Sakamoto Days Season 01
സകമോട്ടോ ഡേയ്സ് സീസൺ 01 (2025)

എംസോൺ റിലീസ് – 3605

2022-ൽ പുറത്തിറങ്ങിയ സകമോട്ടോ ഡേയ്സ് എന്ന മാങ്കയെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ആനിമേ സീരീസാണ് സകമോട്ടോ ഡേയ്സ്.

അതിശക്തനും കുറ്റവാളികളുടെ പേടിസ്വപ്നവുമായ ഹിറ്റ്മാൻ താരോ സകമോട്ടോ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാകുന്നു. തന്റെ ചോരപുരണ്ട ഭൂതകാലം ഉപേക്ഷിച്ച് ഒരു സാധാരണ ജീവിതം നയിക്കാൻ അയാൾ തീരുമാനിക്കുന്നു. വിവാഹശേഷം കുടുംബത്തോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്ന സകമോട്ടോയുടെ രൂപവും ഭാവവും മൊത്തത്തിൽ മാറി പോവുന്നു. ഒരിക്കൽ തന്റെ ഭൂതകാലവുമായി ബന്ധപ്പെട്ട ഒരാൾ സകമോട്ടോയെ തേടിയെത്തുന്നതോടെ, ഒന്നിനുപുറകെ ഒന്നായി കരുത്തരായ ശത്രുക്കൾ സകമോട്ടോയുടെ സ്വൈര്യ ജീവിതത്തിന് തടസ്സമായി എത്തുന്നു.

ആരാണിവർ? സകമോട്ടോയുമായി ഇവർക്കെന്ത് ബന്ധം? എന്തിനാണ് അവർ അയാളെ വേട്ടയാടുന്നത്? ഇതിന് പിന്നിലെ യഥാർത്ഥ സൂത്രധാരൻ ആരാണ്? ഇതിൽ നിന്നും പ്രിയപ്പെട്ടവരെ സംരക്ഷിക്കാൻ സകമോട്ടോയ്ക്ക് കഴിയുമോ? എന്നീ ചോദ്യങ്ങളിലൂടെയുള്ള യാത്രയാണ് ആനിമേയുടെ ഇതിവൃത്തം.

പാടി പഴകിയ പ്ലോട്ടിലൂടെയാണ് കഥ തുടങ്ങുന്നതെങ്കിലും, ഇതിലെ ആക്ഷൻ, മാസ്സ് രംഗങ്ങളും അതിനോടൊപ്പം ചേർന്ന് പോവുന്ന കോമഡിയും പ്രേക്ഷകർക്ക് തികച്ചും പുത്തൻ അനുഭവമായിരിക്കും. ജോൺ വിക്ക് പോലുള്ള സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു കമ്പ്ലീറ്റ് ആക്ഷൻ പാക്കേജാണീ ആനിമേ.