എംസോൺ റിലീസ് – 3406
ഭാഷ | ഒറിയ |
സംവിധാനം | Lenka Debiprasad, Vishal Mourya |
പരിഭാഷ | വിഷ് ആസാദ് |
ജോണർ | അഡ്വെഞ്ചൻ, ഡ്രാമ |
യഥാര്‍ത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിശാൽ മൗര്യയും ദേബിപ്രസാദ ലെങ്കയും ചേർന്ന് രചനയും സംവിധാനവും നിർവഹിച്ച്, 2022-ല്‍ പുറത്തിറങ്ങിയ ഒഡിയ ചിത്രമാണ് ‘ദമന്‍‘.
ബലിമേല ഡാമിന്റെ നിര്‍മ്മാണത്തോടെയുണ്ടായ റിസര്‍വോയര്‍, മൽക്കൻഗിരി ജില്ലയിലെ മലയോര വനമേഖലയിലെ 151 ഗ്രാമങ്ങളെ മൂന്ന് വശത്ത് നിന്നും വലയം ചെയ്യുകയും 60 കിലോമീറ്ററുകള്‍ നീളമുള്ള ഒരു ജലപാത സൃഷ്ടിക്കുകയും ചെയ്തു. പ്രധാന മേഖലയില്‍ നിന്നും ഒറ്റപ്പെട്ടുപോയ ഈ പ്രദേശങ്ങള്‍ ക്രമേണ നക്സലൈറ്റുകളുടെ വിഹാരകേന്ദ്രമായി മാറി. ഈ മേഖലയിലെ ജാന്‍ബായിയിലെ PHC-യിലാണ്, സിദ്ധാർത്ഥ് മൊഹന്തിയെന്ന യുവഡോക്ടര്‍ക്ക് ആദ്യ പോസ്റ്റിംഗ് കിട്ടുന്നത്. വൈദ്യുതി, റോഡുകള്‍, മൊബൈല്‍ നെറ്റ്‌വർക്ക്, കടകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാത്തിടത്ത് തുടരാനാവില്ലെന്ന് മനസ്സിലാക്കിയ സിദ്ധാർത്ഥ് പിറ്റേന്ന് തന്നെ മടങ്ങാന്‍ തുടങ്ങുന്നു. എന്നാല്‍ പിന്നെ നടക്കുന്നൊരു സംഭവത്തോടെ അവിടെ തുടരുന്ന സിദ്ധാർത്ഥ് ആദിവാസിമേഖലയില്‍ നിരവധി പേരുടെ ജീവനെടുക്കുന്ന മലേറിയയെ നിര്‍മാര്‍ജനം ചെയ്യാന്‍ തീരുമാനിക്കുന്നു. അന്ധവിശ്വാസവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും നക്സല്‍ ആക്രമണങ്ങളും മലയും പുഴയും വനവും നിറഞ്ഞൊരു ഭൂപ്രദേശത്ത് സിദ്ധാർത്ഥ് അതിനായി നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് “ദമന്‍“.
ഒഡിയ സൂപ്പർസ്റ്റാർ ബാബുഷാൻ മൊഹന്തി നായകനായെത്തിയ ചിത്രം, ഇന്ത്യയിലെ വിദൂരഗ്രാമങ്ങളില്‍ താമസിക്കുന്ന മനുഷ്യരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ്. അതിമനോഹരമായ ഫ്രെയിമുകളും സംഗീതവും ഈ ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. നിരൂപകര്‍ക്കിടയിലും പ്രേക്ഷകര്‍ക്കിടയിലും ഒരുപോലെ മികച്ച അഭിപ്രായം നേടിയ ചിത്രം, എഴുപതാമത് ദേശീയ ചലചിത്ര പുരസ്കാരത്തില്‍ മികച്ച ഒഡിയ ചിത്രത്തിനുള്ള പുരസ്കാരം നേടി.