The Invisible Guardian
ദി ഇൻവിസിബിൾ ഗാർഡിയൻ (2017)
എംസോൺ റിലീസ് – 1199
ഭാഷ: | ഇംഗ്ലീഷ് , സ്പാനിഷ് |
സംവിധാനം: | Fernando González Molina |
പരിഭാഷ: | വിഷ്ണു ഷാജി |
ജോണർ: | ക്രൈം, മിസ്റ്ററി, ത്രില്ലർ |
ബസ്താൻ താഴ്‌വരയിലെ മൂടൽമഞ്ഞാൽ പുതഞ്ഞ കാടുകളിൽ നടക്കുന്ന ക്രൂരമായ കൊലപാതകങ്ങളുടെ ഒരു പരമ്പര, എലിസോണ്ടോ എന്ന ശാന്തമായ ചെറുനഗരത്തെ പിടിച്ചുകുലുക്കുന്നു. കുട്ടിക്കാലത്തുണ്ടായ ദുരനുഭവങ്ങൾ കാരണം ജന്മനാട് ഉപേക്ഷിച്ചു പോയ അമേയ സാലസ്സാറിനെ, വിധി ആ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥയായി തിരിച്ചവിടേക്ക് തന്നെ കൊണ്ടുവരുന്നു. അന്വേഷണവുമായി മുന്നോട്ട് പോകുമ്പോഴാണ് കൊലപാതകങ്ങൾക്ക് ബാസ്‌കിലെ പുരാണങ്ങളോടും, അന്ധവിശ്വാസങ്ങളോടും സാമ്യമുണ്ടെന്ന് അമേയ തിരിച്ചറിയുന്നത്.
വീണ്ടുമൊരു കൊലപാതകം ചെയ്യുന്നതിന് മുന്നേ കൊലയാളിയെ പിടിക്കാൻ യുക്തിക്കും മിഥ്യയ്ക്കും ഇടയിലുള്ള സൂക്ഷ്മരേഖയിലൂടെയുള്ള അമേയയുടെ സഞ്ചാരമാണ് “ദ ബസ്താൻ ട്രിളജി”യുടെ ആദ്യഭാഗമായ “ഇൻവിസിബിൾ ഗാർഡിയൻ” പറയുന്നത്. മഴയുടെ സൗന്ദര്യം പൂർണ്ണമായും ഒപ്പിയെടുത്ത എല്ലാ ഫ്രെയിമുകളും ചിത്രത്തിന്റെ മാറ്റ് ഒന്നുകൂടി കൂട്ടുന്നു.
കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നുണ്ടെങ്കിലും രണ്ടാം ഭാഗമായ “ദ ലെഗസി ഓഫ് ദ ബോൺസ് “നും, മൂന്നാം ഭാഗമായ “ഓഫറിങ് ടു ദ സ്റ്റോം” നുമുള്ള രഹസ്യങ്ങളൊക്കെ ബാക്കി വെച്ചിട്ടാണ് ഇൻവിസിബിൾ ഗാർഡിയൻ അവസാനിക്കുന്നത്. കൊലപാതകങ്ങൾ, മനഃശാസ്ത്രം, നാടോടിക്കഥകൾ, പുരാണങ്ങൾ എന്നിവയെല്ലാം സമന്വയിപ്പിച്ചുകൊണ്ട് പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന “ബസ്താൻ ട്രിളജി” നിർബന്ധമായും എല്ലാ സിനിമാ പ്രേമികളും കണ്ടിരിക്കേണ്ട ട്രിളജിയാണ്.