Occurrence at Owl Creek Bridge
ഒക്കറൻസ് അറ്റ് ഔൾ ക്രീക്ക് ബ്രിഡ്ജ് (1961)

എംസോൺ റിലീസ് – short69

ഭാഷ: ഇംഗ്ലീഷ്
സംവിധാനം:

Robert Enrico

പരിഭാഷ: മുബാറക്ക് റ്റി എൻ
ജോണർ: അഡ്വെഞ്ചർ, ഡ്രാമ
Download

1044 Downloads

IMDb

8.1/10

Short

N/A

വിഖ്യാത അമേരിക്കൻ എഴുത്തുകാരൻ അംബ്രോസ് ബിയേഴ്സിൻ്റെ “An Occurrence at Owl Creek Bridge” എന്ന കഥയെ ആസ്പദമാക്കി, റോബർട്ട് എൻറിക്കോ സംവിധാനം ചെയ്ത്, 1961 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ഹ്രസ്വചിത്രമാണ് “La Rivière du hibou”.1964 ൽ, “ട്വൈലൈറ്റ് സോൺ” എന്ന ടെലിവിഷൻ പരമ്പരയിൽ സംപ്രേക്ഷണം ചെയ്തതിലൂടെ ഫ്രാൻസിന് പുറത്തേക്കും, ചിത്രം സ്വീകാര്യത നേടി.

അമേരിക്കൻ ആഭ്യന്തര യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ, അലബാമയിലെ തോട്ടമുടമയായ പെയ്റ്റൻ ഫാർക്കറെ, സൈന്യം തൂക്കിലേറ്റാൻ തയ്യാറെടുക്കുന്നതായി കാണിച്ചു കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. തുടർന്ന്, മരണത്തെ മുഖാമുഖം കാണുന്ന അയാളുടെ മനസ്സിലൂടെ കടന്നുപോകുന്ന സംഘർഷങ്ങൾ പ്രേക്ഷകന് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നു. തുടക്കം മുതൽ തന്നെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന അവതരണ ശൈലിയും, ഞെട്ടിപ്പിക്കുന്ന കഥാന്ത്യവും ചിത്രത്തിൻ്റെ മാറ്റ് കൂട്ടുന്നു.

Editing എന്ന കലയ്ക്ക്, സിനിമയിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് 25 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ചിത്രം നമ്മെ ഓർമപ്പെടുത്തുന്നു. “സമയത്താൽ കൊത്തിയെടുത്ത ശിൽപ്പമാണ് സിനിമയെന്ന” വാക്കുകളെ അക്ഷരംപ്രതി ശരിവെക്കുന്ന തരത്തിലാണ്, ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവഹിച്ചിട്ടുള്ളത്. പരിമിതമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അണിയിച്ചൊരുക്കിയ ഈ ചിത്രം, ചലച്ചിത്ര വിദ്യാർഥികൾക്ക് ഒരു അത്ഭുതമായി നിലകൊള്ളുന്നു.

ഇന്നും, നിരന്തരമായ ചർച്ചകൾക്കും പഠനങ്ങൾക്കും വിധേയമായി കൊണ്ടിരിക്കുന്ന ഈ ചിത്രം, 1962 ലെ കാൻ പുരസ്കാരവും, 1963 ൽ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ഓസ്ക്കാർ പുരസ്കാരവും നേടുകയുണ്ടായി.