How to Steal a Dog
ഹൗ ടു സ്റ്റീൽ എ ഡോഗ് (2014)
എംസോൺ റിലീസ് – 3501
ഭാഷ: | കൊറിയൻ |
സംവിധാനം: | Sung-ho Kim |
പരിഭാഷ: | അരവിന്ദ് കുമാർ |
ജോണർ: | കോമഡി, ഡ്രാമ, ഫാമിലി |
കടക്കെണിയിൽ പെട്ട് വീട് നഷ്ടപ്പെട്ട കാരണം ജീ സൂ, തൻ്റെ അമ്മയ്ക്കും അനിയനുമൊപ്പം അവരുടെ വാനിലാണ് താമസം. ഈ പ്രതിസന്ധി ഘട്ടത്തിൽ അവളുടെ അച്ഛനും അവരെ ഉപേക്ഷിച്ച് പോയി. എങ്ങനെയും സ്വന്തമായി ഒരു വീട്ടിൽ കഴിയാൻ സാധിക്കണമെന്നാണ് ജീ സൂവിന് ഊണിലും ഉറക്കത്തിലുമുള്ള ഒരേയൊരു ചിന്ത. ഈ ചിന്ത അവളുടെ കുഞ്ഞു മനസ്സിനെ വല്ലാതെ അലട്ടുകയും, ഈ അപ്രാപ്യമായ ലക്ഷ്യം സാധിക്കാൻ അവൾ ഓരോ വഴികൾ തേടുകയും ചെയ്യ്തു. അങ്ങനെ ഇരിക്കെയാണ് നഷ്ടപ്പെട്ട നായ്ക്കുട്ടിയുടെ വിവരം നൽകുന്നവർക്ക് പ്രതിഫലം നൽകുമെന്നുള്ള പോസ്റ്റർ അവളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് വളരെ വളഞ്ഞ വഴിയിലൂടെ ജീ സൂ, തൻ്റെ വീടെന്ന സ്വപ്നം നിറവേറ്റാൻ ശ്രമിക്കുന്നു. നായ്ക്കുട്ടികളെ മോഷ്ടിച്ച് അത് വീട്ടുകാരെ തന്നെ തിരിച്ചേൽപ്പിച്ച് പ്രതിഫല തുക കൈപ്പറ്റാൻ അവൾ തീരുമാനിക്കുന്നു. ജീ സൂവിൻ്റെ പദ്ധതികൾക്ക് ചുക്കാൻ പിടിക്കാൻ സ്കൂളിലെ അവളുടെ ഉറ്റസുഹൃത്തും കൂടെ നിൽക്കുന്നു.
തുടർന്നുള്ള സംഭവവികാസങ്ങളാണ് രസകരമായ ഈ ചിത്രം പറയുന്നത്. കുട്ടികൾക്ക് വേണ്ടി കഥ രചിക്കുന്ന അമേരിക്കൻ എഴുത്തുകാരി ബാർബറ ഒ’കോണറുടെ “ഹൗ ടു സ്റ്റീൽ ഐ ഡോഗ്” കൃതിയെ ആസ്പദമാക്കിയാണ് അതേ പേരിലുള്ള ഈ കൊറിയൻ ചിത്രവും ഒരുക്കിയിരിക്കുന്നത്. 2015ലെ ഏൽ കിനോ! അന്താരാഷ്ട്ര യുവപ്രേക്ഷക ഫിലിം ഫെസ്റ്റിവലിൽ കുട്ടികളുടെ മികച്ച ഫീച്ചർ ഫിലിമിനുള്ള മെർചീനിക് അവാർഡ്, ഗോൾഡൻ പോസ്നാൻ ഗോട്ട്സ് അവാർഡ് എന്നിവ കരസ്ഥമാക്കിയ ചിത്രം അതേ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള ടീച്ചേഴ്സ് അവാർഡും സ്വന്തമാക്കിയിരുന്നു. ഇതിന് പുറമെ 2015ൽ ഇന്ത്യയിൽ വെച്ച് നടന്ന കുട്ടികളുടെ ചിത്രങ്ങൾക്കായുള്ള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഏഷ്യൻ പനോരമ വിഭാഗത്തിൽ ഏറ്റവും മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡും ചിത്രം നേടി. മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ബാല താരങ്ങളുടെ ഗംഭീര പ്രകടനങ്ങളാൽ മികവ് പുലർത്തുന്ന കൊറിയൻ ഫീൽ ഗുഡ് ചിത്രമായ “ഹൗ ടു സ്റ്റീൽ ഐ ഡോഗ്”, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ്.