എംസോൺ റിലീസ് – 3372
ക്ലാസിക് ജൂൺ 2024 – 14
ഭാഷ | കാന്റോനീസ് |
സംവിധാനം | John Woo |
പരിഭാഷ | ജിതിൻ ജേക്കബ് കോശി |
ജോണർ | ആക്ഷൻ, ക്രെെം, ഡ്രാമ |
പ്രശസ്ത സംവിധായകന്‍ ജോൺ വൂ സംവിധാനം ചെയ്ത ദ കില്ലർ, ആക്ഷൻ ജോണറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി വിലയിരുത്തപ്പെടുന്നു.
അജോങ് എന്നൊരു വാടകകൊലയാളി നൈറ്റ്ക്ലബ്ബിൽ വെച്ച് തന്റെ ഇരയെ കൊല്ലുന്നതിനിടെ, അബദ്ധവശാൽ അവിടുത്തെ ഗായികയെ ഭാഗികമായി അന്ധയാക്കുന്നു. കൂലിക്ക് ആളെ കൊല്ലുന്നവനെങ്കിലും തന്റേതായ ധാർമികബോധത്തോടെ ജീവിക്കുന്ന അജോങ് അതോടെ അവളെ ഏറ്റെടുക്കുന്നു. ദിനംപ്രതി കാഴ്ച നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന തൻ്റെ കൂട്ടുകാരിക്ക് കണ്ണുകൾ മാറ്റിവെക്കാൻ, അവനൊരു അവസാന വാടകക്കൊലയ്ക്ക് ഇറങ്ങുന്നു.
അതേസമയം കണിശക്കാരനായ ഇൻസ്പെക്ടർ ലി യിങിനെ സംബന്ധിച്ചിടത്തോളം അജോങ് ഒരു സാധാരണ കുറ്റവാളി മാത്രമാണ്. തുടക്കത്തിൽ അങ്ങനെയാണ് അവനെ കണ്ടിരുന്നതും. എന്നാല്‍ അവർ തമ്മിലുള്ള ക്യാറ്റ് & മൗസ് കളിക്കിടെ, അവന്റെ നീതികരിക്കാവുന്ന ലക്ഷ്യവും അവനുള്ള ചില ആദർശങ്ങളും തിരിച്ചറിഞ്ഞ ലി, ആ കില്ലറിനെ മറ്റൊരു വീക്ഷണകോണിലൂടെ കാണാൻ ശ്രമിക്കുന്നു. താമസിയാതെ ഒരു പൊതുശത്രുവിനെതിരെ പോരാടാൻ അവർക്ക് ആ സ്പർദ്ധയ്ക്ക് താൽക്കാലിക വിരാമമിടേണ്ടി വരുന്നതോടെ ഒരു അപൂര്‍വ സൗഹൃദത്തിന് കളമൊരുങ്ങുന്നു.
ബൃഹത്തായ ആക്ഷൻ രംഗങ്ങൾ ഒഴിച്ചുനിർത്തിയാലും ഈ ചിത്രം ഇന്നും ആഘോഷിക്കപ്പെടാൻ കാരണങ്ങളേറെയാണ്. അത് കൈകാര്യം ചെയ്യുന്ന മാനവികതയുടെ വിഷയങ്ങളായ, വിശ്വസ്തതയും സമർപ്പണവും വീണ്ടെടുപ്പും പിന്നെ… നന്മതിന്മകളുടെ നേർത്ത രേഖയിൽ നടക്കുന്നൊരു കഥയും ഈ കന്റോണീസ് സിനിമയെ വിശ്വചലചിത്രലോകത്തിൽ അനശ്വരമാക്കുന്നു.