എം-സോണ് റിലീസ് – 1093
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Joe Penna |
പരിഭാഷ | വെന്നൂർ ശശിധരൻ |
ജോണർ | അഡ്വെഞ്ചർ, ഡ്രാമ |
ഹിമപാളികൾ ശില പോലെ ഉറച്ചു പോയ ആർട്ടിക് ധ്രുവപ്രദേശം. സൂര്യപ്രകാശം വല്ലപ്പോഴും മാത്രം, എത്തി നോക്കുന്ന, ശീതക്കാറ്റ് സദാ വീശിയടിക്കുന്ന, സസ്യജാലത്തിന്റെ ഒരു തളിരു പോലുമില്ലാത്ത ധവള ഭൂമിക. അവിടെ അയാൾ ചെറു യാത്രാവിമാനം തകർന്ന് ഒറ്റപ്പെട്ടിട്ട് ദിവസങ്ങളായി.കടുത്ത ഹിമപാതത്തിൽ ശരീരവും മനസ്സും മരവിച്ചു പോയിരിക്കുന്നു. ഹിമപാളികൾക്കു കീഴെ തണുത്ത ജലാശയത്തിൽ നിന്ന് ചൂണ്ടയിൽ വല്ലപ്പോഴും കുടുങ്ങുന്ന മത്സ്യം കഴിച്ച് വിശപ്പടക്കി അയാൾ ദിവസങ്ങൾ തള്ളിനിക്കുകയാണ്: മരണം തക്കം പാർത്ത് മുന്നിലുണ്ടെങ്കിലും രക്ഷക്കായി ആരെങ്കിലും വന്നെത്തും എന്ന പ്രതീക്ഷയോടെ.
ഒരു ദിവസം അത് സംഭവിക്കുന്നു. ഒരു ഹെലികോപ്റ്റർ വിദൂരതയിൽ ആകാശത്ത് പ്രത്യക്ഷപ്പെടുന്നു. ആവുന്നത്ര ഉച്ഛത്തിൽ ഒച്ചയുണ്ടാക്കി തന്റെ സാന്നിദ്ധ്യം അയാൾ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. രക്ഷിക്കാനെന്നവണ്ണം ഹെലികോപ്റ്റർ അയാളെ ലക്ഷ്യമാക്കി വരുന്നു.പെട്ടെന്ന് വീശിയടിച്ച ഹിമക്കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്റർ നിലം പതിക്കുന്നു. പരിഭ്രാന്തനും, നിരാശനുമായ അയാൾ അതിന് സമീപത്തേയ്ക്ക് പാഞ്ഞെത്തുന്നു. പൈലറ്റ് മരിച്ചിരിക്കുന്നു. ജീവന്റെ ചെറിയ ഒരു മിടിപ്പ് മാത്രമുള്ള മറ്റൊരാൾ അതിനകത്തുണ്ട്.അതാവട്ടെ ഒരു യുവതിയും. അയാൾക്ക് സ്വയം ഒരു തീരുമാനത്തിലെത്തേണ്ടതുണ്ട്. ആരുടെ ജീവനാണ് നിലനിൽക്കേണ്ടത്? ഏതിനാണ് മൂല്യം? സ്വന്തം ജീവനോ? അവളുടേതോ? അതോ രണ്ടു പേരുടേതുമോ?
ധ്രുവപ്രദേശത്ത് ഒറ്റപ്പെട്ടു പോകുന്ന പര്യവേഷകനായി മാഡ്സ് മിക്കിൾസൻ അഭിനയിക്കുന്നു. രണ്ടായിരത്തി പതിനെട്ടിലെ കാൻ ഫെസ്റ്റിവലിൽ ചിത്രം മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാര പട്ടികയിൽ ഇടം പിടിച്ചിരുന്നു.രണ്ടേ രണ്ടു കഥാപാത്രങ്ങൾ മാത്രമുള്ള ഈ സിനിമ പരീക്ഷണ ചിത്രങ്ങളിൽ തൽപ്പരരായ പ്രേക്ഷകരെ തൃപ്തിപ്പെടുത്തും എന്നത് സ്പഷ്ടം.