എംസോൺ റിലീസ് – 3067
ഭാഷ | റഷ്യൻ |
സംവിധാനം | Dzhanik Fayziev & Ivan Shurkhovetskiy |
പരിഭാഷ | ഐക്കെ വാസിൽ |
ജോണർ | ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി |
പതിമൂന്നാം നൂറ്റാണ്ട്. മംഗോളുകൾ വിശാലമായ റഷ്യൻ മണ്ണിലെ അനേക നഗരങ്ങൾ തകർത്തെറിഞ്ഞ് മുന്നേറുന്ന കാലം. പതിമൂന്നാം വയസ്സിൽ മംഗോളുകളുടെ ക്രൂരമായ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും, ഓരോ പ്രഭാതത്തിലും കഴിഞ്ഞു പോയതൊന്നും ഓർക്കാനാവാത്ത മറവിരോഗം ബാധിച്ചിരുന്നു എവ്പാതി കൊലോവ്റാതിന്.
കടന്നു പോകുന്ന ഓരോ നാടും ക്രൂരമായ ആക്രമണങ്ങളിലൂടെ കീഴടക്കി മുന്നേറിയ മംഗോളുകൾ റയാസാൻ നഗരത്തിലുമെത്തി. സമ്മാനങ്ങൾ നൽകി അവരുമായി സന്ധിയാകാൻ യുരി രാജകുമാരൻ തന്റെ മകനെയും എവ്പാതിയെയും മംഗോൾ നേതാവ് ബാതു ഹാൻറെ കൂടാരത്തിലേക്കയച്ചു.
സമ്മാനങ്ങൾക്കൊപ്പം തങ്ങളുടെ അഭിമാനവും ബാതു ഹാന്റെ കാൽക്കീഴിൽ അടിയറ വയ്ക്കേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ എവ്പാതി, മഹത്തായ മംഗോൾ സാമ്രാജ്യത്തിന്റെ മഹാനായ ഹാൻ തന്റെ മുന്നിൽ മുട്ടുകുത്തുമെന്ന് ധീരമായി പ്രഖ്യാപിച്ചു.
റയാസാനെന്ന തങ്ങളുടെ പ്രിയപ്പെട്ട നഗരം തകർത്ത പതിനായിരക്കണക്കിനു വരുന്ന സർവായുധ സജ്ജരായ മംഗോൾ സൈന്യത്തോട്, പുഞ്ചിരിയോടെ മരണം പുൽകാൻ തയ്യാറായ പതിനേഴ് യോദ്ധാക്കൾ നടത്തിയ മഹത്തായ യുദ്ധത്തിന്റെ വീരേതിഹാസമാണ് ഈ സിനിമ.
റഷ്യയുടെ നാടൻപാട്ടുകളിൽ ഇന്നും വാഴ്ത്തപ്പെടുന്ന എവ്പാതി കൊലോവ്റാതിൻറെയും അയാളിൽ വിശ്വാസമർപ്പിച്ച ഏതാനും വീരന്മാരുടെയും കഥ. റഷ്യൻ സംവിധായകരായ സാനിക് ഫയ്സിയേവും ഇവാൻ ഷർകോവെറ്റ്സ്കിയും ചേർന്ന് സംവിധാനം ചെയ്ത ഈ സിനിമ മനോഹരമായ ഛായാഗ്രഹണം കൊണ്ടും തീവ്രമായ യുദ്ധരംഗങ്ങൾ കൊണ്ടും സമ്പന്നമായ ഒരു ദൃശ്യാനുഭവമാണ്.