എം-സോണ്‍ റിലീസ് – 751
ഭാഷ | ജാപ്പനീസ് |
സംവിധാനം | Shôhei Imamura |
പരിഭാഷ | രാജൻ കെ.കെ നര്‍ക്കിലക്കാട് |
ജോണർ | ഡ്രാമ |
രൂക്ഷമായ ദാരിദ്ര്യം നടമാടുന്ന 19-ാം നൂറ്റാണ്ടിലെ ഉത്തര ജപ്പാന് ഉള്‍നാടന്‍ ഗ്രാമത്തില്‍ എഴുപതു കഴിഞ്ഞ വൃദ്ധ ജനങ്ങളെ സമൂഹത്തില്‍ നിന്ന് അകറ്റാനായി പഴയ തലമുറയിലുള്ളവര്‍ നടപ്പാക്കി വന്നിരുന്ന ഒരാചാരം- അവര്‍ ഗ്രാമം വിട്ടു ദൈവങ്ങള്‍ കുടികൊള്ളുന്ന നരയാമ പര്‍വതത്തിനു മുകളില്‍ കയറി സ്വയം മരണം വരിക്കുക. ‘ ‘ഒബസുതേയമ’ എന്ന പേരിലാണ് ഈ ആചാരം അറിയപ്പെടുന്നത്. ഇതിനോടാരെങ്കിലും വിഘടിച്ചു നില്ക്കാന് ശ്രമിച്ചാല്‍ അവര്‍ കുടുംബത്തിനും സമൂഹത്തിനും കളങ്കമുണ്ടാക്കുമെന്നാണ് വിശ്വാസം. ഓറിന് എന്ന വൃദ്ധ 69 കഴിഞ്ഞ് എഴുപതിലേക്കു കടക്കാനുള്ള ഊഴം കാത്തുകഴിയുന്നു. വൃദ്ധയുടെ മൂത്ത മകനും അമ്മയോടൊപ്പം പോകാന്‍ ആഗ്രഹിക്കുന്നു.അയാള്‍ അവരെ മലമുകളിലേക്കു കൊണ്ടുപോകും. പക്ഷെ മല കയറുന്നതിനു മുമ്പ് അവര്‍ക്ക് കുടുംബത്തിലെ എല്ലാ കാര്യങ്ങളും നേരെയാക്കേണ്ടതുണ്ട്. പക്ഷെ, അവരുടെ ആഗ്രഹമനുസരിച്ചല്ല കാര്യങ്ങള്‍ നടക്കുന്നത്. മൂത്ത മകന്റെ ഭാര്യ മരിച്ചു പോയതാണ്.കുടുംബത്തിന്റെ ചുമതല കൂടി വരുന്ന പെണ്ണിനെ ഏല്‍പ്പിച്ചു വേണം അവര്‍ക്ക് പോകാന്‍. കുടുംബ കാര്യങ്ങള്‍ വൃദ്ധ അവളെ പരിശീലിപ്പിക്കുന്നു. സമൂഹം കുറ്റവാളിയായി കാണുന്ന ഒരു പെണ്‍കുട്ടിയാണ് രണ്ടാമത്തെ മകന് കെസാക്കിച്ചിയുടെ കാമുകി.അവളെയും കുടുംബത്തേയും ഗ്രാമീണര്‍ തന്നെ ജീവനോടെ ഇല്ലാതാക്കുന്നു. നാറുന്ന അസുഖമുള്ളതു കാരണം മൂന്നാമത്തെ മകന് റിസുകെയെ ഒരു പെണ്ണും അടുപ്പിക്കുന്നില്ല. ഒരു ദിവസത്തേക്കെങ്കിലും അവന് ഒരു പെണ്ണിനെ അറിയാനും വൃദ്ധ തന്നെ മുന്‍കയ്യെടുക്കുന്നു.പിന്നീട് തന്നോടൊപ്പം വരാനുള്ള മകനുമായി മലമുകളിലേക്കു കയറാനുള്ള തയാറെടുപ്പ് നടത്തുന്നു. ശവം തിന്നുന്ന കരിങ്കാക്കകള്‍ പറക്കുന്ന മലയില്‍ മരണം കാത്ത് അധികനാള്‍ കഴിയേണ്ടി വരില്ല എന്ന സത്യവും സംവിധായകന് കാണിക്കുന്നുണ്ട്. പര്‍വതത്തിനു മുകളില്‍ പറന്നു നടക്കുന്ന കാക്കകളുടെ ദൃശ്യം തന്നെ ഭീതിപ്പെടുത്തുന്നതാണെങ്കിലും വൃദ്ധയ്ക്കു അതില്‍ യാതൊരു കൂസലുമില്ല എന്നത് സമൂഹത്തിലെ ആചാരം നടന്നു കാണണമെന്ന ആഗ്രഹമാണെന്ന സാധൂകരണമാണ് നിരൂപകര്‍ വിലയിരുത്തിയിട്ടുള്ളത്.
സെക്സും വയലന്‍സും പൊതുവെ ഇമാമുറയുടെ ചിത്രങ്ങളില്‍ പ്രകടമാണ്.രണ്ടാമത്തെ മകന്റെ കാമുകിയെയും കുടുംബത്തെയും ഇല്ലാതാക്കുന്ന ഗ്രാമീണരുടെ ദൃശ്യം തന്നെ ചിത്രത്തില്‍ വയലന്‍സ് ചിത്രീകരിക്കുന്നതിന് ഉദാഹരണമാണ്. പക്ഷെ,അവയൊക്കെ കഥയോടിണങ്ങുന്ന വിധത്തിലാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്. മലയിലും കൃഷിസ്ഥലങ്ങളിലും വച്ചുള്ള ഇണചേരലുകള് സിനിമയുടെ കഥാതന്തുവിന് അനുസൃതമാണെങ്കിലും ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതത്തില്‍ പ്രകൃതിയുടെ സ്ഥാനം എന്തെന്നു വെളിവാക്കാന്‍ വേണ്ടി സംവിധായകന് പ്രകടിപ്പിക്കുന്ന മികവായാണ് കണക്കാക്കിയിട്ടുള്ളത്. കഥയുടെ വൈകാരികതയ്ക്കു വേണ്ടി ഒരുക്കിയ ഈ ദൃശ്യങ്ങള്‍ വശ്യതയും വന്യതയും ഒപ്പം പ്രദാനം ചെയ്യുന്നു.
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം പാം ഡി ഓര് നേടിയിട്ടുണ്ട്. മികച്ച നടനും മികച്ച ചിത്രത്തിനും ശബ്ദമിശ്രണത്തിനുമുള്ള ജപ്പാനീസ് അവാര്‍ഡും നേടിയിട്ടുണ്ട്. ഹോച്ചി ഫിലിം ഫെസ്റ്റിവലില്‍ ശബ്ദ ലേഖനത്തിനും നടനും നടിക്കും പുരസ്കാരം ലഭിച്ചു.