എംസോൺ റിലീസ് – 3172
ഭാഷ | കൊറിയൻ |
സംവിധാനം | Han Hee & Seong-joon Lee |
പരിഭാഷകർ | ജീ ചാങ് വൂക്ക്, അരുൺ അശോകൻ, ജിതിൻ ജേക്കബ് കോശി ഫഹദ് അബ്ദുൽ മജീദ് |
ജോണർ | ആക്ഷൻ, ഡ്രാമ, റൊമാൻസ് |
ഒക്ടോബർ 2013 മുതൽ ഏപ്രിൽ 2014 വരെ MBC ചാനലിൽ സംപ്രേഷണം ചെയ്ത കൊറിയൻ ഹിസ്റ്റോറിക്കൽ ഡ്രാമയാണ് ദി എംപ്രസ്സ് കി.
പതിമൂന്നാം നൂറ്റാണ്ടിൽ, തേദോ (പഴയ ബെയ്ജിങ്) തലസ്ഥാനമാക്കി ചൈന ഭരിച്ചിരുന്നത് മംഗോൾ വംശജരായിരുന്നു.
മംഗോൾ വംശത്തിലെ താഹ്വാൻ ചക്രവർത്തിയുടെ ഭരണകാലത്ത് യുവാൻ്റെ ആശ്രിത രാജ്യമായിരുന്ന ഗൊറിയോ (കൊറിയ) യിൽ നിന്ന് യുവാനിലേക്ക് അടിമപ്പെണ്ണായി കൊണ്ടു വന്ന സുങ് ന്യാങ് എന്ന ഗോറിയോ പെൺകുട്ടി അവളുടെ സൗന്ദര്യവും, ബുദ്ധിയും, രാജതന്ത്രവും യുദ്ധത്തിലെ പ്രാവീണ്യവും എല്ലാം സമർത്ഥമായി ഉപയോഗിച്ച് അധികാരത്തിൻ്റെ പടികൾ കയറി അവസാനം യുവാൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീന ശക്തിയുള്ള ചക്രവർത്തിനിയായി മാറിയ ആവേശകരമായ കഥയാണ് ഈ സീരീസിൽ പറയുന്നത്.
ഗൊറിയോ രാജാവായ വാങ് യൂ, യുവാൻ ചക്രവർത്തിയായ താഹ്വാൻ തെമൂർ, കി യാങ് എന്നീ പ്രധാന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്ന എംപ്രസ്സ് കി നിരവധി മികച്ച കഥാ സന്ദർഭങ്ങളും വഴിത്തിരിവുകളും മികച്ച കഥാപാത്രങ്ങളും കൊണ്ട് സമ്പന്നമാണ്. ആദ്യ പകുതിയിൽ ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ഡ്രാമ രണ്ടാം പകുതിയിൽ വികാര തീവ്രമായ കഥാ സന്ദർങ്ങളിലൂടെ കടന്ന് പോകുന്നു. അധികാരത്തിനും പണത്തിനും വേണ്ടിയുള്ള മനുഷ്യൻ്റെ ഒരിക്കലും അടങ്ങാത്ത അത്യാഗ്രഹത്തിൻ്റെ കഥ പറയുന്നതിനൊപ്പം തന്നെ അനശ്വര പ്രണയത്തിൻ്റെയും നിസ്വാർത്ഥ സൗഹൃദത്തിൻ്റെയും, വിശ്വസ്തതയുടെയും, ക്രൂരമായ ചതിയുടെയും, ഒടുങ്ങാത്ത പകയുടെയും, ത്യാഗത്തിൻ്റെയുമെല്ലാം നേർക്കാഴ്ച 51 എപ്പിസോഡുകളിലൂടെ പ്രേക്ഷകർക്ക് അനുഭവവേദ്യമാകും.
കാമ്പുള്ള കഥാപാത്രസൃഷ്ടി കൊണ്ടും കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന കഥ പറച്ചിൽ കൊണ്ടും അഭിനേതാക്കളുടെ സൂക്ഷ്മമായ പ്രകടനങ്ങൾ കൊണ്ടും ശ്രദ്ധേയമായ ഈ ഡ്രാമ ആ വർഷത്തെ മികച്ച അവാർഡുകളും നാമ നിർദ്ദേശങ്ങളും കരസ്ഥമാക്കിയിരുന്നു.
പ്രേക്ഷകരുടെ ഇഷ്ടവും നിരൂപക പ്രശസയും ഒരേ പോലെ പിടിച്ച് പറ്റിയ ദി എംപ്രസ്സ് കി സംപ്രേഷണത്തിൻ്റെ പത്താം വർഷത്തിലും കൊറിയൻ ഹിസ്റ്റോറിക് ഡ്രാമകളിൽ ഒരു ക്ലാസ്സിക് ആയി നിലകൊള്ളുന്നു.