എംസോൺ റിലീസ് – 2996
ഭാഷ | നിശബ്ദ ചിത്രം |
സംവിധാനം | Dziga Vertov |
പരിഭാഷ | മുബാറക് ടി എൻ |
ജോണർ | ഡോക്യുമെന്ററി, മ്യൂസിക്കല് |
ഈ ഉപകരണം വിൽപ്പനയ്ക്കുള്ളതല്ല. വാങ്ങുന്നവരുടെ സാമ്പത്തിക ശേഷി കുറയ്ക്കാൻ മാത്രമേ ഇതുപകരിക്കൂ. ചിലപ്പോൾ, കുറച്ചു നാളത്തേക്ക് ശാസ്ത്രീയ അഭിരുചി വളർത്താൻ ഇത് സഹായിക്കും. അതിനപ്പുറത്തേക്ക്, ഈ ഉപകരണത്തിന് യാതൊരു ഭാവിയും ഞാൻ കാണുന്നില്ല.”
താൻ നിർമിച്ച ക്യാമറ വാങ്ങാനെത്തിയ ജോർജസ് മെലീസിന്റെ ആവശ്യത്തോട് മുഖം തിരിച്ചു കൊണ്ട്, ലൂമിയേ സഹോദരൻമാരുടെ പിതാവ്, അൻ്റോയിൻ ലൂമിയേ പറഞ്ഞ വാക്കുകളാണ് മുകളിൽ വായിച്ചത്. തന്നെ കടക്കെണിയിലെത്തിച്ച ഒരുപകരണം, മറ്റൊരാളെ കൂടി അതേ അവസ്ഥയിൽ എത്തിക്കേണ്ട എന്നു കരുതിയാണ് അന്നദ്ദേഹം അങ്ങനെ പറഞ്ഞത്. പിൽക്കാലത്ത്, A Trip to the Moon എന്ന വിഖ്യാത ചിത്രം നിർമിച്ചു കൊണ്ട്, സിനിമയ്ക്ക് പുതിയൊരു വ്യാഖ്യാനം തന്നെ മെലീസ് സൃഷ്ടിച്ചു.
എന്താണ് ഒരു സിനിമയുടെ ഉദ്ദേശ്യം? സീഗ്ഫ്രെഡ് ക്രോക്കറെന്ന ചലച്ചിത്ര സൈദ്ധാന്തികൻ്റെ അഭിപ്രായത്തിൽ, “ഭൗതിക യാഥാർത്ഥ്യത്തിൻ്റെ വിമോചനമാണ് സിനിമ”. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ രൂപപ്പെട്ട സിനിമകളിലും ഇതേ രീതിയിലുള്ള ആവിഷ്കാരങ്ങൾ കണ്ടെത്താൻ കഴിയും. അതിൽ ഏറ്റവും പ്രധാന്യം അർഹിക്കുന്ന ഒന്നാണ്,
1929 ൽ റഷ്യക്കാരനായ സീഗാ വെർതോവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നിശബ്ദ ചിത്രമായ മാൻ വിത്ത് എ മൂവി ക്യാമറ. 1920 കളിലെ സോവിയറ്റ് നഗരത്തിൻ്റെ ഒരു ദിവസത്തെ ദൃശ്യങ്ങളാണ് ഇതിൽ പകർത്തിയിരിക്കുന്നത്. നഗരത്തിന്റെ ആധുനികതയും, ഉയരമേറിയ കെട്ടിടങ്ങളും, അവിടത്തെ വ്യവസായങ്ങളും, സോവിയറ്റ് റഷ്യയിലെ ദൈനംദിന ജീവിതവും, യന്ത്രങ്ങളുമെല്ലാം പ്രേക്ഷകന് മുന്നിൽ തെളിയുന്നു.
4 വർഷം കൊണ്ട് ചിത്രീകരിച്ച സിനിമയുടെ കഥാ പരിസരം എവിടെയെന്ന് ഒരിടത്തു പോലും പറയുന്നില്ല. 1775 ഷോട്ടുകൾ അതിവിദഗ്ധമായി സംയോജിപ്പിച്ച ചിത്രം പറയുന്നത്, ഒരു നഗരത്തിന്റെ കഥയാണ്. അവിടത്തെ ജനങ്ങളുടെ കഥയാണ്. എല്ലാത്തിലും ഉപരിയായ്, ഒരു ക്യാമറയുടെ യഥാർത്ഥ കഴിവ് എന്തെന്ന് ലോകത്തിന് മുന്നിൽ വരച്ചു കാട്ടുകയാണ്. അക്കാലത്തെ സാങ്കേതിക പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ടാണെങ്കിലും, നൂതനമായ സിനിമാറ്റിക് ടെക്നിക്കുകളാണ് സിനിമയിലുടനീളം വെർതോവ് ഉപയോഗിച്ചിരിക്കുന്നത്. Multiple Exposure, Fast Motion, Slow Motion, Freeze Frames, Match Cuts, Jump Cuts, Split Screens, Dutch Angles, Extreme Close-Ups, Tracking Shots, Reversed Footage, Stop Motion വിദ്യകളെല്ലാം അദ്ദേഹം പരീക്ഷിച്ചിട്ടുണ്ട്.
എക്കാലത്തെയും മികച്ച 10 ചിത്രങ്ങളിൽ ഒന്നായി ബ്രിട്ടിഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുത്ത ഈ ചിത്രം, സെക്കൻഡിൽ 24 ഫ്രെയിമുകളോടുന്ന സിനിമയെന്ന സത്യത്തെ മുൻനിർത്തിയുള്ള വേറിട്ട ഒരു പരീക്ഷണം തന്നെയാണെന്ന് പറയാം.