എംസോൺ റിലീസ് – 3314
ഭാഷ | കൊറിയൻ |
സംവിധാനം | Tae-hwa Eom |
പരിഭാഷ | വിഷ്ണു ഷാജി |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ |
Um Tae-Hwa, Lee Shin-ji യുടെയും തിരക്കഥയിൽ Um Tae-Hwa സംവിധാനം ചെയ്ത 2023-ലെ സൗത്ത് കൊറിയൻ Disaster-Thriller സിനിമയാണ് കോൺക്രീറ്റ് ഉട്ടോപ്യ.
രാജ്യത്തെ ഒട്ടാകെ തകർത്തു കളഞ്ഞ അതിശക്തമായ ഭൂകമ്പം, എല്ലാം തകർത്ത് തരിപ്പണമാക്കിയപ്പോ ഹ്വാങ് ഗുങ് അപ്പാർട്ട്മെന്റും, അവിടുത്തെ നിവാസികളും മാത്രം എങ്ങനെ അതിജീവിച്ചു എന്നതിന് ഇപ്പോഴും ഉത്തരമില്ല. തകർന്നു കിടക്കുന്ന
കെട്ടിടാവശിഷ്ടങ്ങളും മൃദേഹങ്ങളും മാത്രമേ അപ്പാർട്ട്മെന്റിന് ചുറ്റുമുള്ളൂ. രക്ഷപ്രവാർത്തനങ്ങൾക്ക് ഒരു ഗവണ്മെന്റോ, പോലീസോ, ഫയർഫോഴ്‌സോ ആരും തന്നെയില്ല. ഹ്വാങ് ഗുങ് അപ്പാർട്ട്മെന്റിലേക്ക് അഭയം തേടി വന്ന മറ്റു ജനങ്ങൾ, തങ്ങൾക്ക് ഭീഷണിയാകുമെന്ന് തോന്നിത്തുടങ്ങിയപ്പോ അവരെയെല്ലാം അവിടുന്ന് ചവിട്ടിപ്പുറത്താകുന്നു. ഭൂകമ്പം വന്ന് സർവ്വതും നശിച്ചെങ്കിലും മനുഷ്യന്റെ സ്വാർത്ഥത എന്നൊരു വികാരം ഒരിക്കലും നശിക്കില്ല എന്നതിന്റെ ദൃശ്യാവിഷ്കാരമാണ് പിന്നീടാങ്ങോട്ട് കാണുന്നത്. ചവിട്ടി നിൽക്കുന്ന മണ്ണ് വിട്ടുകൊടുക്കാതിരിക്കാൻ ഹ്വാങ് ഗുങ് നിവാസികളും, അത് തട്ടിയെടുക്കാൻ ശ്രമിക്കുന്ന പുറത്തുള്ള മനുഷ്യരുടെയും കഥയാണ് കോൺക്രീറ്റ് ഉട്ടോപ്യ.
സർവ്വനാശത്തിന്റെ പടുകുഴിയിൽ വീണുകിടന്നാലും മനുഷ്യന് അധികാരവും, പദവിയും മത്തുപിടിപ്പിക്കുന്ന ലഹരിയാണെന്നും അത് നിലനിർത്താൻ ആരെയും കൊല്ലാൻ പോലും മടിക്കില്ലെന്ന് സംവിധായകൻ നമുക്ക് വ്യക്തമായി കാണിച്ചു തരുന്നുണ്ട്. അധികാരമോഹം മാത്രമല്ല അസൂയ, പരദൂഷണം, കള്ളം പറയൽ, ഭീഷണിപ്പെടുത്തൽ എന്നിങ്ങനെ ഒരു മനുഷ്യന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സകല സ്വഭാവങ്ങളും കൃത്യമായി സംവിധായകൻ ഈ ചിത്രത്തിൽ വരച്ചിട്ടിട്ടുണ്ട്.
ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടിയില്ലെങ്കിലും, 2023-ലെ 96-ാമത് അക്കാദമി അവാർഡുകൾക്കുള്ള മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ സൗത്ത് കൊറിയൻ എൻട്രിയായി കോൺക്രീറ്റ് ഉട്ടോപ്യ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.