എം-സോണ്‍ റിലീസ് – 249
ഭാഷ | സെർബിയൻ |
സംവിധാനം | Goran Radovanovic |
പരിഭാഷ | ഉമ്മർ ടി കെ |
ജോണർ | ഡ്രാമ |
യുദ്ധത്തിനു ശേഷവും കൊസോവോയിൽ താമസം തുടർന്ന സെർബിൻ വംശജരുടെ ദുരിതവും ഒറ്റപ്പെടലുമാണ്, ഗോറാൻ റാഡോവനോവിക് സംവിധാനം ചെയ്ത ഈ ചിത്രം പ്രതിപാദിക്കുന്നത്. സെർബിയൻ വംശജനായ നെനാദ് അവൻ പഠിക്കുന്ന സ്കൂളിലെ ഏക വിദ്യാർത്ഥിയാണ്. ആ സ്കൂളിലെ ഏക അധ്യാപികയും വിട്ടു പോകുന്നതോടെ അവന്റെ വിദ്യാഭ്യാസവും തടയപ്പെടുന്നു, മരണാസന്നനായ മുത്തച്ഛൻ മാത്രമാണ് പിന്നെയവന് കൂട്ടുള്ളത്. സെർബിയൻ ക്രിസ്ത്യാനികളായ അവർ, അൽബേനിയൻ മുസ്ലിങ്ങളാൽ ചുറ്റപ്പെട്ട ഒരു സ്ഥലത്താണ് ജീവിക്കുന്നത്. അൽബേനിയക്കാരുടെ വാസസ്ഥലങ്ങളിലൂടെ കടന്നു പോരുന്ന പട്ടാള ട്രക്കിലാണ് നെനാദ് സ്കൂളിൽ പോയിക്കൊണ്ടിരുന്നത്. പാതിരിയും , ശുശ്രൂഷകൾക്കായും മറ്റും ഇതേ ട്രക്കിലാണ് വന്നും പോയും കൊണ്ടിരിക്കുന്നത്. മതവും വിശ്വാസവും വംശത്തനിമയും സംരക്ഷിക്കാൻ ആധുനിക മർദനോപകരണമായ പട്ടാളകവചം ഉപയോഗിക്കുന്നതിന്റെ അപഹാസ്യതയും ദയനീയതയുമാണ് കാണിളകളെ സ്തബ്ധരാക്കുന്നത്. അൽബേനിയൻ കുട്ടികളുമായി അടുക്കാനും കൂടെ കളിക്കാനും നെനാദ് ശ്രമിക്കുന്നുണ്ട്. പക്ഷെ , ഏതൊരു യുദ്ധ-യുദ്ധാനന്തര കാലത്തുമെന്നതു പോലെ അവരുടെ കളികളും യുദ്ധോത്സുകതയായും തോക്കിനാലും വെടിവെപ്പിനാലും മറ്റുമാണ് തയ്യാർ ചെയ്യപ്പെട്ടിരിക്കുന്നത്. അൽബേനിയൻ മുസ്ലിം ഭൂരിപക്ഷത്തെ സംബന്ധിച്ചുള്ള ഭീതിയും അന്യഥാത്വവും കലർന്ന മനോഭാവം ചിത്രത്തെ ചൂഴ്ന്നു നിൽക്കുന്നുണ്ട്.