എം-സോണ്‍ റിലീസ് – 258
ഭാഷ | ഹംഗേറിയൻ |
സംവിധാനം | Miklós Jancsó |
പരിഭാഷ | കെ. രാമചന്ദ്രൻ |
ജോണർ | ഡ്രാമ |
പതിനഞ്ചു വർഷം മുമ്പ് തന്റെ അച്ഛൻ അഗമെമ്നനെ വധിച്ചാണ് ഇളയച്ഛൻ എജിസ്തസ് ഏകാധിപതിയായി വാഴുന്നത് എന്നത് എലെക്ട്രയെ നിരന്തരം അലട്ടുന്നു. എജിസ്തസ്സിന്റെയും കൂട്ടാളികളുടെയും ദുർഭരണം എലെക്ട്രയ്ക്കുണ്ടാക്കുന്ന വിമ്മിഷ്ടം ചെറുതല്ല. ഒരു നാട് മുഴുവൻ ഭയത്തിന്റെ മുൾമുനയിലാണ്. സ്വാതന്ത്ര്യത്തിനുവേണ്ടി ദാഹിക്കുന്ന എലക്ട്ര പ്രതികാരത്തിനായി സഹോദരൻ ഒറെസ്തിസ് എത്തുമെന്ന പ്രതീക്ഷയിലാണ്. ഒടുവിൽ, ഒറെസ്തിസ് ദൂതന്റെ വേഷത്തിൽ എത്തി ഒറെസ്തിസ് മരിച്ചതായി രാജാവിനെ അറിയിക്കുന്നു. കുപിതയായ എലെക്ട്ര അവനെ വധിക്കുന്നു. പക്ഷെ അവൻ ജീവനോടെ തിരിച്ചുവരുന്നു. തന്റെ സഹോദരനാണ് അതെന്നും, വിമോചകന്നു മരണമില്ലെന്നും ബോധ്യപ്പെടുന്ന എലെക്ട്ര ഏകാധിപത്യത്തിന്നെതിരെയുള്ള പോരാട്ടത്തിന് ഒറെസ്തിസിനോടൊപ്പം ചേരുന്നു.
രണ്ടായിരം വർഷം മുമ്പുള്ള, ഗ്രീക്കുപുരാണത്തിലെ ഈ കഥയുടെ അന്ത്യത്തിൽ ആധുനികതയുടെ ചിഹ്നമായ ഒരു ചുവന്ന ഹെലികോപ്ടർ വന്നിറങ്ങുന്നു. എലെക്ട്രയും ഒറെസ്തിസും അതിൽ കയറി ഉയരുന്നു. കാലാതീതമാണ് ഇവിടെ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ പ്രമേയങ്ങൾ എന്ന സൂചന ഇതിലുണ്ട്. ചിത്രത്തിലെ കർഷകർക്കെന്ന പോലെ പ്രേക്ഷകർക്കും നല്ല ഒരു ഭാവിയെക്കുറിച്ച് ശുഭ പ്രതീക്ഷ നൽകുന്ന ഒരു പ്രതീകമായാണ് ബ്രയൻ ബേൺസ് ഇതിനെ വിശേഷിപ്പച്ചത്.