എംസോൺ റിലീസ് – 2999
ഭാഷ | മാൻഡറിൻ |
സംവിധാനം | Johnnie To |
പരിഭാഷ | തൗഫീക്ക് എ |
ജോണർ | ആക്ഷൻ, കോമഡി, ക്രൈം |
വിഖ്യാത ഏഷ്യൻ സംവിധായകൻ ജോണി ടോയുടെ സംവിധാനത്തിൽ ആൻഡി ലോയും സാമി ചെങും നായികാനായകന്മാരായി എത്തിയ ചൈനീസ് ആക്ഷൻ കോമഡി ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ബ്ലൈൻഡ് ഡിറ്റക്ടീവ്. 2013 ൽ കാനസ് ഫിലിം ഫെസ്റ്റിവലിൽ റിലീസ് ചെയ്ത ചിത്രം, സാക്ഷാൽ ക്വിൻ്റൺ ടറാൻ്റീനോ പോലും പ്രകീർത്തിച്ച ജോണി ടോയുടെ കൊമേഴ്സ്യൽ സിനിമയിലേക്കുള്ള കാൽവെപ്പായിരുന്നു.
അതീവ ബുദ്ധിശാലിയും ധൈര്യശാലിയുമായിരുന്ന പോലീസ് ഡിക്ടറ്റീവ് ജോൺസ്റ്റന്, ഒരു കുറ്റവാളിയെ പിന്തുടരുന്നതിനിടയിൽ തന്റെ കാഴ്ച നഷ്ടപ്പെടുന്നു. ഒരിക്കലും കാഴ്ച തിരിച്ചു കിട്ടില്ലെന്നറിഞ്ഞ ജോൺസ്റ്റന് ഡിറ്റക്ടീവ് ജോലിയിൽ നിന്ന് വിരമിക്കേണ്ടി വരുന്നു. എന്നാൽ തൻ്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്ന ജോൺസ്റ്റൺ, പാരിതോഷികങ്ങൾക്കായി തെളിയിക്കപ്പെടാതെ കിടക്കുന്ന കോൾഡ് കേസുകൾ തെളിയിക്കാൻ തുടങ്ങി. അതിനിടയിൽ പോലീസാവാനുള്ള ബുദ്ധിയില്ലായെന്ന് പറഞ്ഞ് വിഷമിച്ച് നടക്കുന്ന ഓഫീസർ ഹോ, ജോൺസ്റ്റനെ കണ്ടുമുട്ടുന്നു. അവളുടെ ഒരു പഴയ മിസ്സിംഗ് കേസ് ജോൺസ്റ്റൺ ഏറ്റെടുക്കുന്നു. എന്നാൽ അവരെ കാത്തിരുന്നത് അഴിയാക്കുരുക്കുകളും ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളുമായിരുന്നു.
ഒരു കേസിലൂന്നി കഥ പറയാതെ നർമ്മത്തിന്റെ മേമ്പൊടിയിൽ, ഒരു പിടി കേസുകളിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. അതിനാൽ തന്നെ അസാധ്യ വേഗത്തിൽ, പ്രേക്ഷകന് ഒട്ടും ഊഹിക്കാൻ സമയം കൊടുക്കാതെയാണ് കഥയുടെ പോക്ക്. ഒരു കൈയിൽ തോക്കും മറ്റൊരു കൈയിൽ തലയോട്ടിയും പിടിച്ചു നിൽക്കുന്ന ആൻഡി ലോയുടെ ചിത്രം അന്ന് വൈറലാകുകയുണ്ടായി. വിവിധ ഫിലിം ഫെസ്റ്റിവലുകളിലായി നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ചിത്രം, ബോക്സ് ഓഫീസിൽ തരംഗമായി 300 കോടിയിലധികം നേടി ആ വർഷത്തെ ടോപ്പറായി മാറി.