എംസോൺ റിലീസ് – 3083
ഭാഷ | കൊറിയൻ |
സംവിധാനം | Dong-hoon Choi |
പരിഭാഷ | വിഷ് ആസാദ് |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി |
റ്യൂ ജുന്-യോള്‍, കിം തെ-രി, കിം വൂ-ബിന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തി, പ്രശസ്ത സംവിധായകന് ഡോങ്-ഹൂന് ചോ സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ കൊറിയന്‍ സിനിമയാണ് ഏലിയനോയ്ഡ്: പാര്‍ട്ട് 1.
വമ്പന്‍ ഹിറ്റുകളായ “ദി തീവ്സ്‘ ,’ അസ്സാസിനേഷന്‍’ എന്നിവയ്ക്ക് ശേഷം ഡോങ്-ഹൂന് ചോ ഒരുക്കിയ ഈ ചിത്രം ആക്ഷന്‍, ഹിസ്റ്റോറിക്കല്‍ ഫാന്റസി, സയൻസ് ഫിക്ഷൻ, കോമഡി തുടങ്ങി പലതരം ജോണറുകളുടെ സങ്കലനമാണ്.
പേര് സൂചിപ്പിക്കുംപോലെ ഏലിയനും മനുഷ്യരുമാണ് ഈ സിനിമയുടെ ഇതിവൃത്തം. മ്യൂട്ടേഷന് സംഭവിച്ച് അപകടകാരികളായി മാറുന്ന പാരോ എന്ന അന്യഗ്രഹജീവികളെ മനുഷ്യ ശരീരത്തില്‍ തടവിലാക്കുന്നു. സ്ഥല-കാല വ്യത്യാസമില്ലാതെ നടക്കുന്ന ഈ പ്രക്രിയയ്ക്ക് ചുക്കാന്‍ പിടിക്കുന്നതും തടവുകാരുടെ നിയന്ത്രണവും ഏതോ ഗ്രഹത്തില്‍ നിന്നു വന്ന റോബോട്ടുകളായ ഗാര്‍ഡിനും തണ്ടറിനുമായിരുന്നു. ഇവര്‍ പതിനാലാം നൂറ്റാണ്ടില്‍ നിന്ന് ഒരു പെണ്‍കുഞ്ഞിനെ ഈ കാലഘട്ടത്തിലേക്ക് കൊണ്ടുവരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും പലതരം ജോണറുകളുടെ സഹായത്തോടെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
നല്ല ആക്ഷന്‍ സീക്വന്‍സുകളും ഗംഭീര വി.എഫ്.എക്സും അഭിനേതാക്കളുടെ പ്രകടനങ്ങളും ചിത്രത്തിന് മാറ്റ് കൂട്ടുന്നു. സിനിമയിലെ ത്രില്ലിംഗ് മൂഡ് തമാശയുടെയും ആക്ഷന്റേയും സഹായത്തോടെയും ജോണറുകളെ നന്നായി ബന്ധിപ്പിക്കുന്നതിലൂടെയും അവതരിപ്പിക്കുന്നതില്‍ സംവിധായകന് വിജയിച്ചിരിക്കുന്നു. സിനിമ ബാക്കിയാക്കുന്ന സംശയങ്ങളും അടുത്ത ഭാഗത്തിന് വഴിമരുന്നിടുന്ന ത്രില്ലിംഗ് ക്ലൈമാക്സും രണ്ടാം ഭാഗത്തിനായി കാത്തിരിക്കാന്‍ പ്രേക്ഷകനെ നിര്‍ബന്ധിതനാക്കുന്നു.