എംസോൺ റിലീസ് – 3146
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | James Cameron |
പരിഭാഷ | വിഷ്ണു പ്രസാദ് |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി |
ഹോളിവുഡിൽ ഹിറ്റുകളുടെ രാജാവ് എന്നറിയപ്പെടുന്ന ജെയിംസ് ക്യാമറൂണിന്റെ സംവിധാനത്തിൽ 2009 ഡിസംബർ 19-ന് പുറത്തിറങ്ങിയ ഒരു അമേരിക്കൻ 3-ഡി സയൻസ്-ഫിക്ഷൻ ചലച്ചിത്രമാണ് അവതാർ.
2154-ൽ ഭൂമിയിലെ പ്രകൃതിവിഭവങ്ങൾ ക്ഷയിച്ചു വന്നതോടെ വെള്ളത്തിനും മറ്റു അമൂല്യ ധാതുക്കൾക്കും വേണ്ടി മനുഷ്യർ ബഹിരാകാശത്ത് കോളനികൾ സൃഷ്ടിക്കുന്ന സമയം. അക്കാലത്താണവർ ഭൂമിയിൽ നിന്നും 4,423 പ്രകാശവർഷം അകലെയുള്ള ആൽഫ സെന്റോറി സ്റ്റാർ സിസ്റ്റത്തിലെ പോളിഫെമസ് എന്ന ഗ്രഹത്തിന്റെ ഉപഗ്രഹമായ പാൻഡോറയിലെത്തുന്നത്. സസ്യനിബിഡമായ ധാതുസമ്പത്തിനാൽ സമ്പന്നമായ പാൻഡോറ എന്ന ഉപഗ്രഹത്തിൽ ധാതുസമ്പത്ത് മാത്രമല്ല, അത്ഭുത ജീവികളും ഭയാനക ജന്തുക്കളും അവിടെ വസിക്കുന്നുണ്ട്. എല്ലാത്തിനുമുപരി നാവികൾ എന്ന് വിളിക്കുന്ന മനുഷ്യരെപോലെയിരിക്കുന്ന ഒരു ജനതയും അവിടെ വസിക്കുന്നുണ്ട്.
മനുഷ്യരെ വെറുക്കുന്ന നാവികളുടെ വിശ്വാസം പിടിച്ചുപറ്റാനും ഒപ്പം അവരുടെ രീതികളും രഹസ്യങ്ങളും ചോർത്തി, അവരെയവിടുന്ന് തുരത്താനുമായി പക്ഷാഘാതം ബാധിച്ച ജെയ്ക്ക് സള്ളി എന്ന എക്സ് മറീനിനെ അവതാർ ഡ്രൈവറായി നാവി രൂപത്തിൽ അവർക്കിടയിലേക്ക് പറഞ്ഞുവിടുന്നു. എന്നാൽ അവിടെയെത്തിയ ജെയ്ക്കാവട്ടെ പെട്ടെന്നുതന്നെ നെയ്തീരി എന്ന നാവി സ്ത്രീയുമായി പ്രണയത്തിലാക്കുകയും അവിടെയുള്ള നാവികളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നതോടെ, കാര്യങ്ങൾ വലിയ പ്രശ്നത്തിലേക്ക് വഴിമാറുന്നു.
ലോകസിനിമ അന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതിക വിദ്യകളോടെയായിരുന്നു 2009-ൽ അവതാർ തിയേറ്ററുകളിലേക്ക് എത്തിയത്. ഇന്നും ലോകത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളിൽ ഒന്നാം സ്ഥാനം അവതാർ അലങ്കരിക്കുന്നുണ്ട്.
ചിത്രത്തിന്റെ ഗംഭീര വിജയത്തെ തുടർന്ന്, 2022-ൽ അവതാർ: ദ വേ ഓഫ് വാട്ടർ എന്ന പേരിൽ ജെയിംസ് ക്യാമറൂണിന്റെ സംവിധാനത്തിൽത്തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങി.