എംസോൺ റിലീസ് – 3321
ഓസ്കാർ ഫെസ്റ്റ് 2024 – 08
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Martin Scorsese |
പരിഭാഷ | വിഷ് ആസാദ് |
ജോണർ | ക്രെെം, ഡ്രാമ, ഹിസ്റ്ററി |
മാർട്ടിൻ സ്‌കോർസെസിയുടെ സംവിധാനത്തില്‍ 2023-ല്‍ പുറത്തിറങ്ങിയ അമേരിക്കൻ ക്രൈം ഡ്രാമ ചിത്രമാണ് കില്ലേഴ്‌സ് ഓഫ് ദ ഫ്ലവർ മൂണ്‍.
പതിനേഴാം നൂറ്റാണ്ടില്‍ മിസോറി, മിസിസിപ്പി നദീതടങ്ങളില്‍ കുടിയേറിപാര്‍ത്ത അമേരിക്കൻ ഗോത്രവര്‍ഗ്ഗമാണ് ഓസേജ്. അമേരിക്കൻ സിവില്‍ വാറിന് ശേഷം, 1870-ൽ ഡ്രം ക്രീക്ക് ഉടമ്പടി പ്രകാരം ഓസേജുകളുടെ ഭൂമി അമേരിക്കന്‍ സര്‍ക്കാരിന് വില്‍ക്കുകയും 1872-ൽ ഒക്‌ലഹോമയിൽ ഭൂമി വാങ്ങുകയും ചെയ്തു. 1896-ൽ അവിടെ പെട്രോളിയം നിക്ഷേപം കണ്ടെത്തി. എന്നാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം ഓസേജുകള്‍ക്ക് ആയതിനാല്‍ അവരുടെ ചില ആവശ്യങ്ങള്‍ സര്‍ക്കാരിന് അംഗീകരിക്കേണ്ടി വന്നു. ഇതേ തുടര്‍ന്ന് 1906-ല്‍ ഓരോ ഓസേജുകാരനും 657 ഏക്കര്‍ ഭൂമിയും പെട്രോളിയം വരുമാനത്തിന്റെ ഒരു വിഹിതവും ലഭിക്കാനുള്ള നിയപരമായ അവകാശമായ ഹെഡ്‌റൈറ്റും നല്‍കേണ്ടി വന്നു. തല്‍ഫലമായി ഓസേജില്‍ സമ്പത്ത് അനിയന്ത്രിതമായി കുമിഞ്ഞുകൂടി. വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നോക്കം നില്‍ക്കുന്ന ഓസേജ് ജനതയ്ക്ക് ഇത്രയധികം പണം കൈകാര്യം ചെയ്യാന്‍ കഴിവില്ലെന്ന് വിലയിരുത്തി, അമേരിക്കന്‍ സര്‍ക്കാര്‍ അതിനായി വെള്ളക്കാരായ ഗാര്‍ഡിയന്‍മാരെ നിയമിച്ചു. ഹെഡ്‌റൈറ്റ് വില്‍ക്കാന്‍ കഴിയില്ലെങ്കിലും അനന്തരാവകാശമായി ലഭിക്കുമായിരുന്നു. ഇത് മുതലെടുക്കാന്‍ വെള്ളക്കാര്‍ ഓസേജുകളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടാന്‍ തുടങ്ങി.
1920-കളില്‍ നടന്ന ഓസേജ് കൊലപാതകങ്ങളെ കുറിച്ച് അമേരിക്കൻ പത്രപ്രവർത്തകനായ ഡേവിഡ് ഗ്രാൻ എഴുതിയ ‘കില്ലേഴ്‌സ് ഓഫ് ദ ഫ്ലവർ മൂൺ: ദി ഓസേജ് മർഡേഴ്‌സ് ആൻഡ് ദ ബർത്ത് ഓഫ് ദ എഫ്ബിഐ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. വില്യം ഹെയ്ല്‍ എന്ന വെള്ളക്കാരന്‍ അനന്തിരവന്മാരെ ഉപയോഗിച്ച് ഓസേജുകളില്‍ നിന്ന് സമ്പത്ത് കൈക്കലാക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. റോബർട്ട് ഡി നീറോ, ലിയോനാർഡോ ഡികാപ്രിയോ, ലില്ലി ഗ്ലാഡ്‌സ്റ്റോൺ എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ച ഈ ചിത്രം, ഓസേജ് ജനതയുടെ ചരിത്രവും സംസ്കാരവും അവതരിപ്പിക്കുന്നതിനൊപ്പം വെള്ളക്കാരുടെ അത്യാഗ്രഹം, അഴിമതി, വംശീയത, വഞ്ചന എന്നിവയും തുറന്നു കാട്ടുന്നു.
അമേരിക്കൻ ചരിത്രത്തിലെ ഒരു ഇരുണ്ട അദ്ധ്യായം വരച്ചിടുന്ന, ഓസേജ് ജനത നേരിട്ട അനീതിയും അടിച്ചമർത്തലും വിശദമായി കാണിക്കുന്ന, ശക്തമായ സിനിമയാണ് കില്ലേഴ്‌സ് ഓഫ് ദ ഫ്ലവർ മൂൺ.