എംസോൺ റിലീസ് – 3192
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Chloe Okuno |
പരിഭാഷ | അനൂപ് അനു |
ജോണർ | ഡ്രാമ, ഹൊറർ, ത്രില്ലർ |
ജൂലിയയും ഭർത്താവ് ഫ്രാൻസിസും ബുക്കാറസ്റ്റിലേക്ക് താമസം മാറുന്നിടത്താണ് കഥ ആരംഭിക്കുന്നത്. ഫ്രാൻസിസ് ഒരു പാതി റൊമാനിയക്കാരനാണ്. അതുകൊണ്ട് തന്നെ റൊമാനിയൻ ഭാഷ സംസാരിക്കാൻ ഫ്രാൻസിസിന് അറിയാം. എന്നാൽ ജൂലിയക്ക് റൊമാനിയൻ ഭാഷ ഒട്ടും വശമില്ല. ഭാഷയുടെ കാര്യത്തിൽ ഫ്രാൻസിസ് ആണ് അവളെ സഹായിക്കാറ്. ഇരുവരും അവരുടെ പുതിയ അപ്പാർട്ട്മെന്റിലേക്ക് പ്രവേശിക്കുകയാണ്. പുതിയൊരു രാജ്യത്ത് എത്തിയതുകൊണ്ട് തന്നെ എല്ലാം ഒരു കൗതുകത്തോടെ നോക്കികാണുകയാണ് നായികയായ ജൂലിയ. അങ്ങനെ തനിക്ക് ചുറ്റുമുള്ള ജീവിതത്തെ തന്റെ അപ്പാർട്ട്മെന്റിലൂടെ നോക്കിക്കാണുന്ന ജൂലിയ എതിർവശത്തുള്ള ഒരു കെട്ടിടത്തിലെ ജനലിൽ നിന്നും ഒരാൾ തന്റെ അപ്പാർട്ട്മെന്റിലേക്ക് നോക്കി നിൽക്കുന്നതായി ശ്രദ്ധയിൽ പെടുന്നു. പിന്നീട് ഓരോ തവണ അവിടേക്ക് നോക്കുമ്പോഴും അയാൾ ജനലിനടുത്ത് നോക്കിനിൽക്കുന്നത് അവൾ കാണുന്നു. അത് അവളിൽ ഭീതി ജനിപ്പിക്കുന്നു. അതിനിടെ ആ പ്രദേശത്ത് നടക്കുന്ന സീരിയൽ കൊലപാതകങ്ങൾ അവളുടെ ഭയത്തെ ഇരട്ടിപ്പിക്കുന്നു. ദിവസവും ഒരു ജനലിലൂടെ തന്റെ അപ്പാർട്ട്മെന്റിലേക്ക് നോക്കുന്ന ആ അപരിചതനെ തേടിയുള്ള ജൂലിയയുടെ യാത്രയും ആ യാത്രയിൽ അവൾക്കുണ്ടാവുന്ന അനുഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. മിസ്റ്ററി സിനിമകൾ ഇഷ്ടപ്പെടുന്നവരെ നിശാശപ്പെടുത്താത്ത ഒരു ചിത്രമായിരിക്കും “വാച്ചർ”.