എംസോൺ റിലീസ് – 3143
ഭാഷ | ജാപ്പനീസ് |
സംവിധാനം | Kôjirô Hashimoto |
പരിഭാഷ | ഹബീബ് ഏന്തയാർ & ശ്രുതി രഞ്ജിത്ത് |
ജോണർ | കോമഡി, ഡ്രാമ, റൊമാൻസ് |
പുറം തൊലിയ്ക്ക് കയ്പ്പുള്ളതും അകമേ രുചിയാല്‍ സമൃദ്ധമായതുമായ ഒരു ഓറഞ്ച് സമ്മാനിക്കുന്നതിന് സമാനമായ സമ്മിശ്ര അനുഭൂതികളാണ് ജീവിതം നമുക്ക് നല്‍കുന്നത്.
കുറ്റബോധത്തിന്റെ കടലില്‍ മുങ്ങിത്താഴുന്ന നാഹോയ്ക്ക് തന്റെ ഭൂതകാലത്തില്‍ മാറ്റം വരുത്തണമെന്ന് അതിയായ ആഗ്രഹം തോന്നിയ സമയത്താണ് പത്ത് വര്‍ഷം മുമ്പുള്ള തനിക്ക് തന്നെ അവൾ ഒരു കത്തെഴുതാന്‍ തീരുമാനിക്കുന്നത്. പത്ത് വര്‍ഷം മുമ്പുള്ള ഒരു വസന്തകാലത്തെ പൂക്കള്‍ക്കിടയില്‍ കാലം സമ്മാനിച്ച ആ കത്ത് വായിച്ച പതിനാറുകാരി നാഹോ ഞെട്ടി. വിശ്വാസം വരാതെ കത്തും കൈയില്‍ വച്ച് മുന്നോട്ട് നോക്കിയിരിക്കുമ്പോഴാണ് ആ കത്തില്‍ ആദ്യമായി പ്രതിപാദിച്ച കാര്യം സംഭവിക്കുന്നത്. ടോക്കിയോയില്‍ നിന്നും ആറാം തരത്തില്‍ പുതിയായി ചേര്‍ന്ന വിദ്യാര്‍ഥി കകേരുവിന്റെ ആഗമനം കത്തിന്‍റെ ഗൗരവത്തെ അവള്‍ക്ക് മനസ്സിലാക്കിക്കൊടുത്തു. പിന്നീടങ്ങോട്ട് ആ കത്തിലെ ഓരോ വാക്കുകളും അച്ചട്ടാവുന്ന കാഴ്ച്ചയ്ക്കാണ് നാഹോ സാക്ഷിയായത്. സൗഹൃദത്തെയും പ്രണയത്തെയും മനോഹരമായി ആവിഷ്ക്കരിച്ച ചിത്രം ഹൃദയസ്പര്‍ശിയായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്.
പത്തുവര്‍ഷത്തിനപ്പുറവും ഹൃദയത്തെ നൊമ്പരപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ കുറ്റബോധത്തെ മാറ്റിയെടുക്കാന്‍ നാഹോയ്ക്കാകുമോ? ആ ചോദ്യത്തിന് നാഹോയ്ക്കും പ്രേക്ഷകര്‍ക്കും എപ്രകാരത്തിലുള്ള ഉത്തരമാകും ”ഓറഞ്ച്” എന്ന ഈ മനോഹര പ്രണയഗീതം നൽകുക?
ആലീസ് ഇൻ ബോർഡർലാന്റ് എന്ന ലോക പ്രശസ്ത ജാപ്പനീസ് സീരീസിലൂടെ ലോക ശ്രദ്ധ നേടിയ റ്റാവോ സുചിയയും, കെന്റാേ യാമസാക്കിയും ഒരുമിച്ചഭിനയിച്ച ഓറഞ്ച്, റിലീസായ ആദ്യവാരം ജാപനീസ് ബോക്സോഫീസില്‍ ഒന്നാം സ്ഥാനം നേടിയെടുത്തു. 2015-ല്‍ ജപ്പാനിൽ പണംവാരിയ ചിത്രങ്ങളില്‍ മുന്‍പന്തിയിലും ഉണ്ടായിരുന്നു. ഇചികോ തകാനോയുടെ മാങ്കാ സീരീസായ ”ഓറഞ്ചിനെ” അതേ പേരില്‍ തന്നെ സിനിമാരൂപത്തിലാക്കിയ ശ്രമം വിജയം കാണുകയും, പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.