എംസോൺ റിലീസ് – 2902
ഭാഷ | ഒഡിയ |
സംവിധാനം | Nila Madhab Panda |
പരിഭാഷ | രോഹിത് ഹരികുമാര്‍ |
ജോണർ | ഡ്രാമ |
ഇന്ത്യന്‍ സിനിമയില്‍ അധികം കേള്‍ക്കാത്ത അല്ലെങ്കില്‍ നമ്മള്‍ കാണാത്ത, പരിചിതമല്ലാത്ത, വളരെ ചെറിയ ഒരു ഇന്‍ഡസ്ട്രിയാണ് ഒഡിയ ഫിലിം ഇന്‍ഡസ്ട്രി. അവിടെ നിന്നുമുള്ള ഒരു കൊച്ചു ചിത്രമാണ് നില മാധബ് പാണ്ടെ 2019-ല്‍ സംവിധാനം ചെയ്ത കളിരാ അടിടാ യസ്റ്റർഡേയ്സ് പാസ്റ്റ്.
ഇന്നിനെയും ഇന്നലെയെയും വളരെ ഭംഗിയായി ഇഴുകിചേര്‍ത്ത ഒരു ചിത്രം.
ഗുണു എന്ന വ്യക്തിയിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന
ഒരു വ്യക്തി. ഇല്ലാതായ കുടുംബത്തെ തേടി അവരോടൊപ്പം ജീവിക്കാന്‍ വേണ്ടി ആഗ്രഹിക്കുന്നു. അതിന് വേണ്ടി കടലെടുത്ത
ഗ്രാമത്തിലേക്ക് പോകുന്നു. ആ വ്യക്തിയുടെ ഇന്നലെകളിലെ ഓര്‍മ്മകളും കുടുംബത്തോടൊപ്പം ജീവിക്കാനുമുള്ള പ്രത്യാശയും
പ്രകൃതിയുമായുള്ള പോരാട്ടവുമാണ് ഈ 82 മിനിറ്റ് ചിത്രം കാണിക്കുന്നത്. കടലെടുക്കുന്ന തീരങ്ങളില്‍ നിന്നും പലായനം ചെയ്യപ്പെടുന്നവരുടെ ജീവിതങ്ങളെ അടയാളപ്പെടുത്തുകയാണ് ഈ ചിത്രം. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും പറയുന്നുണ്ട്.
നാഗരാജ് ദിവാകറുടെ ഛായാഗ്രഹണം, പിതോഭാഷ് ത്രിപാഠിയുടെ പ്രകടനം എന്നിവ എടുത്ത് പറയേണ്ടതാണ്.
ഒഡീഷയുടെ തീരപ്രദേശത്തെ പ്രേക്ഷകന്റെ മനസ്സില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കുന്ന രീതിയില്‍, മനോഹരമായി, ഛായാഗ്രാഹകന്‍ ഒപ്പിയെടുത്തിട്ടുണ്ടെന്ന് പറയാതെ വയ്യ.
93-ാമത് അക്കാഡമി പുരസ്കാരത്തിന് ജനറല്‍ വിഭാഗത്തില്‍ അയച്ച ഈ ചിത്രം മറ്റ് 360 ചിത്രങ്ങളോടൊപ്പം തിരഞ്ഞെടുക്കപ്പെടുകയും മത്സരിക്കുകയും ചെയ്തു.