എം-സോണ് റിലീസ് – 818
ഭാഷ | തമിഴ് |
സംവിധാനം | Pa. Ranjith |
പരിഭാഷ | സുഭാഷ് ഒട്ടുംപുറം |
ജോണർ | ആക്ഷൻ ഡ്രാമ |
കാലാ എന്നാൽ കറുപ്പ്.കറുപ്പ് അവർണ്ണന്റെ നിറം. നിറമില്ലാത്തവന്റെ നിറം. വെളുപ്പ് സവർണ്ണന്റേയും. ചിത്രത്തിലുട നീളം ഈ രണ്ടു നിറങ്ങൾ തമ്മിലുള്ള അന്തരം വ്യക്തമായി കാണിച്ചു തരുന്നുണ്ട് സംവിധായകൻ. ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളുടെ നേർക്ക് തിരിച്ചു വെച്ച കണ്ണാടിയാണ് കാല. രാജ്യത്ത് ഇന്നും നിലനിൽക്കുന്ന ജാതി വ്യവസ്ഥയുടെ ക്രൂരത കാണിക്കാൻ പാ. രഞ്ജിത് എന്ന സംവിധായകൻ സിനിമയെന്ന മാധ്യമത്തെ വളരെ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുകയാണിവിടെ.അത് പറയാൻ ഇന്ത്യയിലെ ഏറ്റവും വില കൂടിയ താരത്തെ തന്നെ ഉപയോഗിച്ചിരിക്കുന്നു. രജനീകാന്ത് എന്ന സൂപ്പർ താരം തന്റെ പതിവ് രീതികൾ ഉപേക്ഷിച്ച് കേവലം ഒരു നടൻ മാത്രമായിരിക്കുന്നു ഇവിടെ. ആര്യന്മാരുടെ വരവിനു മുൻപേ ഇവിടെ ഉണ്ടായിരുന്ന വംശത്തെ ആര്യന്മാർ എങ്ങനെ അടിമകളാക്കി വെച്ചു എന്ന ചരിത്രത്തെ ധാരാവിയിലേക്ക് പറിച്ചു നടുകയാണിവിടെ. പറയുന്നത് ഇന്ത്യയുടെ സമകാലീക അവസ്ഥ പറയാനുള്ള “ഇടം” ആണ് ധാരാവി.രാമായണം എന്ന ഇതിഹാസത്തെ രാവണന്റെ കാഴ്ചപ്പാടിലൂടെ നോക്കി കാണുകയാണിവിടെ.കാലാ എന്ന രാവണന്റെ കൈവശമുള്ള ധാരാവി എന്ന സീതയെ സ്വന്തമാക്കാനുള്ള ഹരി ദേവ് അഭയങ്കർ എന്ന മോഡേൺ രാമന്റെ ശ്രമങ്ങളാണ് കഥയുടെ ഇതിവൃത്തം.ദലിതരടക്കുള്ള പിന്നോക്ക സമുദായങ്ങളായ അസുര കുലത്തെ ഇല്ലായ്മ, ചെയ്യുക ,അല്ലെങ്കിൽ അടിമകളാക്കി നിലനിർത്തുക എന്ന ഹരിദാദയുടെ ലക്ഷ്യത്തെ സംഘടിത ശക്തിയിലൂടെ നേരിടുക എന്ന തന്ത്രമാണ് ഇവിടെ കാല ഉപയോഗിക്കുന്നത്. രാവണന്റെ ഒരു തല രാമൻ കൊയ്തപ്പോൾ അവിടെ മറ്റൊരു തല മുളച്ചു എന്നു പറയുന്നത് വളരെ വ്യക്തമായ ഉദ്ദേശത്തോടെയാണ്. ചിത്രത്തിലുടനീളം നിറഞ്ഞു നിൽക്കുന്ന ബുദ്ധ, അംബേദ്കർ ബിംബങ്ങൾ ദലിത് വിമോചന സൂചനകളാണ്.പെരിയാറും മാർക്സും അംബേദ്കറും നിറങ്ങളിലൂടെ പെയ്തു വരുന്ന ക്ലൈമാക്സ് വേറിട്ടു നിൽക്കുന്നു. ചിത്രത്തിൽ അഭിനയിച്ചവരെല്ലാം തന്നെ ഗംഭീര പ്രകടനം കാഴ്ച വെച്ച ചിത്രം ഒരു നടനെന്ന നിലയിൽ രജനീകാന്തിന് ഒരു പൊൻ തൂവലാണ്.
