എംസോൺ റിലീസ് – 2895
ഭാഷ | പേർഷ്യൻ |
സംവിധാനം | Ebrahim Forouzesh |
പരിഭാഷ | ഷിഹാസ് പരുത്തിവിള |
ജോണർ | ഡ്രാമ |
അബ്ബാസ് കിയറോസ്താമിയുടെ രചനയില്‍ ഇബ്രാഹിം ഫൊറൂസേഷ് സംവിധാനം ചെയ്ത് 1987ല്‍ പുറത്തിറങ്ങിയ ചിത്രമാണ് “ദ കീ”. പേര് സൂചിപ്പിക്കും പോലെ തന്നെ ഒരു താക്കോലാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കഥാപശ്ചാത്തലത്തിലേക്ക് വന്നാല്‍, തന്റെ കുഞ്ഞിനെ അഞ്ച് വയസ്സുകാരനായ മകനെ ഏല്പിച്ച് സാധനങ്ങള്‍ വാങ്ങുവാനായി പുറത്തേക്ക് പോയതാണ് അവരുടെ ഉമ്മ. കുഞ്ഞ് ഉണരുമ്പോള്‍ പാല്‍ കൊടുക്കണമെന്ന് അമീര്‍ മുഹമ്മദ് എന്ന മൂത്തകുട്ടിയോട് പറഞ്ഞേല്പിച്ചിട്ടായിരുന്നു അവര്‍ പോയത്. പക്ഷേ അവന്‍ അതിന്റെ പകുതി കുടിച്ചു, കുറച്ച് പൂച്ചയ്ക്കും കൊടുത്തു, പിന്നെ കുഞ്ഞിന് കൊടുക്കാനായി മാറ്റിവച്ചത് അവന്റെ കൈ തട്ടി താഴെ വീണ് നാശമാവുകയും ചെയ്തു! കുഞ്ഞ് കരച്ചിലും തുടങ്ങി! നിര്‍ത്താതെയുള്ള കരച്ചിൽ!
കരച്ചില്‍ കേട്ട് തൊട്ടടുത്ത് താമസിക്കുന്ന ഒരു സ്ത്രീയും ശേഷം അമീറിന്റെ ഉമ്മൂമ്മയും വരുന്നു. അവര്‍ക്ക് വീട്ടിനകത്തേക്ക് കയറാന്‍ പറ്റുന്നില്ല! കാരണം വീടും പൂട്ടി താക്കോലും കൊണ്ടാണ് അവരുടെ ഉമ്മ പോയിരിക്കുന്നത്! അമീര്‍ ഉമ്മ പുറത്തേക്ക് പോയിരിക്കുകയാണെന്ന് അവരോട് പറഞ്ഞു. അവര്‍ അവന്റെ ഉമ്മ ഇത്ര വൈകുന്നതെന്തെന്ന് ആശ്ചര്യപ്പെടുന്നു. അതും ഒരു പിഞ്ചുബാലനെയും കൈക്കുഞ്ഞിനെയും തനിച്ചാക്കിയിട്ടാണ് അവരുടെ ഉമ്മ പുറത്ത് പോയിരിക്കുന്നത്! ഭീതിയുടെയും ആശ്ചര്യത്തിന്റെയും നടുവില്‍ നില്‍ക്കുമ്പോൾ അവരുടെ മൂക്കുകളെ തഴുകി കൊണ്ട് കരിഞ്ഞ ഗന്ധം കടന്നുപോയി! വൈകിയാണെങ്കിലും അവര്‍ ആ സത്യം മനസ്സിലാക്കി… ഗ്യാസ് അടുപ്പില്‍ എന്തോ ആഹാരം ഇരിക്കുന്നുണ്ട്! അതില്‍ തീയുമുണ്ട്!! കുട്ടികള്‍ അകത്ത് ഒറ്റയ്ക്കാണ്!! കതകും പൂട്ടിയിരിക്കുന്നു!! അത് തുറക്കാനായി പകരം താക്കോലുമില്ല!! അവരുടെ ഉമ്മയെയാണേല്‍ എങ്ങും കാണാനുമില്ല!!!
ശേഷം സ്ക്രീനില്‍…!