാമ്പ്യോൻ‘ അഥവാ “ഫോർ അവർ ചാമ്പ്യൻ” എന്ന ഈ തുർക്കി സിനിമയിൽ പറയുന്നത്. ഒരു സ്പോർട്സ് മൂവി എന്നതിനപ്പുറം ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് വലിയ രീതിയിൽ പ്രചോദനമാവുന്ന ഒരു സംഭവകഥ കൂടിയാണ് സാമ്പ്യോൻ. സിവാസിലെ ഒരു ചെറിയ ഗ്രാമത്തിൽ ഒരു കുതിരക്കാരന്റെ ആറ് മക്കളിൽ ഒരാളായിട്ടാണ് ഹാലിസ് ജനിക്കുന്നത്. അതുകൊണ്ട് തന്നെ നന്നേ ചെറുപ്പത്തിൽ തന്നെ ഹാലിസ് കുതിരയോട്ടം അഭ്യസിച്ചിരുന്നു. ഒരു ജോക്കിയാവാനായിരുന്നു അയാളുടെ ആഗ്രഹം. പക്ഷേ, ഒരു ജോക്കിയായിരുന്ന ഹാലിസിന്റെ ജ്യേഷ്ഠൻ ഹുസൈന്റെ അപകടവും തുടർന്നുള്ള അയാളുടെ ആത്മഹത്യയും കാരണം ഹാലിസ് ജോക്കിയാവുന്നതിൽ അയാളുടെ പിതാവ് ഹസന് തീരെ താല്പര്യമില്ലായിരുന്നു. പക്ഷേ, പിതാവിന്റെ എതിർപ്പ് വക വെക്കാതെ ഹാലിസ്, ഒരു ജോക്കിയാവാനുള്ള ആഗ്രഹവുമായി ഇസ്താംബൂളിലേക്ക് പുറപ്പെട്ടു. ഒരു റേസ് കോഴ്സിൽ വെച്ചാണ് അയാൾ, വളരെ നല്ല സ്വഭാവവിശേഷണത്തിന് ഉടമയായിരുന്ന ഒസ്ദമീർ അത്മാൻ എന്ന കുതിരയുടമയെ പരിചയപ്പെടുന്നത്. ഒസ്ദമീർ അയാളെ തന്റെ ജോക്കിയാവാൻ ക്ഷണിച്ചു. വളരെ വാശിക്കാരനും എന്നാൽ കരുത്തനുമായ ബോൾഡ് പൈലറ്റ് എന്ന കറുത്ത സുന്ദരൻ കുതിരയെ ഹാലിസ് കണ്ടുമുട്ടുന്നത് ഒസ്ദമീറിന്റെ ഫാമിൽ വെച്ചാണ്. അങ്ങനെ ബോൾഡിയെ റേസിലെ തന്റെ പങ്കാളിയാക്കാൻ ഹാലിസ് തീരുമാനിക്കുന്നു. അവിടെ വെച്ച് തന്നെയായിരുന്നു ഒസ്ദമീറിന്റെ സുന്ദരിയായ മകൾ ബീഗത്തെയും ഹാലിസ് പരിചയപ്പെടുന്നത്. പങ്കുവെക്കപ്പെടുമ്പോൾ പടരുന്നതാണല്ലോ പ്രണയം. അതെ, ഹാലിസ് തന്റെ മുതലാളിയുടെ മകൾ ബീഗവുമായി പ്രണയത്തിൽ അകപ്പെടുന്നു. ഇവിടെ ചാമ്പ്യനാവുക ബോൾഡ് പൈലറ്റുമൊത്ത് ഹാലിസോ അതോ.. ഹാലിസും ബീഗവുമായുള്ള പ്രണയമോ…?