എം-സോണ്‍ റിലീസ് – 1071
ഭാഷ | ഹിന്ദി |
സംവിധാനം | Sharat Katariya |
പരിഭാഷ | ശ്രീജിത്ത് കെ പി |
ജോണർ | കോമഡി, ഡ്രാമ, റൊമാൻസ് |
ഹരിദ്വാറിൽ വീഡിയോ കാസറ്റ് കട നടത്തുന്ന പ്രേംപ്രകാശ് തിവാരി വീട്ടുകാരുടെ നിർബന്ധം കാരണം, അമിതവണ്ണമുള്ള സന്ധ്യയെ വിവാഹം ചെയ്യുകയാണ്. സന്ധ്യ സ്‌കൂൾ ടീച്ചറാവാൻ പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്. അവൾക്കൊരു ജോലി ലഭിച്ചാൽ വീട്ടിലേക്കൊരു വരുമാനവും അതുവഴി സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് അറുതിവരികയും ചെയ്യുമെന്ന് പ്രേമിന്റെ അച്ഛൻ വിശ്വസിച്ചു. ഇഷ്ടമല്ലാത്ത വിവാഹത്തിലുള്ള തന്റെ എതിർപ്പൊ, താല്പര്യങ്ങളോ, എന്തിന് ഒരഭിപ്രായം പോലും അച്ഛനോട് തുറന്നുപറയാനുള്ള തന്റേടവും ധൈര്യവും പ്രേമിനില്ലായിരുന്നു. വിവാഹശേഷം പ്രേം സന്ധ്യയെ പൂർണമായും അവഗണിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്യുകയാണ്. അപമാനം സഹിക്കാൻ വയ്യാതെ സന്ധ്യ ഡിവോഴ്സിനൊരുങ്ങുകയാണ്. സൗന്ദര്യം ശരീരത്തിലല്ല, മനസ്സിലാണ് വേണ്ടതെന്ന് ഈ സിനിമ പറയുന്നു.
യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ശരത് കടാരിയ രചനയും സംവിധാനവും നിരവഹിച്ച് ആയുഷ്മാൻ ഖുറാന, ഭൂമി പട്നേക്കർ , സഞ്ജയ് മിശ്ര, അൽക അമിൻ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. “മോഹ് മോഹ് കേ ധാഗേ” എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൊണാലി ടാക്കുറിനും, അതേ ഗാനത്തിന് മികച്ച രചയിതാവിനുള്ള അവാർഡ് വരുൺ ഗ്രോവറിനും ലഭിച്ചു. “പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്” എന്ന സിനിമയുടെ സംഗീതസംവിധായകൻ ആന്ദ്രേ ഗ്വേരയാണ് ഈ സിനിമയുടെ പശ്ചാത്തലസംഗീതം നിർവഹിച്ചത്.