എംസോൺ റിലീസ് – 2934
ഭാഷ | ടർക്കിഷ് |
സംവിധാനം | Ömer Faruk Sorak |
പരിഭാഷ | മുബാറക്ക് റ്റി എൻ |
ജോണർ | ഡ്രാമ, റൊമാൻസ് |
“ആഗ്രഹങ്ങളല്ല, തീരുമാനങ്ങളുമല്ല, സന്ദര്‍ഭങ്ങളാണ് മനുഷ്യന്റെ വിധി നിര്‍ണയിക്കുന്നത്”.
ഇസ്താംബൂളിലെ പ്രശസ്ത ഫോട്ടോഗ്രാഫറാണ് ഉസ്ഗുർ. തൻ്റെ പിതാവിൻ്റെ ഓർമ്മക്കായി അയാൾ നടത്തുന്ന ഫോട്ടോ പ്രദർശനത്തിലേക്ക് ഒരു ദിവസം ഒരു യുവതി കയറി വരുന്നു. അവിടെ കാണുന്ന ഒരു ചിത്രം, തൻ്റെ കുട്ടിക്കാലത്തെ ചിത്രമാണ് എന്നാണ് അവളുടെ വാദം. അതിനു പിന്നിലെ കഥകൾ അന്വേഷിച്ച് പോകുന്ന ഇരുവരും, 25 വർഷങ്ങൾക്ക് മുന്നേ അങ്കാറയിൽ വെച്ച് തങ്ങൾ പരസ്പരം കണ്ടുമുട്ടിയിരുന്നു എന്ന സത്യം മനസ്സിലാക്കുന്നു!
തുടർന്ന്, അവരുടെ ജീവിതത്തിൽ നടക്കുന്ന മനോഹര സംഭവങ്ങളും, അവർ പോലും അറിയാതെ അവരുടെ ജീവിതത്തിൽ അന്നേ വരെ നടന്ന യാദൃശ്ചികതകളും സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നു.
ഇസ്താമ്പൂൾ നഗരത്തിൻ്റെ സൗന്ദര്യം ആവോളം ഒപ്പിയെടുത്ത ഛായാഗ്രഹണവും, മനോഹര ഗാനങ്ങളും ചിത്രത്തിൻ്റെ മാറ്റു കൂട്ടുന്നു. സംവിധായകൻ്റെയും, അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളുടെയും ജീവിതത്തിൽ നടന്ന ചില സംഭവങ്ങളെ അടിസ്ഥാനമാക്കി നിർമ്മിച്ച ഈ ചിത്രം, തുർക്കിയിലെ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നു കൂടിയാണ്. പ്രണയം എന്നത് ഒരു വൈകാരികാനുഭവം മാത്രമല്ല, ഒരു വാഗ്ദാനം കൂടിയാണെന്ന് സംവിധായകൻ ഓർമ്മപ്പെടുത്തുകയാണ് ഈ സിനിമയിലൂടെ.
നിങ്ങൾ വിധിയിൽ വിശ്വസിക്കുന്നുണ്ടോ? യാദൃച്ഛികതകൾക്ക് ജീവിതത്തിൽ സ്വാധീനമുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ? എങ്കിൽ ഈ ചിത്രം നിങ്ങൾക്കുള്ളതാണ്.