എംസോൺ റിലീസ് – 2981
ഭാഷ | മാൻഡറിൻ |
സംവിധാനം | Xing Fei |
പരിഭാഷ | തൗഫീക്ക് എ |
ജോണർ | ഡ്രാമ, മിസ്റ്ററി |
ഒരു സിനിമയിലൂടെ പ്രേക്ഷകൻ സഞ്ചരിക്കുമ്പോൾ പലപ്പോഴും ഒരു കഥാപാത്രത്തിന്റെ കണ്ണിലൂടെയാവും ആ സഞ്ചാരം, അത് നായകനാവാം, പ്രതിനായകനാവാം. പ്രേക്ഷകൻ്റെ വീക്ഷണം എന്ന ഈ സംഗതിയെ ചൂഷണം ചെയ്ത്, മൾട്ടി-പെർസ്പെക്ടീവ്, നോൺ ലീനിയർ രീതിയിൽ ആവിഷ്കരിച്ച്, 2013 ൽ പുറത്തിറങ്ങിയ ചൈനീസ് മിസ്റ്ററി ക്രൈം തില്ലറാണ്, സൈലന്റ് വിറ്റ്നസ്സ്. ആരോൺ ക്വക്, നാൻ യൂ, സുൻ ഹോങ് ലെയ് തുടങ്ങി വമ്പൻ താരനിര അണിനിരന്ന ചിത്രം ബോക്സ് ഓഫീസിൽ 250 കോടിയോളം തൂത്ത് വാരി ഹിറ്റായതിനൊപ്പം, ലോകമെമ്പാടും മികച്ച നിരൂപക പ്രശംസയും ഏറ്റുവാങ്ങി.
നിയമ കുരുക്കുകൾ കൊണ്ട് തന്നെ വിരലിലെണ്ണാവുന്ന കോർട്ട് റൂം ത്രില്ലറുകൾ മാത്രമാണ് ചൈനീസ് സിനിമാ ഇൻഡസ്ട്രിയിൽ പുറത്തിറങ്ങിയിട്ടുള്ളത്. ചൈനയിലെ പ്രമുഖ ഗായികയും, വ്യവസായ പ്രമാണിയായ ലിൻ തായുടെ കാമുകിയുമായ യാങ് ഡാൻ ഒരു കാറപകടത്തിൽ കൊല്ലപ്പെടുന്നു. ആ കേസിൽ അറസ്റ്റിലായത് ലിൻ തായുടെ മകളായ ലിൻ മെങ്മെങും. വ്യക്തമായ തെളിവുകളുള്ള കേസിൽ ചൈനയിലെ ഏറ്റവും വില കൂടിയ വക്കീലായ ഷാവോ ലീക്ക് അവളെ കുറ്റവിമുക്തയാക്കാൻ പറ്റുമോ? അതോ പബ്ലിക് പ്രോസിക്യൂട്ടർ ടോങ് താവോയ്ക്ക് വിജയിക്കാനാവുമോ? കഥ ഇതാണെങ്കിലും പ്രേക്ഷകനെ കാത്തിരിക്കുന്നത് സംവിധായകൻ ഫെയ് ഷിങ് ഒരുക്കിയ കരവിരുതാണ്.
ആദ്യ നിമിഷം മുതൽ പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് തന്നെയാണ് ചിത്രത്തിന്റെ പോക്ക്. കഥയ്ക്കും കഥാപാത്രങ്ങൾക്കും പ്രത്യേക മുഖവുര നൽകാതെ, സിനിമക്കൊപ്പം പറഞ്ഞു പോകുന്ന ശൈലി, പ്രേക്ഷകനെ ഒരു നിമിഷം പോലും വിരസതയിലേക്ക് തള്ളി വിടാതെ, ത്രില്ലടിപ്പിച്ച് നിർത്തുന്നു. വളരെ വേഗത്തിൽ പോകുന്ന കഥയും, ഒന്നിന് പുറകേ ഒന്നായി വരുന്ന ട്വിസ്റ്റുകളും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.
മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടെങ്കിലും കഥയുടെ ആഖ്യാനശൈലി കൊണ്ട് തന്നെ ഒറിജിനൽ വേറിട്ട് നിക്കുന്നു. ചുരുക്കത്തിൽ, ക്രൈം ത്രില്ലർ പ്രേമികളും പുതിയ സിനിമാ ആഖ്യാന ശൈലികൾ തേടി പോകുന്നവരും ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത ചിത്രമാണ് സൈലന്റ് വിറ്റ്നസ്സ്.