എംസോൺ റിലീസ് – 3263
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Ariel Vromen |
പരിഭാഷ | ഹാരിസ് പി വി ഇടച്ചലം & റിയാസ് പുളിക്കൽ |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ |
ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്താളുകളിൽ തങ്കലിപികളാൽ പേര് കൊത്തിവെക്കപ്പെട്ട ഒരു ചാരൻ; ഒരേ സമയം മൊസാദിന്റെയും ഈജിപ്റ്റിന്റെയും പ്രിയപ്പെട്ട ദൂതനായി മാറിയ “അഷ്‌റഫ് മർവാൻ” എന്ന ഈജിപ്റ്റുകാരന്റെ ഉദ്വേഗഭരിതമായ ജീവിതകഥ. ഈജിപ്റ്റിന്റെ ജനപ്രിയനായിരുന്ന പ്രസിഡന്റ് ഗമാൽ അബ്ദുന്നാസറിന്റെ മരുമകനായിരുന്ന അഷ്‌റഫ് ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ കണ്ണിലുണ്ണിയായി തീർന്നതിന്റെ ആവേശഭരിതമായ കഥ.
2018-ലാണ് ഇസ്രായേലി സംവിധായകൻ ഏരിയൽ റോമാൻ ദി ഏഞ്ചൽ എന്ന പേരിൽ അഷ്‌റഫ് മർവാന്റെ ജീവിതകഥ സിനിമയാക്കുന്നത്. ഒരു ചാരൻ എന്നതിലുപരി രണ്ടു രാജ്യങ്ങളിലെയും ജനങ്ങളുടെ ജീവനും ജീവിതത്തിനും മൂല്യം കല്പ്പിച്ചിരുന്ന ഒരു അസാമാന്യ വ്യക്തിത്വമായിരുന്നു അഷ്‌റഫ് മർവാൻ. അത് കൊണ്ട് തന്നെ ഇന്നും ഇസ്രായേലിലും ഈജിപ്റ്റിലും ദേശീയ നായകനായി ഒരുപോലെ വാഴ്ത്തപ്പെടുന്ന അപൂർവ്വ വ്യക്തിത്വമാണ് മർവാൻ. ഇസ്രായേലിന്റെ ചരിത്രത്തിലെ നാഴികക്കല്ലായ ആറ് ദിന യുദ്ധത്തിലൂടെ അവർ സിറിയയിൽ നിന്നും ഗോലാൻ കുന്നുകളും ജോർദാനിൽ നിന്നും വെസ്റ്റ്ബാങ്കും ഈജിപ്റ്റിൽ നിന്നും ഗാസ സ്ട്രിപ്പും സിനായിയും പിടിച്ചെടുക്കുന്നു. യുദ്ധത്തിൽ കനത്ത നഷ്ടമുണ്ടായത് ഈജിപ്റ്റിനു തന്നെയായിരുന്നു. എന്തുവിലകൊടുത്തും തങ്ങളുടെ നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ ഈജിപ്റ്റ് ശ്രമിക്കുന്നു. സിനായി തിരിച്ചുപിടിക്കാൻ ഈജിപ്റ്റും ഇസ്രായേലും തമ്മിൽ നടന്ന കുപ്രസിദ്ധമായ യോംകിപൂർ യുദ്ധത്തിന്റെ പശ്ചാലത്തിലാണ് ദി ഏഞ്ചലിന്റെ കഥ നടക്കുന്നത്. ഒരു മാലാഖ പോലെ അഷ്‌റഫ് മർവാൻ എന്ന മനുഷ്യൻ രണ്ട് രാജ്യങ്ങൾക്ക് മുകളിൽ ചിറകുവിരിച്ചതിന്റെ അത്ഭുതകരമായ കഥ..!
യുദ്ധം ബാക്കിയാക്കുന്നത് പരാജിതരെ മാത്രമാണ്. ശാശ്വത വിജയം സമാധാനമാണ്..!