എംസോൺ റിലീസ് – 806
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Tony Scott |
പരിഭാഷ | ഗിരി പി. എസ് |
ജോണർ | ആക്ഷൻ, ഡ്രാമ |
ഒരു കൂട്ടം പൈലറ്റുകളുടെ കഥ പറയുന്ന ചിത്രമായി 1986 യിൽ ടോണി സ്കോട്ടിന്റെ സംവിധാനത്തിൽ ടോം ക്രൂസ് നായകനായി പുറത്തിറങ്ങിയ ചിത്രമാണ് “ടോപ്പ് ഗൺ.”
ടോം ക്രൂസ് അവതരിപ്പിച്ച നായക കഥാപാത്രമായ മാവെറിക് മിച്ചലിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മാവെറിക്കും സുഹൃത്തായാ ഗൂസും ഒരു സാഹചര്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ച പൈലറ്റുകളെ വാർത്തെടുക്കാൻ രൂപീകരിക്കപ്പെട്ട ടോപ്പ് ഗൺ എന്ന നേവി ട്രെയിനിങ് ക്യാമ്പിൽ എത്തുന്നു. പൈലറ്റ് ആയിരുന്ന തന്റെ അച്ഛൻ രാജ്യത്തിനും കുടുംബത്തിനും നൽകിയ ചീത്തപ്പേര് ഏത് വിധേനയും ഇല്ലായ്മ ചെയ്യണം എന്നതാണ് മാവെറിക്കിന്റെ ജീവിതലക്ഷ്യം തന്നെ. അതിന് അയാൾ മറ്റാരും ചെയ്യാത്ത പല സാഹസികതയും തന്റെ ട്രെയിനിങ് സമയത്തും വ്യോമ-യുദ്ധമുഖത്തും ചെയ്യുകയും തന്മൂലം അതയാളെ കൂടുതൽ വിമർശനങ്ങൾക്ക് വിധേയനാക്കുകയും ചെയ്യുന്നു.
ടോപ്പ് ഗൺ എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയിലൊന്ന് ചിത്രം റിലീസായി 36 വർഷങ്ങൾക്ക് ശേഷവും ആ ചിത്രം തരുന്ന ക്വാളിറ്റിയാണ്. 2022 യിൽ കാണുന്ന ഒരു പ്രേക്ഷകനും ഇത് 36 വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രമാണെന്ന് തോന്നാത്തവിധമാണ് അണിയറ പ്രവർത്തകർ ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിലെ ഡോഗ് ഫൈറ്റെല്ലാം ഇന്നും പുതുമ നഷ്ടപ്പെടാതെ നില്കുന്നുവെന്നതും ശ്രദ്ധേയമാണ്. ഇറങ്ങിയ സമയം അമേരിക്കയിൽ വലിയ വിജയമായ ചിത്രം ഒരുപാട് നിരുപക പ്രശംസയും നേടിയിരുന്നു, ചിത്രത്തിന്റെ റിലീസിന് ശേഷം അമേരിക്കയിലെ നേവൽ റിക്രൂട്ട് ഓഫീസുകളിലേക്ക് നേവൽ ഏവിയേറ്ററന്മാരാകാൻ ആഗ്രഹിച്ചെത്തിയ യുവാക്കളുടെ എണ്ണം വൻ തോതിൽ വർധിച്ചെന്നത് അന്നത്തെ വാർത്തകളിൽ ശ്രദ്ധ നേടിയ കാര്യമായിരുന്നു. കൂടാതെ റെയ്‌ബൻ ഗ്ലാസുകൾക്ക് ലോക വ്യാപകമായി ഒരു മാർക്കറ്റ് ഉണ്ടാവാൻ കാരണം ഈ ചിത്രമാണെന്നും പറയപ്പെടുന്നു.
2022-യിൽ “ടോപ്പ് ഗൺ: മാവെറിക്” എന്ന പേരിൽ ചിത്രത്തിന്റെ രണ്ടാം പതിപ്പ് ഇറങ്ങുകയും അതും വൻ പ്രേഷക സ്വീകാര്യത നേടുകയും ചെയ്തിരുന്നു.