എംസോൺ റിലീസ് – 2919
ഭാഷ | കൊറിയൻ |
സംവിധാനം | J.Q. Lee & Kim Nam-Soo |
പരിഭാഷ | തൗഫീക്ക് എ |
ജോണർ | ആക്ഷൻ, ഡ്രാമ, ഫാന്റസി |
സ്‌ക്വിഡ് ഗെയിം, മൈ നെയിം, ഹെൽബൗണ്ട് തുടങ്ങിയ സൂപ്പർഹിറ്റ് സീരീസുകൾക്ക് ശേഷം നെറ്റ്ഫ്ലിക്‌സിന്റെ ബാനറിൽ 2022 ൽ പുറത്തിറങ്ങിയ കൊറിയൻ സോമ്പി സർവൈവൽ ത്രില്ലറാണ് “ഓൾ ഓഫ് അസ് ആർ ഡെഡ്“. പതിവ് സോമ്പി സിനിമ, സീരീസ് രീതികളിൽ നിന്ന് വ്യത്യസ്തമായി ഒരു പറ്റം സ്കൂൾ വിദ്യാർഥികളുടെ അതിജീവന കഥയിലൂടെയാണ് സീരീസ് മുമ്പോട്ട് പോകുന്നത്. വളരെ വേഗത്തിൽ പറഞ്ഞ് പോകുന്ന കഥയും ഒരു കഥാപാത്രത്തിൽ മാത്രം ഊന്നി കഥ പറയാതെ എല്ലാ കഥാപാത്രങ്ങൾക്കും വ്യക്തമായ സ്പേസും റോളും കൊടുക്കുന്ന സീരീസ് മറ്റ് സോമ്പി ത്രില്ലറുകളിൽ നിന്നും വേറിട്ട് നിൽക്കുന്നു.
ഒരു സാധാരണ ദിവസം എന്നതിലുപരി മറ്റൊന്നും അന്ന് സ്കൂളിലേക്ക് വരുമ്പോൾ അവർ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ എല്ലാവരുടെയും ജീവിതം കീഴ്മേൽ മറിക്കുന്ന ഒരു ദിവസമായി അത് മാറി. സ്കൂൾ സയൻസ് ലാബിൽ പരീക്ഷണ വസ്തുവായ എലിയിൽ നിന്നും ആ വൈറസ് സ്കൂളിലെമ്പാടും പടരാൻ തുടങ്ങി. എങ്ങനെയാണ് ആ വൈറസ് ഉണ്ടായത്? വിദ്യാര്‍ത്ഥികളിൽ ആരൊക്കെ അതിജീവിക്കും? ഈ വൈറസ് സ്കൂളിന് ഉള്ളിൽ തന്നെ നിൽക്കുമോ?
സാധാരണ ത്രില്ലറുകളിൽ നിന്ന് മാറി എല്ലാത്തിനും വിശദീകരണങ്ങൾ നൽകാനും, കൃത്യമായി പ്രേക്ഷകനെ കഥാപാത്രങ്ങളുടെ ഇമോഷൻസുമായി കണക്ട് ചെയ്യാനും സീരീസിന് കഴിഞ്ഞിട്ടുണ്ട്. ഓരോ എപ്പിസോഡിലും വരുന്ന ട്വിസ്റ്റുകളും, ക്ലിഫ് ഹാങ്ങറുകളും, മുഷിപ്പിക്കാത്ത രീതിയിലുള്ള ആഖ്യാനവും “ഓൾ ഓഫ് അസ് ഡെഡ്” നെ മറ്റ് സീരിസുകളിൽ നിന്ന് വേറിട്ട് നിർത്തുന്നു.
സ്കൂൾ വിദ്യാര്‍ത്ഥികളുടെ കഥ ആയതുകൊണ്ട് തന്നെ അഡൾട്ട് രംഗങ്ങൾ തീരെ ഇല്ലെങ്കിലും അതിതീവ്ര വയലൻസും ചോരക്കളിയും സീരീസിനെ 18+ ആക്കുന്നു. വയലൻസ് രംഗങ്ങളിൽ ഒരു വിട്ടുവീഴ്ചയും കാണിക്കാത്ത നെറ്റ്ഫ്ലിക്സ് ഈ സീരീസിലും അത് ആവർത്തിച്ചു.
ഒരു മണിക്കൂർ മുതൽ ഒന്നേകാൽ മണിക്കൂർ വരെ ദൈർഘ്യമുള്ള
12 എപിസോഡുകളാണ് സീരീസിലുള്ളത്.