എം-സോണ് റിലീസ് – 502
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | റിച്ചാർഡ് ഷെങ്ക്മാന് |
പരിഭാഷ | മിഥുന് സി എം |
ജോണർ | സയ-ഫി, ഡ്രാമ |
2007ൽ പുറത്തിറങ്ങിയ വളരെ വ്യത്യസ്തമായ ഒരു സയൻസ് ഫിക്ഷൻ ചിത്രമാണ് “മാൻ ഫ്രം എർത്ത് ” ചിത്രത്തിന്റെ കഥാസാരം ഇങ്ങനെയാണ്: തന്റെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് പിരിഞ്ഞുപോകുന്ന യൂണിവെർസിറ്റി പ്രൊഫസർ ജോണ്‍ ഓൾഡ്‌മാന്റെ വസതിയിൽ, അദ്ദേഹത്തെ യാത്രയാക്കാൻ കുറച്ചു സുഹൃത്തുക്കൾ ഒത്തുകൂടുന്നു. അവർ ഈ പിരിഞ്ഞുപോകലിന്റെ കാരണം അന്വേഷിക്കുന്നു; പക്ഷെ വ്യക്തമായ ഉത്തരം ജോണ്‍ പറയുന്നില്ല.. യാത്ര പുറപ്പെടാൻ ഒരു രാത്രി ബാക്കിയുള്ളതിനാൽ, സമയം പോക്കാനായി ജോണ്‍ ഒരു രസകരമായ ചർച്ചയ്ക്ക് തുടക്കം കുറിക്കുന്നു.. “ഒരു മനുഷ്യൻ പുരാതന ശിലായുഗകാലഘട്ടം മുതൽ ഇന്നുവരെ ജീവിക്കുകയാണെങ്കിൽ എങ്ങനെയുണ്ടാകും..?”
നരവംശശാസ്ത്രം(Anthropology ), പുരാവസ്തു ശാസ്ത്രം(Archaeology ), ജീവശാസ്ത്രം(Biology ), മനശ്ശാസ്ത്രം(Psychology ), ബൈബിൾ പഠനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സുഹൃത്തുക്കൾ അവരവരുടെ ആശയങ്ങൾ മുന്നോട്ടു വയ്കുന്നു. ചർച്ചയുടെ ഒരു ഘട്ടത്തിൽ, ചരിത്രാതീത കാലം മുതൽ ജീവിച്ചുവരുന്ന ഒരു ക്രോമാഗ്നണ്‍ ഗുഹാമനുഷ്യനാണ് താനെന്നു ജോണ്‍ അഭിപ്രായപ്പെടുന്നു. താൻ 14000 വർഷങ്ങളായി ഭൂമിയിൽ ജീവിക്കുകയാണെന്നും തന്നെ വാർദ്ധക്യം ബാധിക്കുന്നില്ലെന്നും കൂടി ജോണ്‍ പറയുന്നു. ജരാനരകൾ തന്നെ ബാധിക്കാത്തത് മറ്റുള്ളവർ തിരിച്ചറിയാതിരിക്കാൻ ഓരോ 10 വര്ഷം കൂടുമ്പോഴും താൻ നാടുവിട്ടു മറ്റൊരിടത്തേക്ക് പോകാറുണ്ടെന്നും, അതാണ് ഈ പിരിഞ്ഞുപോകലിനു കാരണമെന്നും ജോണ്‍ അവകാശപ്പെടുന്നത് സുഹൃത്തുക്കളെ അമ്പരപ്പിക്കുന്നു. ആദ്യമാദ്യം അതൊരു തമാശയാണെന്ന് കരുതി അയാളെ തെറ്റാണെന്ന് സ്ഥാപിക്കാൻ അവർ പല പല ചോദ്യങ്ങളും ചോദിക്കുന്നു. പക്ഷെ എല്ലാത്തിനും വ്യക്തമായ ഉത്തരം ജോണ്‍ പറയുന്നതോടെ സുഹൃത്തുക്കൾ പരിഭ്രാന്തരാകുന്നു.. പിന്നീട് അവിടെയൊരു ചൂടുപിടിച്ച സംവാദം തന്നെ നടക്കുന്നു.. ജെറോം ബിക്സ്ബി എന്ന അമേരിക്കൻ കഥാകൃത്താണ് ഈ ചിത്രത്തിന്റെ തിരക്കഥ. ചരിത്രാതീത കാലം മുതൽ ഇന്നുവരെയുള്ള പല സംഭവങ്ങളും ഈ ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. അല്പം നാടകീയമായ ഒരു ട്വിസ്റ്റൊടെയാണ് ചിത്രം അവസാനിക്കുന്നത്.