സുഭാഷ് ഒട്ടുംപുറം എഴുതുന്നു…
ഇന്ത്യ എന്ന മഹാരാജ്യം നൂറ്റാണ്ടുകളായി കണ്ടില്ലെന്ന് നടിക്കുന്ന ചില കാഴ്ചകളുണ്ട്. ഉടമകൾ അടിമകളാക്കപ്പെട്ട, അടിമകൾ വീണ്ടും വീണ്ടും അടിമകളാക്കപ്പെടുന്ന കാഴ്ച്ചകൾ. ഇതിഹാസങ്ങളും പുരാണങ്ങളും മുറുകെ പിടിച്ച അതേ ആശയങ്ങൾ സ്വാതന്ത്ര്യാനന്തരവും രാജ്യം തുടർന്നു വരുന്നു എന്നത് തന്നെ ഭയപ്പെടുത്തുന്ന, നിരാശപ്പെടുത്തുന്ന വസ്തുതയാണ്. ജാതീയതയുടെ പേരിൽ രണ്ട് തരത്തിലുള്ള അടിമത്വങ്ങളാണ് നിലനിൽക്കുന്നത്. ഒന്ന് മാനസികം. രണ്ട് ശാരീരികം. സ്വാതന്ത്യത്തിനു മുൻപ് ഇന്ത്യയിലെ എല്ലാ ഭാഗത്തും ഈ രണ്ട് രീതിയിലുള്ള അടിമത്വങ്ങളും വളരെ ഭയാനകമായ രീതിയിൽ നിന്നിരുന്നു.കേരളത്തിൽ, മഹാന്മാരായ നവോത്ഥാന നായകന്മാരുടെ പ്രവർത്തന ഫലമായി ശാരീരികമായ അടിമത്വം ഇല്ലാതെയായി എന്നു വേണമെങ്കിൽ പറയാം.പക്ഷേ, ഈ അടുത്ത കാലത്ത് വരുന്ന വാർത്തകളിൽ നിന്ന്, വീണ്ടും പഴയ സാമൂഹ്യ വ്യവസ്ഥിതിയിലേക്ക് നാം തിരിച്ചു പോകുന്നു എന്ന സ്ഥിതിവിശേഷം വന്നിരിക്കുന്നു എന്ന് കാണാം. കേരളത്തിനു പുറത്ത് ശാരീരികമായ അടിമത്വമാണ് നിലനിൽക്കുന്നത്. അതും ഭീകരമായി തന്നെ. കീഴാളന്മാർ പീഢനമനുഭവിക്കാൻ മാത്രം സൃഷ്ടിക്കപ്പെട്ടതാണ് എന്നതാണ് അവിടുത്തെ കാഴ്ച്ചപ്പാട്. മഹാനായ അംബേദ്കർ എഴുതിയ ഭരണ ഘടനക്ക് തരിമ്പും വില കൊടുക്കാത്ത മനുസൃമിതിക്ക് പ്രാധാന്യം കൊടുക്കുന്ന ആര്യന്മാർ. എങ്കിലും ദളിതർ ശാരീരികമായ അടിമത്വത്തെ ശാരീരികമായി തന്നെ നേരിടാൻ തുടങ്ങിയിട്ടുണ്ട്. പക്ഷേ, മാനസികമായ അടിമത്വത്തേയാണ് സൂക്ഷിക്കേണ്ടത്. മാനസികമായി വിധേയപ്പെട്ടിരിക്കുക എന്നു പറഞ്ഞാൽ പൂർണ്ണമായി അടിമപ്പെടുക എന്നാണർത്ഥം. രാജ്യത്തെ ജനസംഖ്യയിൽ 32.5% വരുന്ന ദളിതർ എന്തുകൊണ്ടായിരിക്കാം ഇത്തരമൊരു ജീവിത നിലവാരത്തിൽ തന്നെ ഇന്നും ഇരിക്കുന്നത്? അതിന് ഒത്തിരി കാരണങ്ങളുണ്ട്. ഒന്നാമത് സംഘടിതരല്ല എന്നതു തന്നെ കാരണം. പിന്നെ അറിവില്ലായ്മ. അറിവിന് വേണ്ടി തപസ്സ് ചെയ്ത ദളിതനായ ശംബൂകനെ കൊന്ന