എം-സോണ്‍ റിലീസ് – 805
ഭാഷ | ഹംഗേറിയന്‍ |
സംവിധാനം | Kornél Mundruczó |
പരിഭാഷ | അഖിൽ ആന്റണി |
ജോണർ | Drama, Fantasy, Horror |
Kornél Mundruczó സംവിധാനം ചെയ്ത ഹംഗേറിയന്‍ ചിത്രമാണ് വൈറ്റ് ഗോഡ്. Zsófia Psotta, Sándor Zsótér, Bodie and Luke (നായ്ക്കള്‍) തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം ഒരു കുട്ടിയും അവരുടെ നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്.
തന്റെ അമ്മയ്ക്ക് മൂന്നുമാസം ജോലിസംബന്ധമായി വിദേശയാത്ര ചെയ്യേണ്ടിവന്നതിനാല്‍ അമ്മയുമായി പിരിഞ്ഞുജീവിക്കുന്ന അച്ഛനൊപ്പം അക്കാലം ചെലവഴിക്കാനായി അച്ഛനടുത്തേയ്ക്ക് വരികയാണ് പതിമൂന്നുകാരി ലില്ലിയും വളര്‍ത്തുനായയായ ഹാഗനും. ഒരു ക്രോസ്-ബ്രീഡ് നായയായ ഹാഗനെ അവിടെ വളര്‍ത്താനാവില്ല എന്ന ഫ്ലാറ്റ് സൊസൈറ്റിയുടെ തീരുമാനം തുടക്കത്തില്‍ അവര്‍ വകവെയ്ക്കുന്നില്ലെങ്കിലും പിന്നീടുണ്ടാവുന്ന ഒന്നുരണ്ട് ദുരനുഭവങ്ങള്‍ക്കുശേഷം ലില്ലിയുടെ അച്ഛന്‍ പെട്ടെന്നുള്ള ദേഷ്യത്തില്‍ ഹാഗനെ തെരുവില്‍ ഉപേക്ഷിക്കുന്നു. പിന്നീട് ഹാഗനെ തിരികെ കിട്ടാനായുള്ള ലില്ലിയുടെ ശ്രമങ്ങളും തന്റെ ജീവിതം ദുരിത പൂർണം ആക്കി തീർത്തവരോടുള്ള നായയുടെ പ്രതികാരത്തിന്റെ കഥയും കൂടിയാണ് ചിത്രം പറയുന്നത്.
തെരുവില്‍നിന്നും കിട്ടിയ ഇരട്ടനായ്ക്കളായ ബോഡിയും ലൂക്കുമാണ് ഹാഗന്‍ എന്ന നായയെ അവതരിപ്പിച്ചത്. ഏറ്റവുമധികം നായ്ക്കളെ ഒരു സിനിമയ്ക്കായി ഉപയോഗിച്ചതിനുള്ള ലോകറെക്കോര്‍ഡും ഈ ചിത്രത്തിനാണ്. 274 നായ്ക്കളെയാണ് ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. ചിത്രം 2014ലെ കാന്‍ ഫെസ്റ്റിവലില്‍ പുരസ്കാരം നേടിയിരുന്നു. 87മത് അക്കാദമി അവാര്‍ഡിനായുള്ള ഹംഗേറിയുടെ ഒഫീഷ്യല്‍ നോമിനി കൂടിയായിരുന്നു ഈ ചിത്രം.