എംസോൺ റിലീസ് – 2991
ഓസ്കാർ ഫെസ്റ്റ് 2022 – 05
ഭാഷ | പേർഷ്യൻ |
സംവിധാനം | Asghar Farhadi |
പരിഭാഷ | പ്രവീൺ അടൂർ & നിഷാദ് ജെ. എൻ |
ജോണർ | ഡ്രാമ |
ഫർഹാദിയുടെ ചിത്രങ്ങൾ അങ്ങനെയാണ്. പലവിധ ജീവിതവ്യഥകൾ പേറുന്ന ട്രെയയിൻ യാത്രക്കാർ ഉള്ള ഒരു കംപാർട്ട്മെന്റിലേക്ക് നമ്മളും ഇടക്കെവിടെയോ നിന്ന് കയറുന്നു. അവരുടെ നഷ്ടങ്ങളും ത്യാഗങ്ങളുമെല്ലാം നമ്മുടേതുകൂടിയാകുന്നു. അവരുടെ മാനസികസംഘർഷങ്ങളിൽപ്പെട്ട് നമ്മളും ഉഴലുന്നു. ഇവിടെ റഹിം പരോളിൽ ഇറങ്ങുമ്പോൾമുതൽ നമ്മളും ആ കഥാപാത്രത്തോടൊപ്പം കൂടുന്നു. അവന്റെ ചിന്തകൾ നമ്മുടേതാകുന്നു. പ്രാരാബ്ദങ്ങൾക്ക് പരിഹാരങ്ങൾ പറഞ്ഞുകൊടുക്കാൻ മനസ്സുകൊണ്ട് ശ്രമിക്കുന്നു. അയാളുടെ നിസ്സഹായതകളിൽ നമ്മുടെ മനസ്സും അസ്വസ്തമാകുന്നു. ശരിതെറ്റുകളുടെ തുലാസിൽ അളന്നുമുറിച്ചുള്ള ജീവിതം അസാധ്യമാണെന്ന് സിനിമ തീരുമ്പോൾ നമുക്ക് ബോധ്യപ്പെടും.
സിനിമയിലേക്ക് വന്നാൽ, റഹിമിന് ഒരു ബാഗ് കളഞ്ഞുകിട്ടുന്നു. അതിൽ നിറയെ സ്വർണ്ണനാണയങ്ങളാണ്. കടം വാങ്ങിയിട്ട് തിരികെ നൽകാത്തതിനാണ് റഹിം അകത്തുകിടക്കുന്നത്. ആ സഹാഹചര്യത്തിലും അയാളത് ഉടമയെ കണ്ടുപിടിച്ച് ഏൽപ്പിക്കുന്നു. റഹിമിൻ്റെ സത്യസന്ധത മനസ്സിലാക്കിയ ജയിലധികൃതർ അത് ലോക്കൽ ചാനലിൽ വാർത്തയാക്കുന്നു. അങ്ങനെ റഹീം ഹീറോയാകുന്നു. ഇങ്ങനെയായിരുന്നു സംഭവിക്കേണ്ടിയിരുന്നത്. പക്ഷേ നേരത്തേ പറഞ്ഞ സാഹചരിയങ്ങളിൽ ചില മാറ്റങ്ങളുണ്ട്. ഈ കഥ റഹീം മെനഞ്ഞുണ്ടാക്കിയതാണെങ്കിലോ? പ്രേക്ഷകർക്കും റഹീമിനും അവന്റെ കാമുകിക്കും മാത്രമേ സത്യമറിയൂ. ആ സത്യം, നിങ്ങളാണെങ്കിൽ വെളിപ്പെടുത്തുമായിരുന്നോ? ശരിക്കും ആരാണ് ഹീറോ? സിനിമ കണ്ടിട്ട് പറയൂ. കാഴ്ചക്കാരുമായി നേരിട്ടാണ് ചിത്രത്തിലൂടെ ഫർഹാദി സംസാരിക്കുന്നത്. 94 ആമത് അക്കാദമി അവാർഡിനായുള്ള ഇറാന്റെ ഒഫീഷ്യൽ ചിത്രമായിരുന്നു എ ഹീറോ.
– പ്രവീൺ അടൂർ