രാമന്റെ രാജ്യത്ത് ദളിതൻ എത്രകണ്ട് അറിവുള്ളവനാകാൻ കഴിയുമെന്നത് പ്രസക്തമായ ചോദ്യമാണ്. പിന്നെ 32.5 % വരുന്ന ജനസമൂഹം സംഘടിതരല്ല. അത് വളരെയധികം ചിന്തിക്കേണ്ട വസ്തുതയാണ്. സംഘടിക്കപ്പെടാൻ അനുവദിക്കില്ല എന്നതാണ് വസ്തുത. പഠിക്കുക, സമരംചെയ്യുക, സംഘടിക്കുക എന്ന അംബേദ്കറുടെ ആഹ്വാനം എത്ര കണ്ട് ദളിതർ പിൻപറ്റി എന്നത് അന്വേഷിക്കേണ്ട വസ്തുതയാണ്. മിക്കവാറും എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഒരു ദളിത് സംഘടനയുണ്ടാവും. അത് ദളിതരോടുള്ള സ്നേഹം കൊണ്ട് രൂപീകരിക്കപ്പെട്ട സംഘടനകൾ ഒന്നുമല്ലെന്ന് ദളിതരല്ലാത്ത എല്ലാവർക്കുമറിയാവുന്ന സത്യമാണ്. എക്കാലവും ഈ സമൂഹത്തെ വിധേയത്വമുള്ളവരാക്കി നിർത്താനും വോട്ട് ബാങ്ക് ആക്കി നില നിർത്താനുമുള്ള മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഇത്തരം സംഘടനകൾ.
മാതൃസംഘടനകളുടെ നിലപാടിനപ്പുറം സ്വന്തമായി അസ്തിത്വമില്ലാത്തവയാണ് ഈ സംഘടനകൾ. അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾ നിരസിക്കാനും രാജ്യത്തിന്റെ ഭരണം കൈയ്യാളുന്ന രാഷ്ട്രീയ വ്യവസ്ഥിതിയിലേക്ക് ദളിതൻ എത്തണമെന്നും ഉണ്ടെങ്കിൽ അംബേദ്കറുടെ മുദ്രാവാക്യത്തിന്റെ അന്തസത്ത ആദ്യം മനസ്സിലാക്കേണ്ടത് ദളിതർ തന്നെയാണ്. നിർഭാഗ്യകരമെന്ന് പറയട്ടെ അംബേദ്കറുടേയും അയ്യങ്കാളിയുടേയും ചിത്രങ്ങൾ പതിക്കേണ്ട വീട്ടു ചുവരുകൾ, മറ്റു പലർക്കുമായി ഭാഗിച്ചു നൽകിയിരിക്കുകയാണ്. ഇന്ത്യ കണ്ട മഹാന്മാരായ നേതാക്കൾ ജാതി നിർമ്മാർജ്ജനത്തിനെതിരെ ഒരു വാക്കു പോലും സംസാരിച്ചിട്ടില്ല എന്നതു ശ്രദ്ധേയമാണ്. അംബേദ്കർ ഒഴികെ. ജാതി വ്യവസ്ഥിതിയുടെ ഗുണമനുഭവിക്കുന്ന വരേണ്യവർഗ്ഗം ഒരിക്കലും ജാതി നിർമാർജനം ചെയ്യാൻ ആഗ്രഹിക്കില്ല എന്നത് ഒരു വസ്തുതയാണ്. അവരത് സൗകര്യപൂർവ്വം മറന്നുകളയുകയാണ്. യഥാർത്ഥത്തിൽ ഇതിന്റെ ദുരിതമനുഭവിക്കുന്ന ജനവിഭാഗം ഇനിയെങ്കിലും ഇതിനെ എതിർക്കാതിരുന്നാൽ അംബേദ്കർ തെളിയിച്ചു തന്ന ഇത്തിരിവെട്ടം കെട്ടു പോവുകയേ ഉള്ളൂ.