എംസോൺ റിലീസ് – 3251
ഓസ്കാർ ഫെസ്റ്റ് 2024 – 03
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Greta Gerwig |
പരിഭാഷ | എല്വിന് ജോണ്‍ പോള്‍ |
ജോണർ | അഡ്വഞ്ചർ, കോമഡി, ഫാന്റസി |
ലോക പ്രശസ്തമായ ബാര്‍ബി പാവകളെ ആസ്പദമാക്കി 2023-ല്‍ പുറത്തിറങ്ങിയ, ഗ്രെറ്റ ഗെര്‍വിഗ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് “ബാര്‍ബി”. മാര്‍ഗോ റോബിയുടെ നായികയായ ബാര്‍ബി, പാവകള്‍ മാത്രം വസിക്കുന്ന ബാര്ബിലാന്ഡ് എന്ന വേറൊരു ലോകത്താണ് ജീവിക്കുന്നത്. യഥാര്‍ത്ഥ ലോകത്തിലെ ഓരോ പാവകളെയും പ്രതിനിധാനം ചെയ്തുകൊണ്ടുള്ള പാവകള്‍ ബാര്ബിലാന്ഡിലുമുണ്ട്, ഇവര്‍ക്ക് ഓരോരുത്തര്‍ക്കും ജോഡിയായി ഒരു കെന്നുമുണ്ട്. അവിടെ ബാര്‍ബിക്ക് എല്ലാ ദിവസവും ഏറ്റവും മനോഹരമായ ദിവസമാണ്. അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം ബാര്‍ബിക്ക് ഒരു അസ്തിത്വപ്രതിസന്ധിയുണ്ടായി മരണത്തെക്കുറിച്ചുള്ള ചിന്തകളും അല്ലാതെയുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നു. ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം, യഥാര്‍ത്ഥ ലോകത്തില്‍ തന്റെ ഉടമയായ പെണ്‍കുട്ടി അനുഭവിക്കുന്ന എന്തോ വിഷമമാണെന്ന് അവള് മനസ്സിലാക്കുന്നു. തന്റെ ഉടമയെ കണ്ടുപിടിച്ച് പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ അവള് യഥാര്‍ത്ഥ ലോകത്തിലേക്ക് പോകുന്നു. കൂട്ടത്തില്‍ അവളുടെ കെന്നും അവളറിയാതെ അവളുടെ കൂടെ സഹായത്തിന് കൂടുന്നു. തുടര്‍ന്ന് യഥാര്‍ത്ഥ ലോകത്തില്‍ ബാര്‍ബിയും കെന്നും ചെന്ന് പെടുന്ന സന്ദര്‍ഭങ്ങളും, അത് അവരെയും അവരുടെ ലോകത്തെയും യഥാര്‍ത്ഥ ലോകത്തെയും എങ്ങനെ ബാധിക്കുന്നു എന്നതാണ് കഥയുടെ ഇതിവൃത്തം.
ആക്ഷേപഹാസ്യം വിഭാഗത്തില്‍ പെടുന്ന ചിത്രം 2023-ല്‍ ലോക ബോക്സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി. ക്രിസ്റ്റഫര്‍ നോളന്റെ “ഓപ്പന്‍ഹൈമര്‍” എന്ന സിനിമയുടെ കൂടെ ചിത്രം റിലീസ് ചെയ്തത് “ബാര്‍ബന്‍ഹൈമര്‍” എന്ന പ്രതിഭാസത്തിന് കാരണമാവുകയും, രണ്ട് ചിത്രങ്ങളുടെയും റിലീസ് വാരം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോക ബോക്സ് ഓഫീസ് കണ്ട ഏറ്റവും വലിയ പണം വാരി വാരങ്ങളില്‍ ഒന്നാവുകയും ചെയ്തു.