One Spring Night
വൺ സ്പ്രിങ് നൈറ്റ് (2019)
എംസോൺ റിലീസ് – 3503
ഭാഷ: | കൊറിയൻ |
സംവിധാനം: | Ahn Pan-seok |
പരിഭാഷ: | അരവിന്ദ് കുമാർ |
ജോണർ: | ഡ്രാമ, റൊമാൻസ് |
വസന്തകാല നിശാവേളകളാണ് പുതിയ തുടക്കങ്ങൾക്ക് നാമ്പിടുന്നത്. അങ്ങനെ തുടക്കമിട്ട ഒരു ബന്ധത്തിൻ്റെ കഥയാണ് അതിമനോഹരമായ മെലോഡ്രാമകൾക്ക് പേര് കേട്ട കൊറിയൻ ഇൻഡസ്ട്രിയിൽ പിറന്ന “വൺ സ്പ്രിങ് നൈറ്റ്” പറയുന്നത്. ആവർത്തന വിരസത നിറഞ്ഞ സ്ഥിരം ഡ്രാമകൾക്ക് പകരം മനോഹരമായ ഒരു ഈ റിയലിസ്റ്റിക് മെലോഡ്രാമയാണ് പ്രേക്ഷകനെ കാത്തിരിക്കുന്നത്. സങ്കീർണതകൾ നിറഞ്ഞ ഒരു ബന്ധത്തിലുപരി സമൂഹത്തിൽ നിലനിൽക്കുന്ന പല പ്രാധാന്യമുള്ള വിഷയങ്ങളും സീരീസിൽ വളരെ ഗൗരവമായി തന്നെ പ്രതിപാദിക്കുന്നുണ്ട്.
മുപ്പതുകൾ പിന്നിട്ട രണ്ട് വ്യക്തികളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. നായകനായ യൂ ജി ഹോ ഒരു ഫാർമസ്റ്റിസ്റ്റാണ്, സ്വന്തം ജീവിതത്തിൽ, സമൂഹത്തിന് മുന്നിൽ അവൻ വെളിപ്പെടുത്താൻ മടിക്കുന്ന ഒരു വസ്തുതയുണ്ട്. ലൈബ്രേറിയനായ നായിക ജ്യോങ് ഇൻ, നാല് വർഷത്തോളമായി തൻ്റെ കാമുകനുമായി റിലേഷനിലാണ്. പക്ഷെ രണ്ട് പേർക്കുമിടയിലും കാര്യങ്ങൾ പരസ്പരം അത്ര സുഖകരമായിരുന്നില്ല. എന്നാൽ കൂടി ആ ബന്ധം ഇരുവരും മുന്നോട്ട് കൊണ്ട് പോകുന്നുമുണ്ട്. തീർത്തും അപരിചിതരായ യൂ ജി ഹോയും ജ്യോങ് ഇനും, ജി ഹോ ജോലി ചെയ്യുന്ന ഫാർമസിയിൽ വെച്ച് ആദ്യമായി കണ്ടു മുട്ടാൻ ഇട വരുന്നു. തുടർന്നുള്ള സങ്കീർണ്ണവും വൈകാരികവുമായ ഇരുവരുടെ ജീവിതത്തിലൂടെ കഥ മുന്നോട്ട് പോകുന്നു. വെല്ലുവിളികളും അവഗണയും എതിർപ്പുകളും നിറഞ്ഞ ഇരുവരുടെയും ജീവിതത്തിൻ്റെ കഥയാണ് ഈ റിയലിസ്റ്റിക് ഡ്രാമ പറയുന്നത്.
“സംതിങ് ഇൻ ദ റെയിൻ” എന്ന പ്രശസ്തമായ കെ-ഡ്രാമയുടെ സംവിധായകൻ-തിരക്കഥാകൃത്ത് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ഈ ഡ്രാമയിൽ മികച്ച സ്‌ക്രിപ്റ്റ്, മികച്ച സംവിധാനം എന്നിവയ്ക്കൊപ്പം മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ജ്യോങ് ഹേ ഇൻ്റെയും ഹാൻ ജി മിന്നിൻ്റെയും മനോഹരവും മികവുറ്റതുമായ പ്രകടനങ്ങളും ഈ ഡ്രാമയെ കൂടുതൽ മികച്ചതാക്കുന്നു. വസന്തകാല രാത്രി പോലെ മനോഹരമായ ഈ സീരീസ് റൊമാൻസ് പ്രേമികൾ മിസ്സ് ചെയ്യാതിരിക്കുക.